ഏകദിന ലോകകപ്പിന് ശേഷം ലോക ക്രിക്കറ്റ് ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന മറ്റൊരു ടൂർണമെന്റാണ് 2024ലെ ട്വന്റി20 ലോകകപ്പ്. ട്വന്റി20 ലോകകപ്പിനായി യുവതാരങ്ങൾ അടങ്ങുന്ന ഒരു നിരയെയാണ് ഇന്ത്യ ഇത്തവണ സജ്ജമാക്കുന്നത്. അതിന്റെ ഭാഗമായി സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയവരെ ട്വന്റി20 ടീമിൽ നിന്നും അകറ്റി നിർത്തുകയാണ് ഇന്ത്യ.
ഇനി രോഹിത് ശർമയും വിരാട് കോഹ്ലിയും ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുമോ എന്ന ചോദ്യം വലിയ രീതിയിൽ അലയടിക്കുന്നുണ്ട്. എന്നാൽ ഇരുവരെയും 2024 ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇന്ത്യ പരിഗണിക്കണം എന്നാണ് മുൻ പാക്കിസ്ഥാൻ താരം വസീം അക്രം ഇപ്പോൾ പറയുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ഇരു ബാറ്റർമാരുടെയും പരിചയസമ്പന്നത ട്വന്റി20 ലോകകപ്പിൽ ആവശ്യമാണ് എന്ന് വസീം അക്രം ചൂണ്ടിക്കാട്ടുന്നു. “ട്വന്റി20 ലോകകപ്പിന് ഇനി കേവലം മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഞാനായിരുന്നുവെങ്കിൽ രോഹിത് ശർമയേയും വിരാട് കോഹ്ലിയെയും ടീമിലേക്ക് തിരഞ്ഞെടുത്തെനെ.
അവരാണ് ഇന്ത്യയുടെ പ്രധാന കളിക്കാർ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ട്വന്റി20 മത്സരങ്ങളിൽ നമുക്ക് അല്പം പരിചയ സമ്പന്നത ആവശ്യം തന്നെയാണ്. എല്ലായിപ്പോഴും യുവതാരങ്ങളെ മാത്രം ആശ്രയിക്കാൻ സാധിക്കില്ല.”- വസീം അക്രം സ്പോർട്സ് കീഡയോട് പറഞ്ഞു.
മുൻപ് ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീറും ഇതേ സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കുകയുണ്ടായി. ഇന്ത്യ രോഹിതിനെ ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം എന്നായിരുന്നു ഗംഭീർ പറഞ്ഞത്. ഒരു ബാറ്ററായി മാത്രമല്ല നായകനായും രോഹിത്തിനെ ഇന്ത്യ പരിഗണിക്കണമെന്നും ഗംഭീർ കൂട്ടിച്ചേർക്കുകയുണ്ടായി. “രോഹിതിനെയും കോഹ്ലിയെയും ഇന്ത്യ ട്വന്റി20 ടീമിലേക്ക് തെരഞ്ഞെടുക്കണം.
അത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. മാത്രമല്ല ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നായകനായി കാണാൻ ഞാൻ കാണാൻ ആഗ്രഹിക്കുന്നത് രോഹിത് ശർമയെ തന്നെയാണ്.”- ഗൗതം ഗംഭീർ പറഞ്ഞു.
രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും ഗംഭീര റെക്കോർഡ് തന്നെയാണ് ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഉള്ളത്. ഇന്ത്യയ്ക്കായി ഇതുവരെ 148 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങൾ രോഹിത് കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 3853 റൺസാണ് രോഹിത് സ്വന്തമാക്കിയത്. 4 സെഞ്ച്വറികളും 29 അർദ്ധസെഞ്ച്വറികളും ഇന്ത്യക്കായി നേടാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്.
മറുവശത്ത് വിരാട് കോഹ്ലി 115 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 4008 റൺസാണ് നേടിയത്. ഒരു സെഞ്ച്വറിയും 37 അർത്ഥ സെഞ്ച്വറിയുമാണ് കോഹ്ലി ഇന്ത്യക്കായി ട്വന്റി20കളിൽ നേടിയിട്ടുള്ളത്. ഇത്ര മികച്ച റെക്കോർഡുള്ള താരങ്ങളെ ട്വന്റി20 ലോകകപ്പിൽ നിന്നും മാറ്റി നിർത്തുന്നത് ഇന്ത്യയെ ബാധിച്ചേക്കും.