“ഇനി ഇന്ത്യ അബദ്ധം കാട്ടരുത്, രണ്ടാം ടെസ്റ്റിൽ അവനെ കളിപ്പിക്കണം”, മഞ്ജരേക്കർ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 280 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിങ്ങിലും ബോളിങ്ങിലും പ്രധാന താരങ്ങളൊക്കെയും തിളങ്ങുകയുണ്ടായി. എന്നാൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ നിർണായകമായ ഒരു മാറ്റം ആവശ്യമാണ് എന്ന് നിർദ്ദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.

കാൺപൂരിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന ഇന്ത്യയുടെ രണ്ടാം ടെസ്റ്റിൽ സ്പിന്നർ കുൽദീപ് യാദവിനെ ഉൾപ്പെടുത്തേണ്ടതുണ്ട് എന്നാണ് മഞ്ജരേക്കർ പറയുന്നത്. ചെന്നൈയിൽ നടന്ന മത്സരത്തിൽ കുൽദീപിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വളരെ ദൗർഭാഗ്യകരമാണ് എന്ന് മഞ്ജരേക്കർ കൂട്ടിച്ചേർക്കുകയുണ്ടായി.

ഇന്ത്യക്കായി 2017ലായിരുന്നു കുൽദീപ് തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരം കളിച്ചത്. ഇതുവരെ ഇന്ത്യക്കായി 12 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം 53 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 19 വിക്കറ്റുകൾ സ്വന്തമാക്കാൻ കുൽദീപിന് സാധിച്ചിരുന്നു.

എന്നാൽ ഇതിന് ശേഷം ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിന്ന് താരത്തിനെ മാറ്റി നിർത്തിയത് വലിയ പിഴവായി എന്ന് മഞ്ജരേക്കർ കരുതുന്നു. ചെന്നൈയിലെ പിച്ച് സീമർമാർക്ക് കൂടുതൽ പിന്തുണ നൽകുമെന്നതിനാലാണ് ഇന്ത്യ കുൽദീപിനെ പുറത്താക്കിയത് എന്ന് മഞ്ജരേക്കർ കരുതുന്നു. പക്ഷേ ഇതൊരു പിഴവായിയാണ് മഞ്ജരേക്കർ കാണുന്നത്.

“കുൽദീപിനെ അത്ര അനായാസം ടീമിൽ നിന്ന് പുറത്താക്കാൻ പാടില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ചെന്നൈയിലെ പിച്ച് സ്പിന്നിന് അനുകൂലമായിരുന്നില്ല എന്നത് വസ്തുതയാണ്. എന്നാൽ ഇന്ത്യൻ പിച്ചുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു കാര്യമുണ്ട്. ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം ഇന്ത്യൻ പിച്ചുകൾ സ്പിന്നിന് അനുകൂലമായി മാറും. അങ്ങനെയുള്ളപ്പോൾ ചെന്നൈയിൽ കുൽദീപിനെ ഇന്ത്യ ഉൾപ്പെടുത്തേണ്ടതായിരുന്നു. കുൽദീപിനെ പോലെ ഒരു ബോളർക്ക് മത്സരത്തിൽ നന്നായി കളിക്കാന്‍ സാധിച്ചേനെ. ഇത്ര അനായാസം അവനെ പുറത്താക്കാൻ പാടില്ലായിരുന്നു.”- മഞ്ജരേക്കർ പറയുന്നു.

“കാൺപൂരിൽ ഇത്തരമൊരു അബദ്ധം ഇന്ത്യ കാട്ടരുത്. കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തി തന്നെ ഇന്ത്യ കാൺപൂരിൽ ഇറങ്ങണം. ഒരുപക്ഷേ പിച്ച് ആദ്യ സമയങ്ങളിൽ പേസർമാരെ അനുകൂലിച്ചേക്കാം. എന്നാൽ കുറച്ചു മണിക്കൂറുകൾക്ക് ശേഷം അത് സ്പിന്നർമാർക്ക് അനുകൂലമായി മാറും. ആദ്യ സമയങ്ങളിൽ നമുക്ക് സിറാജിന്റെയും ബുംറയുടെയും സാന്നിധ്യം മതിയാവും. തെളിയിക്കപ്പെട്ട 3 സ്പിന്നർമാരാണ് നമ്മുടെ സ്ക്വാഡിൽ ഉള്ളത്. അതുകൊണ്ട് തന്നെ നമ്മൾ അവരെ കളിപ്പിക്കാൻ തയ്യാറാവണം.”- മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു.

Previous articleജഡേജയെയും പാതിരാനയെയും അടക്കം 5 താരങ്ങളെ നിലനിർത്താന്‍ ചെന്നൈ. ചില വമ്പന്മാർ പുറത്തേക്ക്.
Next articleധോണിയുമായി എന്നെ താരതമ്യം ചെയ്യരുത്, ഞാൻ എന്റെ രീതിയിൽ കളിക്കുന്നു. റിഷഭ് പന്ത്.