സഞ്ജുവിനെ ടെസ്റ്റ്‌ ടീമിലേക്ക് വിളിക്കണം. സ്പിന്നിനെതിരെ അവൻ കളിക്കും. മുൻ ന്യൂസിലന്‍റ് താരം പറയുന്നു

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവിചാരിതമായ പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. തുടർച്ചയായി 3 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ ദയനീയമായ പരാജയം ഏറ്റുവാങ്ങി. മുംബൈയിൽ നടന്ന അവസാന ടെസ്റ്റ് മത്സരത്തിൽ 25 റൺസിനാണ് ഇന്ത്യ പരാജയം നേരിട്ടത്. കേവലം 147 റൺസ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയിക്കാൻ വേണ്ടത്.

എന്നാൽ ഇന്ത്യയുടെ ബാറ്റർമാർ പരാജയപ്പെട്ട സാഹചര്യത്തിൽ 121 റൺസിന് ടീം ഓൾഔട്ടായി. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പൂർണ്ണ പരാജയം ഏറ്റുവാങ്ങേണ്ടി വരുന്നത്. ഇതിന് ശേഷം വലിയ വിമർശനങ്ങളാണ് ഇന്ത്യൻ ടീമിനെതിരെ പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ ആവശ്യമാണ് എന്ന് മുൻ ന്യൂസിലാൻഡ് താരം സൈമൺ ഡൂൾ പറയുകയുണ്ടായി. സഞ്ജു സാംസണെ പോലെയുള്ള താരങ്ങളെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തണം എന്നാണ് ഡൂൾ പറയുന്നത്.

സ്പിന്നിനെതിരെയാണ് പരമ്പരയിൽ ഇന്ത്യ വലിയ പോരായ്മകൾ നേരിട്ടത്. അതുകൊണ്ടു തന്നെ സ്പിന്നിനെതിരെ മികവ് പുലർത്താൻ സാധിക്കുന്ന താരങ്ങളെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഡൂൾ പറയുന്നു. നിലവിൽ സഞ്ജു സാംസൺ ഇക്കാര്യത്തിൽ മികവ് പുലർത്തിയിട്ടുണ്ട് എന്ന് ഡൂൾ നിരീക്ഷിക്കുന്നു. ഒപ്പം ശ്രേയസ് അയ്യരെ പോലെയുള്ള താരങ്ങളെയും ഇന്ത്യ ടെസ്റ്റിലേക്ക് പരിഗണിക്കണമെന്ന് ഡൂൾ കൂട്ടിച്ചേർക്കുന്നു. അല്ലാത്തപക്ഷം ഇനിയും ഇന്ത്യ ഇത്തരത്തിൽ പൂർണ്ണമായ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വരും എന്നാണ് ഡൂളിന്റെ നിഗമനം.

“സ്പിന്നിനെതിരെ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കുന്ന താരങ്ങളെ ഇന്ത്യ തങ്ങളുടെ ടീമിലേക്ക് ഉൾപ്പെടുത്തേണ്ടതുണ്ട്. സഞ്ജു സാംസനും ശ്രേയസ് അയ്യരുമൊക്കെ ഇത്തരത്തിൽ മികവ് പുലർത്താൻ സാധിക്കുന്ന താരങ്ങളാണ്. ഇരുവരെയും ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്താൻ തയ്യാറാവണം.”- സൈമൺ ഡൂൾ പറയുന്നു.

147 എന്ന ചെറിയ വിജയലക്ഷം മുന്നിൽ കണ്ടിറങ്ങിയ ഇന്ത്യ മത്സരത്തിൽ തകർന്നടിയുകയായിരുന്നു. ന്യൂസിലാൻഡിന്റെ സ്പിന്നർമാർക്ക് മുൻപിൽ ഇന്ത്യൻ മുൻനിര ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കണ്ടത്. മാത്രമല്ല ഇന്ത്യൻ നായകൻ രോഹിത് ശർമ അടക്കമുള്ള താരങ്ങൾ അനാവശ്യ ഷോട്ടുകൾ കളിച്ചാണ് പുറത്തായത്.

ഇതോടെ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 29 എന്ന രീതിയിൽ തകർന്നുവീണു. പിന്നീട് അർധസെഞ്ച്വറി നേടിയ ഋഷഭ് പന്താണ് ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷകൾ നൽകിയത്  പക്ഷേ അജാസ് പട്ടേലിന്റെ പന്തിൽ വിവാദപരമായ ഒരു തീരുമാനത്തിലൂടെ പന്ത് മടങ്ങിയതോടെ ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തി വീണു. മത്സരത്തിൽ 25 റൺസകലയാണ് ഇന്ത്യയ്ക്ക് അടിതെറ്റിയത്. ഇന്നിംഗ്സിൽ 57 റൺസ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റുകൾ സ്വന്തമാക്കാൻ അജാസ് പട്ടേലിന് സാധിച്ചു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ നിരയിലെ 5 ബാറ്റർമാരെയും അജാസ് പുറത്താക്കിയിരുന്നു.

Previous articleഇനി അവന്‍ ഒരിക്കലും ഈ തെറ്റ് വരുത്തില്ല. പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍.
Next articleഓസ്ട്രേലിയയിലേക്ക് നേരത്തെ വണ്ടികയറി ഈ രണ്ട് താരങ്ങള്‍. ഇന്ത്യ എ ടീമിനായി പരിശീലനമത്സരം കളിക്കും.