2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ പരമ്പരയാണ് വിൻഡിസിനെതിരെ ജൂലൈയിൽ നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയെ സംബന്ധിച്ച് ഇതൊരു പുതിയ തുടക്കമാണ്. ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ദാരുണമായ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. അതിനാൽ ഇന്ത്യൻ ടീമിൽ കുറച്ച് മാറ്റങ്ങൾ അനിവാര്യമാണ് എന്ന് മുൻ ക്രിക്കറ്റർമാർ പോലും വിലയിരുത്തുകയുണ്ടായി. ഇപ്പോൾ ഇന്ത്യ അത്യാവശ്യമായി തങ്ങളുടെ ടീമിൽ വരുത്തേണ്ട ഒരു മാറ്റം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ജയിസ്വാളിനെ ഉൾപ്പെടുത്തണം എന്നാണ് ജാഫർ പറയുന്നത്.
“ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനമർഹിക്കുന്ന ഒരു ക്രിക്കറ്റർ തന്നെയാണ് ജയിസ്വാൾ. എല്ലാ ഫോർമാറ്റുകളിലും അയാൾ സമീപസമയത്ത് റൺസ് കണ്ടെത്തിയിട്ടുണ്ട്. ഐപിഎൽ ആയാലും ആഭ്യന്തര ക്രിക്കറ്റായാലും ഇന്ത്യ എയുടെ മത്സരങ്ങളിലായാലും അയാൾ കൃത്യമായ സ്ഥിരത പുലർത്താറുണ്ട്. അതിനാൽ തന്നെ ഇന്ത്യൻ സ്‌ക്വാഡിൽ ഇടം പിടിക്കേണ്ട ക്രിക്കറ്റർ തന്നെയാണ് ജയിസ്വാൾ എന്നെനിക്ക് തോന്നുന്നു.”- സ്പോർട്കീടയ്ക്ക് നൽകിയ അഭിമുഖത്തിൽ ജാഫർ പറഞ്ഞു.
“ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ജെയ്‌സ്വാൾ സ്ക്വാഡിൽ അംഗമായിരുന്നു. എന്നാൽ രോഹിത് ശർമയും ശുഭമാൻ ഗില്ലും ഓപ്പണിങ് സ്ഥാനത്ത് കളിച്ചതിനാൽ തന്നെ ജയിസ്വാളിന് അവസരം ലഭിച്ചിരുന്നില്ല. എന്നിരുന്നാലും ജയിസ്വാൾ ടീമിനൊപ്പം തുടരണം എന്നതുതന്നെയാണ് എന്റെ അഭിപ്രായം. അങ്ങനെയെങ്കിൽ മാത്രമേ അയാളെ ഒരു മികച്ച ക്രിക്കറ്ററായി ഉയർത്തിക്കൊണ്ടു വരാൻ ഇന്ത്യയ്ക്ക് സാധിക്കുകയുള്ളൂ. ഇങ്ങനെ നിരന്തരം ജെയിസ്വാളിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. അങ്ങനെയെങ്കിൽ മാത്രമേ ആവശ്യസമയത്ത് ജയിസ്വാളിന് അവസരങ്ങൾ ലഭിക്കുകയുള്ളൂ.”- വസീം ജാഫർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഐപിഎല്ലിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ജെയിസ്വാൾ കാഴ്ചവച്ചത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ 14 മത്സരങ്ങളിൽ നിന്ന് 625 റൺസ് ജയിസ്വാൾ സ്വന്തമാക്കുകയുണ്ടായി. 48 റൺസ് ശരാശരിയിലാണ് ജയിസ്വാളിന്റെ ഈ നേട്ടം. 163 സ്ട്രൈക്ക് റേറ്റിലാണ് ജയിസ്വാൾ ഐപിഎല്ലിൽ കളിച്ചിരുന്നത്. 5 അർധസെഞ്ച്വറികളും ഒരു സെഞ്ച്വറിയും 2023 ഐപിഎല്ലിൽ ജയിസ്വാൾ നേടുകയും ചെയ്തിരുന്നു.