പാകിസ്ഥാനെ തൂത്തെറിഞ്ഞത് ഇന്ത്യയുടെ ഈ ‘പ്ലാൻ B’. തുറന്ന് പറഞ്ഞ് രവി അശ്വിൻ.

F51zNjNaAAAe2 g

ഏഷ്യാകപ്പിലെ പാകിസ്ഥാനെതിരായ സൂപ്പർ 4 മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 228 റൺസിന്റെ തകർപ്പൻ വിജയമായിരുന്നു ഇന്ത്യ നേടിയത്. ഇന്ത്യക്കായി മത്സരത്തിൽ രാഹുലും വിരാട് കോഹ്ലിയും സെഞ്ച്വറികൾ നേടിയിരുന്നു. ഒപ്പം കുൽദീപ് യാദവ് ബോളിങ്ങിൽ തിളങ്ങിയപ്പോൾ ഇന്ത്യ ഒരു റെക്കോർഡ് വിജയമാണ് മത്സരത്തിൽ സ്വന്തമാക്കിയത്.

മത്സരത്തിൽ പാക്കിസ്ഥാൻ പരാജയപ്പെടാനുള്ള പ്രധാന കാരണം ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് പാകിസ്ഥാൻ മത്സരത്തിൽ പരാജയപ്പെടാനുള്ള കാരണത്തെപ്പറ്റി അശ്വിൻ വ്യക്തമാക്കിയത്.

പാകിസ്ഥാൻ ബോളിങ് നിരയിലെ സ്പെഷ്യലിസ്റ്റും പേസ് ആക്രമണത്തിലെ വജ്രായുധവുമായ ഷാഹിൻഷാ അഫ്രിദിയ്ക്കെതിരെ ഇന്ത്യ തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ടതാണ് മത്സരത്തിൽ പാകിസ്താനെ തളർത്തിയത് എന്ന് അശ്വിൻ പറയുന്നു. 1996 ലോകകപ്പിലെ ശ്രീലങ്കയുടെ ജയസൂര്യ- കലുവിതരണ കൂട്ടുകെട്ടിനെയാണ് മത്സരത്തിൽ രോഹിത് ശർമ- ശുഭമാൻ ഗിൽ കൂട്ടുകെട്ട് ഓർമ്മിപ്പിച്ചതെന്നും അശ്വിൻ പറയുകയുണ്ടായി. “മത്സരത്തിൽ ഏത് ടീം ആദ്യം ബാക്ക്ഫുട്ടിലേക്ക് പോകും എന്നതിലായിരുന്നു കാര്യം. തുടക്കത്തിൽ തന്നെ ഇന്ത്യ ഷാഹിൻഷാ അഫ്രിദിയ്ക്കെതിരെ ആക്രമണം അഴിച്ചു വിടുകയും പാകിസ്ഥാൻ ബാക്ഫുട്ടിൽ പോവുകയും ചെയ്തിരുന്നു.”- രവിചന്ദ്രൻ അശ്വിൻ പറയുന്നു.

“നമുക്ക് ചിലപ്പോൾ വിക്കറ്റുകൾ നഷ്ടമായേക്കാം. എന്നാൽ നമ്മുടെ ബാറ്റിംഗ് കരുത്തിനെ പറ്റി നമ്മുടെ ടീമിന് പൂർണമായ ബോധ്യമുണ്ട്. അതിനാൽ തന്നെ ഓപ്പണർമാരുടെ വിക്കറ്റ് നഷ്ടമായാലും വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവർ മത്സരത്തിൽ മികവുകാട്ടുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. അത്തരത്തിൽ കളിയിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്നും ഇന്ത്യ അടിയുറച്ച് വിശ്വസിച്ചിരുന്നു. അതാണ് ഇന്ത്യക്ക് വലിയ പ്രചോദനമായി മാറിയത്.”- അശ്വിൻ കൂട്ടിച്ചേർക്കുകയുണ്ടായി. ഇതോടൊപ്പം കെഎൽ രാഹുലിന്റെ കടന്നുവരവ് ഇന്ത്യൻ മധ്യനിരയ്ക്ക് കൂടുതൽ സ്ഥിരത നൽകിയിരിക്കുന്നുവെന്നും അശ്വിൻ പറഞ്ഞു.

Read Also -  "അവർ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ചവർ, അവരുടെ നഷ്ടം ഇന്ത്യയെ ബാധിക്കും"- സനത് ജയസൂര്യ.

“മധ്യനിരയിൽ ബാറ്റ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. മഹേന്ദ്ര സിംഗ് ധോണി അക്കാര്യത്തിൽ വളരെ മികച്ചവൻ ആയിരുന്നു. എന്നിരുന്നാലും ധോണിയെയും രാഹുലിനെയും തമ്മിൽ ഞാൻ താരതമ്യം ചെയ്യില്ല. രാഹുലിൽ നിന്ന് വ്യത്യസ്തനാണ് ധോണി. 6,7 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്ത് ടീമിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത പാരമ്പര്യമാണ് ധോണിക്കുള്ളത്. എന്തിരുന്നാലും രാഹുൽ പതിയെ തന്റെ പ്രധാന റോളിലേക്ക് വന്ന് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും ഇഷാൻ കിഷനുമായി ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ രാഹുലിന് സാധിച്ചിരുന്നു. വെല്ലലാഗെ അതിമനോഹരമായി പന്തറിഞ്ഞിരുന്ന സമയത്തും രാഹുൽ മികച്ച രീതിയിൽ കളിക്കാൻ ശ്രമിച്ചു.”- അശ്വിൻ പറഞ്ഞുവെക്കുന്നു.

Scroll to Top