ഇന്ത്യയ്ക്ക് ഒരുപാട് നേട്ടങ്ങളുമായി ഐസിസിയുടെ പുതിയ റാങ്കിങ്ങുകൾ പുറത്തുവന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ബോളറായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മാറി എന്നതാണ് റാങ്കിംഗിൽ വളരെ ശ്രദ്ധേയകരമായ കാര്യം. ഇംഗ്ലണ്ടിന്റെ പേസർ ജെയിംസ് ആൻഡേഴ്സനെ പിന്തള്ളിയാണ് അശ്വിൻ റാങ്കിങ്ങിൽ ഒന്നാമത് എത്തിയത്. നിലവിൽ 864 റേറ്റിംഗ് പോയിന്റുകളോടെയാണ് അശ്വിൻ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്. 859 റേറ്റിംഗ് പോയിന്റുകളാണ് ജെയിംസ് ആൻഡേഴ്സൻ സ്വന്തമാക്കിയിട്ടുള്ളത്. 858 റേറ്റിംഗ് പോയിന്റുകളുമായി ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് തൊട്ടുപിന്നിലുണ്ട്.
ഇതിനൊപ്പം ടെസ്റ്റ് ഓൾറൗണ്ടർ റാങ്കിങ്ങിൽ ജഡേജയും അശ്വിനും തങ്ങളുടെ സ്ഥാനങ്ങൾ നിലനിർത്തിയിട്ടുണ്ട്. നിലവിൽ 460 റേറ്റിംഗ് പോയിന്റുകളോടെയാണ് ജഡേജ റാഗിംങ്ങിൽ ഒന്നാം സ്ഥാനത്ത് നിലനിൽക്കുന്നത്. 376 റേറ്റിംഗ് പോയിന്റുകളുമായി രവിചന്ദ്രൻ അശ്വിനാണ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ ഓൾറൗണ്ടർ അക്ഷർ പട്ടേൽ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്ത് 283 റേറ്റിംഗ് പോയിന്റുകളുമായി നിൽക്കുന്നു. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മികവാർന്ന പ്രകടനങ്ങളാണ് ഈ ഓൾറൗണ്ടർമാരുടെ റേറ്റിംഗ് പോയിന്റ്കളിലെ കുതിച്ചുചാട്ടത്തിന് കാരണം.
നിലവിൽ ട്വന്റി20 ടീമുകളുടെ റാങ്കിങ്ങിലും ഏകദിന ടീമുകളുടെ റാങ്കിങ്ങിലും ഇന്ത്യ ഒന്നാംസ്ഥാനത്ത് തുടരുന്നുണ്ട്. എന്നാൽ ടെസ്റ്റ് ടീമുകളുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്. 126 പോയിന്റുകളോടെ ഓസീസാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയയെക്കാൾ 11 പോയിന്റ്കളുടെ കുറവാണ് ഇന്ത്യയ്ക്ക് നിലവിലുള്ളത്. ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ 906 റേറ്റിംഗ് പോയിന്റുകളുമായി സൂര്യകുമാർ യാദവ് ഒന്നാംസ്ഥാനത്ത് തുടരുന്നു. 836 പോയിന്റുകളുള്ള പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാനാണ് രണ്ടാമത്.
ഏകദിന ബോളർമാരുടെ റാങ്കിങ്ങിൽ 729 റൈറ്റിംഗ് പോയിന്റുകളോടെ സിറാജ് ഒന്നാമത് തുടരുന്നുണ്ട്. രണ്ടു പോയിന്റുകൾ മാത്രം കുറവുള്ള ഓസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡാണ് റാങ്കിങ്ങിൽ രണ്ടാമത്. എന്തായാലും ഐസിസി റാങ്കിങ്ങിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.