2024 ട്വന്റി20 ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യ പുറത്തെടുത്തിരിക്കുന്നത്. ഗ്രൂപ്പ് സ്റ്റേജിൽ കളിച്ച 4 മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. കാനഡയ്ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പർ എട്ടിൽ എത്തിയിരിക്കുന്നത്.
സൂപ്പർ 8ൽ ഇന്ത്യ ഭയക്കേണ്ട 2 ടീമുകളെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പിയൂഷ് ചൗള. മിച്ചൽ മാർഷ് നയിക്കുന്ന ഓസ്ട്രേലിയൻ ടീമിനെയും, റാഷിദ് ഖാൻ നയിക്കുന്ന അഫ്ഗാനിസ്ഥാൻ ടീമിനെയുമാണ് ഇന്ത്യ സൂപ്പർ 8 ഘട്ടത്തിൽ ഭയപ്പെടേണ്ടത് എന്ന് പീയൂഷ് ചൗള പറയുകയുണ്ടായി.
അയർലൻഡ്, പാക്കിസ്ഥാൻ, അമേരിക്ക എന്നീ ടീമുകളെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ശേഷം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് കടക്കുന്നത്. എന്നാൽ ബംഗ്ലാദേശ് ഇന്ത്യക്ക് വലിയ ഭീഷണി ഉണ്ടാക്കില്ല എന്നാണ് ചൗള കരുതുന്നത്. പക്ഷേ ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്ക് വെല്ലുവിളിയാകും എന്നാണ് താരത്തിന്റെ വിശദീകരണം.
“ഐസിസി ഇവന്റുകളിൽ ഓസ്ട്രേലിയ എല്ലാത്തരത്തിലും അപകടകാരികളായ ടീമാണ്. അവർക്ക് ഏത് ടീമിനെയും പരാജയപ്പെടുത്താൻ സാധിക്കും. ഈ ലോകകപ്പിൽ ഇതിനോടകം അവരുടെ മികച്ച പ്രകടനങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു. അഫ്ഗാനിസ്ഥാനെ സംബന്ധിച്ചും വളരെ മികച്ച ഒരു സ്ക്വാഡാണ് ഉള്ളത്. അവരുടെ ബോളർമാർ വെസ്റ്റിൻഡീസിൽ വളരെ നന്നായി ആസ്വദിക്കുന്നുണ്ട്.”- ചൗള പറയുന്നു.
“സമീപകാലത്ത് ബംഗ്ലാദേശ് വളരെ നന്നായി തന്നെ കളിക്കുകയുണ്ടായി. പക്ഷേ ഇപ്പോഴും അവരുടെ മത്സരശേഷി കുറവ് തന്നെയാണ്. ഇപ്പോഴും ഒരു ശക്തമായ ടീമായി മാറാൻ ബംഗ്ലാദേശിന് സാധിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നില്ല. എന്നിരുന്നാലും സൂപ്പർ എട്ടിലെ എ ഗ്രൂപ്പ് വളരെ മികച്ചതായി തന്നെ തോന്നുന്നു.”- ചൗള കൂട്ടിചേർത്തു. ആദ്യ റൗണ്ടിൽ വലിയ അട്ടിമറികളൊന്നും തന്നെ ഇല്ലാതെയാണ് ബംഗ്ലാദേശ് സൂപ്പർ എട്ടിലേക്ക് എത്തിയിരിക്കുന്നത് എന്നിരുന്നാലും കഴിഞ്ഞ ട്വന്റി20 ലോകകപ്പിലടക്കം ഇന്ത്യയെ വിറപ്പിക്കാൻ ബംഗ്ലാദേശിന് സാധിച്ചിരുന്നു.
അതേസമയം ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള ആശങ്കകൾ നിലനിൽക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ ബാറ്റർമാർക്ക് അത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. മാത്രമല്ല ന്യൂയോർക്കിലെ പിച്ച് ബാറ്റർമാരെ സംബന്ധിച്ച് വളരെ കഠിനമായിരുന്നു. അതിനാൽ തന്നെ വമ്പൻ സ്കോറുകൾ ഒന്നുംതന്നെ മത്സരങ്ങളിൽ പിറന്നതുമില്ല. വിരാട് കോഹ്ലി, രോഹിത് ശർമ അടക്കമുള്ള താരങ്ങൾ പലപ്പോഴും സ്ഥിരതയാർന്ന പ്രകടനമില്ലാതെ ബുദ്ധിമുട്ടുന്നതും ന്യൂയോർക്ക് പിച്ചിൽ കണ്ടിരുന്നു. എന്നാൽ സൂപ്പർ 8ൽ എത്തുമ്പോൾ ഇന്ത്യയുടെ സീനിയർ താരങ്ങളെല്ലാവരും മികവ് പുലർത്തണമെന്നാണ് പ്രതീക്ഷ.