ഇവനേക്കാൾ കഴിവുള്ള ബൗളർ ലോക ക്രിക്കറ്റിൽ ഇല്ല :ഭുവനേശ്വർ കുമാറിനെ പ്രശംസിച്ച് മൈക്കൽ വോൺ

പരിക്കിന് ശേഷം നീണ്ടനാളത്തെ ഇടവേള  കഴിഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ്   ടീമിലേക്ക്  തിരികെയെത്തിയ പേസ് ബൗളർ ഭുവനേശ്വർ കുമാർ ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരയിലും ആദ്യ ഏകദിനത്തിലും ഗംഭീര പ്രകടനമാണ് പുറത്തെടുക്കുന്നത് .തന്റെ ബൗളിങ്ങിൽ യാതൊരു വിധ പോറലുമേറ്റിട്ടില്ലയെന്ന് തെളിയിക്കുന്ന ബൗളിംഗ് പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്  .പുതിയ പന്തിൽ സ്വിങ് ബൗളിങിനൊപ്പം ഡെത്ത് ഓവറുകളിലും ഭുവി തന്റെ പഴയ മികവ് തിരികെ നേടിക്കഴിഞ്ഞു .ഇപ്പോൾ ഭുവിയെ വാനോളം പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ .

ഭുവനേശ്വറിനെ പോലെ ഇത്രത്തോളം പ്രതിഭാശാലിയായ മറ്റൊരു ബൗളര്‍ ലോക ക്രിക്കറ്റിൽ ഇന്ന് വേറെയുണ്ടോ  അറിയില്ലെന്നാണ് മൈക്കല്‍ വോണ്‍ പറഞ്ഞത്. മുൻ ഇംഗ്ലീഷ് താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് “വൈറ്റ് ബോൾ  ക്രിക്കറ്റിൽ നിലവിൽ ഏതൊരു ബൗളിംഗ് നിരയിലും പരിശോധിച്ചാൽ  ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭാശാലിയായ ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍. ഭുവനേശ്വര്‍ പന്ത് സ്വിങ് ചെയ്യിക്കുന്നതുപോലെ മറ്റാര്‍ക്കും കഴിയുമെന്ന് കരുതുന്നില്ല. അത് ഔട്ട് സ്വിങ്ങറായാലും ഇന്‍സ്വിങ്ങറായാലും  അങ്ങനെ തന്നെയാണ്.ഭുവിയുടെ സ്ലോ ബോൾ  വേരിയേഷൻ പോലും അത്രമേൽ മികച്ചതാണ് .അവസാന ഓവറുകളിൽ യോര്‍ക്കറുകളും ബൗണ്‍സുകളും അവന്‍ ചെയ്യുന്നു. അവനെക്കാളും മികച്ച പ്രതിഭയുള്ള ബൗളറുണ്ടോയെന്ന് അറിയില്ല. പരിക്കിന് ശേഷമാണ് അവന്‍ വീണ്ടും ഇന്ത്യൻ ടീമിലേക്കു  എത്തിയത്. ഈ പരമ്പരയിൽ  അവിസ്മരണീയമായ തിരിച്ചുവരവാണ് കാഴ്ചവെക്കുന്നത് .
ഇന്ത്യൻ ബൗളിംഗ് കരുത്ത് ഭുവിയിലൂടെ ഇരട്ടിയായി ” വോൺ പറഞ്ഞുനിർത്തി .

ഇംഗ്ലണ്ടിനെതിരായ 5 മത്സര ടി:20 പരമ്പരയിൽ താരം സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത് .5 കളികളിൽ കേവലം 115 റൺസ് മാത്രമാണ് താരം വഴങ്ങിയത് .6.39 റൺസ് ഇക്കോണമി റേറ്റിൽ പന്തെറിഞ്ഞ താരം 4 വിക്കറ്റുകളും വീഴ്ത്തി.അവസാന ടി:20യിൽ 4 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ താരം മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയിരുന്നു .
ഇത്തവണത്തെ ഐപിഎല്ലിലും ഡേവിഡ് വാർണർ നയിക്കുന്ന  സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് ഭുവനേശ്വര്‍ കുമാര്‍ കളിക്കുന്നത്. അവസാന സീസണില്‍ ആദ്യ മത്സരങ്ങള്‍ കളിച്ചെങ്കിലും പരിക്കിനെത്തുടര്‍ന്ന് താരം പിന്നീട് മത്സരങ്ങൾ കളിച്ചില്ല .