ക്രിക്കറ്റ് ലോകം ഏറെ ആകാംഷകളോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യ : പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനായി .ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം പൊളിഞ്ഞതിന്റെ ഭാഗമായി നിർത്തിവെക്കപെട്ട പരമ്പരകൾ പൂർണ്ണമായി പുനഃസ്ഥാപിക്കണം എന്ന ആവശ്യം ഇപ്പോൾ ശക്തമാകുകയാണ് .
ഈ വര്‍ഷാവസാനം ഇന്ത്യയും പാക്കിസ്ഥാനും ടി:20 പരമ്പരയില്‍ കളിച്ചേക്കുമെന്നാണ് ചില റിപ്പോർട്ടുകൾ പുറത്തുവരുന്നത് .പാക് ദിന പത്രമായ ജംഗ് ആണ് ഇന്ത്യ-പാക് ടി20 പരമ്പര ഈ വര്‍ഷാവസാനം നടന്നേക്കുമെന്ന തരത്തിൽ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിന് ബിസിസിഐയുടെയോ പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെയോ ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവുമില്ല .
ആറ് ദിവസം മാത്രം നീളുന്ന പരമ്പരയില്‍ മൂന്ന് ടി20 മത്സരങ്ങളാകും ഇരു ടീമുകളും തമ്മിൽ കളിക്കുകയെന്നാണ് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നത് .നേരത്തെ 2012-2013നുശേഷം ഇന്ത്യ-പാക് പരമ്പരകള്‍ നടന്നിട്ടില്ല. ഐസിസി ടൂര്‍ണമെന്‍റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരു ടീമുകളും ഇപ്പോൾ പരസ്പരം ഏറ്റുമുട്ടുന്നത് .ഈ വർഷം ജൂണിൽ പാകിസ്ഥാനിൽ നടക്കുവാൻ പോകുന്ന ഏഷ്യ കപ്പ് സംബന്ധിച്ചും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല .
ഇത്തവണ ഏഷ്യ കപ്പ് നടക്കുവാൻ സാധ്യതകൾ കുറവാണ് എന്നാണ് പാക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ ദിവസങ്ങൾ മുൻപ് പറഞ്ഞത് .
എന്നാല്‍ ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര വൈകാതെ നടക്കുമെന്ന വാർത്തകള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികള്‍ നിഷേധിച്ചു .പക്ഷേ ക്രിക്കറ്റ് പരമ്പര നടക്കുകയാണെങ്കില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാന്‍ മണ്ണിലേക്ക് പരമ്പരക്കായി എത്തണമെന്ന കർക്കശ നിലപാടിലാണ് പാക് ക്രിക്കറ്റ് ബോർഡ് . അവസാനമായി നടന്ന പരമ്പരയിൽ പാക് ടീം ഇന്ത്യയിൽ എത്തിയിരുന്നു.അതിനാൽ ഇനി ഇന്ത്യൻ ടീമിന്റെ സന്ദർശനമാണ് അത്യാവശ്യം എന്നാണ് പാക് ബോർഡ് പറയുന്നത് .അതേസമയം ദുബായിൽ അടക്കം പരമ്പര നടത്തണമെന്നാണ് ബിസിസിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം .