ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ വിജയം കണ്ടതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കുകയുണ്ടായി. ഈ വരുന്ന ജൂണിൽ ഓവലിലാണ് ഫൈനൽ നടക്കുന്നത്. അതിനാൽതന്നെ മത്സരത്തിന്റെ സാഹചര്യങ്ങൾ വളരെ വ്യത്യസ്തമാണ്. ഉപഭൂഖണ്ഡത്തിലെ പിച്ചുകളെക്കാൾ പേസിനെ സഹായിക്കുന്ന ഓവലിൽ കളിക്കുമ്പോൾ, ഇന്ത്യ തങ്ങളുടെ ടെസ്റ്റ് ടീമിൽ വരുത്തേണ്ട ചില മാറ്റങ്ങളെപ്പറ്റി ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യ ഫൈനലിൽ അക്ഷർ പട്ടേലിന് പകരം ശർദുൽ താക്കൂറിനെ കളിപ്പിക്കാൻ തയ്യാറാവണം എന്നാണ് ദിനേശ് കാർത്തിക്ക് പറയുന്നത്.
“രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും പൂർണമായും ഫിറ്റാണെങ്കിൽ ഇന്ത്യ മത്സരത്തിൽ അക്ഷർ പട്ടേലിനെ മാറ്റിനിർത്തേണ്ടിവരും. അയാളുടെ സ്ഥാനത്ത് ശർദുൽ താക്കൂറാവും ഇന്ത്യക്കായി കളിക്കുന്നത്. മാത്രമല്ല സത്യസന്ധമായി പറഞ്ഞാൽ കഴിഞ്ഞതവണ ഫൈനലിൽ ഇന്ത്യ രണ്ട് സ്പിന്നർമാരെ കളിപ്പിച്ചത് തന്നെ വലിയ അബദ്ധമായിരുന്നു. അവർ മത്സരത്തിൽ ഒരുപാട് ബോൾ ചെയ്തതുമില്ല. ഫൈനൽ എന്നത് കേവലം ഒരു മത്സരമാണ്. അതിനാൽ തന്നെ കൃത്യമായ ടീം കണ്ടെത്തേണ്ടതുണ്ട്.”- ദിനേശ് കാർത്തിക് പറയുന്നു.
ഇതോടൊപ്പം ഇന്ത്യൻ ടീമിൽ ജഡേജയും അശ്വിനും ഒരേസമയം കളിക്കാൻ സാധ്യതയില്ലെന്നും ദിനേശ് കാർത്തിക്ക് പറയുന്നു. “മത്സരം വിജയിക്കുന്നതിനായി ഏറ്റവും അനുയോജ്യമായ നിര ഏതെന്ന ചോദ്യമാവും മത്സരത്തിനു മുൻപുള്ളത്? ജഡേജ, അശ്വിൻ എന്നിവരിൽ ഒരാളെ ടീമിൽ നിന്ന് ഒഴിവാക്കേണ്ട സാഹചര്യമുണ്ടായാൽ അത് ചെയ്യുക തന്നെ വേണം.”- കാർത്തിക് കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ബോളിങ്ങിൽ തിളങ്ങാനായില്ലെങ്കിലും ബാറ്റിംഗിൽ മികവാർന്ന പ്രകടനമായിരുന്നു അക്ഷർ കാഴ്ചവച്ചത്. പരമ്പരയിൽ 264 റൺസ് അക്ഷർ പട്ടേൽ നേടിയിരുന്നു. എന്നാൽ പരമ്പരയിൽ കേവലം മൂന്ന് വിക്കറ്റുകൾ മാത്രം നേടാൻ അക്ഷറിന് സാധിച്ചുള്ളൂ.