അവനെ പുറത്താക്കാൻ ധൈര്യം കാണിക്കണം :ആവശ്യവുമായി മുൻ താരം

ഇന്ത്യ : സൗത്താഫ്രിക്ക ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം സസ്പെൻസുകൾ ഏറെ സമ്മാനിച്ചാണ് പുരോഗമിക്കുന്നത്. നാലാം ദിനം 305 റൺസ്‌ എന്നുള്ള ഇന്ത്യൻ വിജയലക്ഷ്യം പിന്തുടരുന്ന സൗത്താഫ്രിക്കൻ ടീം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന സ്കോറിലാണ്. അവസാന ദിനം 6 വിക്കറ്റുകൾ കൂടി വീഴ്ത്തി മറ്റൊരു ജയം സൗത്താഫ്രിക്കൻ മണ്ണിൽ നേടാമെന്നാണ് വിരാട് കോഹ്ലിയും സംഘവും ഒരുവേള പ്രതീക്ഷിക്കുന്നത് എങ്കിലും അവസാന ദിനം സെഞ്ചൂറിയനിൽ മഴ ഭീക്ഷണി സൃഷ്ടിക്കുമെന്നാണ് സൂചന. എന്നാൽ ബൗളർമാരുടെ മികച്ച പ്രകടനത്തിലും ഏറെ നിരാശ സമ്മാനിക്കുന്നത് സീനിയർ ബാറ്റ്‌സ്മാന്മാരുടെ മോശം ഫോമാണ്. ടെസ്റ്റ്‌ ക്രിക്കറ്റിലെ തന്നെ സ്പെഷ്യൽ ബാറ്റ്‌സ്മാനായി അറിയപ്പെടുന്ന പൂജാരയുടെ മോശം ബാറ്റിങ് പ്രകടനം സെഞ്ചൂറിയൻ ടെസ്റ്റിലും ആവർത്തിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്.

ഒന്നാം ഇന്നിങ്സിൽ നേരിട്ട ആദ്യത്തെ ബോളിൽ ഗോൾഡൻ ഡക്കായി തന്റെ വിക്കറ്റ് നഷ്ടമാക്കിയ പൂജാര രണ്ടാം ഇന്നിങ്സിൽ ലഭിച്ച മികച്ച തുടക്കം പോലും ഉപയോഗിക്കാൻ കഴിയാതെ പുറത്തായി. ശ്രേയസ് അയ്യർ, വിഹാരി അടക്കം മികച്ച ഫോമിലുള്ള താരങ്ങളെ ഒഴിവാക്കി ടീം മാനേജ്മെന്റ് പൂജാരക്ക് അവസരം കൊടുക്കുന്നതാണ് രൂക്ഷ വിമർശനത്തിനുള്ള പ്രധാന കാരണം. ഈ കാര്യം ഇപ്പോൾ വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം മദൻ ലാൽ.”പൂജാര പൂർണ്ണമായി ബാറ്റിങ്ങിൽ പരാജയമാണ് ഇപ്പോൾ. അദ്ദേഹം ഓരോ ഇന്നിങ്സിലും വ്യത്യസ്ത രീതികളിൽ പുറത്താക്കുന്നത് നാം കാണുന്നുണ്ട്. യുവ താരങ്ങൾ അവസരങ്ങൾക്കായി ഡ്രസിങ് റൂമിൽ കാത്തിരിക്കുമ്പോൾ പൂജാരയെ ഇന്ത്യൻ ടീം പ്ലെയിങ് ഇലവനിൽ നിന്നും മാറ്റാൻ ടീം മാനേജ്മെന്റ് ധൈര്യം കാണിക്കണം ” മുൻ ആൾറൗണ്ടർ അഭിപ്രായം തുറന്ന് പറഞ്ഞു.

“ഏതൊരു ടീമും നായകനും ടെസ്റ്റിൽ മൂന്നാം നമ്പറിൽ ആഗ്രഹിക്കുന്നത് ഏറെ സമയം ക്രീസിൽ നിലയുറപ്പിച്ചു കളിക്കുന്ന ഒരു ബാറ്റ്‌സ്മാനെയാണ്. എന്നാൽ ഇന്ന് പൂജാരക്ക്‌ അതിന് സാധിക്കുന്നില്ല. അദ്ദേഹം ഓരോ റൺസും നേടാനായി വളരെ അധികം പ്രയാസപെടുകയാണ്. ടീം മാനേജ്മെന്റ് ഇനിയെങ്കിലും പൂജാരയുടെ സ്ഥാനത്തെ കുറിച്ച് ചിന്തിക്കണം.മൂന്നാം നമ്പറിൽ കളിക്കാൻ അർഹരായിട്ടുള്ള അനേകം യുവ താരങ്ങളുണ്ട്. ഈ താരത്തെ മാറ്റാനുള്ള ധൈര്യം വേഗം കാണിക്കണം “മദൻ ലാൽ ആവശ്യം ശക്തമാക്കി.