ക്രിക്കറ്റ് ലോകം എന്നും ആവേശത്തോടെ കാത്തിരുന്നിട്ടുള്ള മത്സരങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന പോരാട്ടങ്ങൾ. ഇരു രാജ്യങ്ങളും തമ്മിൽ നിലവിൽ രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ദ്വിരാഷ്ട്ര പരമ്പരകൾ അരങ്ങേറുന്നില്ല. പക്ഷേ ഐസിസി ഇവന്റുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആരാധകർ കൂടുതൽ ആവേശത്തിലാവുന്നുണ്ട്.
പല മത്സരങ്ങളും ഇരു രാജ്യങ്ങളെ സംബന്ധിച്ചും വൈകാരികപരമായി മാറുമ്പോൾ, ജയപരാജയങ്ങൾ അഭിമാന പ്രശ്നങ്ങൾ ആയിത്തീരുന്നു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ ഐസിസി ഇവന്റുകളിൽ മാത്രം പോരാട്ടം നടക്കുന്നത് ആരാധകരെ നിരാശയിലാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യ- പാക് പരമ്പരക്ക് വേദിയൊരുക്കാൻ തങ്ങൾ തയ്യാറാണ് എന്നാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മധ്യസ്ഥതയിൽ തന്നെ മത്സരം നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള ചർച്ചകൾ പലരീതിയിൽ പുരോഗമിക്കുകയാണ്. ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ നിക്ക് ഹോക്ലിയാണ് ഇതേ സംബന്ധിച്ചുള്ള സൂചനകൾ നൽകിയിരിക്കുന്നത്. പക്ഷേ ഇത്തരമൊരു പരമ്പരയെ സംബന്ധിച്ച് സ്ഥിരീകരണം ഇതുവരെയും എത്തിയിട്ടില്ല.
മുൻപ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇത്തരത്തിൽ ഇന്ത്യക്കെതിരെ ഒരു ദ്വിരാഷ്ട്ര പരമ്പര നടത്തുന്നതിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഏതു വേദിയിലും ഇന്ത്യയുമായി പരമ്പര കളിക്കാൻ തങ്ങൾ തയ്യാറാണ് എന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കുകയുണ്ടായി. പക്ഷേ അന്ന് ബിസിസിഐ ഇതിനെ അനുകൂലിച്ചിരുന്നില്ല.
ഇപ്പോൾ ഓസ്ട്രേലിയ ട്രൈ നേഷൻ പരമ്പര നടത്താനാണ് ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. കുറച്ചധികം നാളുകളായി ഐസിസി ട്രൈ നേഷൻ പരമ്പരകൾ നടത്താറില്ല. ഇത്തരം പരമ്പരകൾ വളരെ കുറവാണ്. അതിനാൽ ഐസിസിയുടെ തീരുമാനം ഇക്കാര്യത്തിൽ വളരെ നിർണായകമാണ്. അങ്ങനെയൊരു ട്രൈ നേഷൻ പരമ്പര ഉണ്ടാവുകയാണെങ്കിൽ അതിൽ ഓസ്ട്രേലിയ, ഇന്ത്യ, പാക്കിസ്ഥാൻ എന്നീ ടീമുകളാവും അണിനിരക്കുക. അങ്ങനെയെങ്കിൽ ആരാധകർക്ക് വലിയൊരു വിരുന്നു തന്നെ ഒരുങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല ക്രിക്കറ്റ് ബോർഡുകൾക്ക് വലിയ ലാഭവും ഈ പരമ്പര ഉണ്ടാക്കി കൊടുത്തേക്കും.
എന്നാൽ ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് ബിസിസിഐ ഇതുവരെ അനുകൂലമായ പ്രതികരണങ്ങൾ അറിയിച്ചിട്ടില്ല. 2025ൽ ചാമ്പ്യൻസ് ട്രോഫി പോരാട്ടം പാക്കിസ്ഥാനിൽ നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യ മുൻപ് തങ്ങളുടെ അതൃപ്തി വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ഐസിസി ടൂർണമെന്റ്കളിൽ ഇരു രാജ്യങ്ങളും പോരാട്ടത്തിന് ഇറങ്ങുമ്പോൾ വലിയ ആവേശമാണ് ആരാധകരിൽ ഉണ്ടാവാറുള്ളത്. 2024 ട്വന്റി20 ലോകകപ്പിൽ ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 6 റൺസിന്റെ ആവേശവിജയം ഇന്ത്യ സ്വന്തമാക്കുകയാണ് ഉണ്ടായത്.