മൂന്നാം ടെസ്റ്റിലെ പരാജയത്തിനുശേഷം ഇന്ത്യയുടെ ടീം സെലക്ഷൻ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. പലരും ഇന്ത്യൻ നിരയിൽ കുൽദീപ് യാദവിനെ ഉൾപ്പെടുത്തണമെന്ന അവകാശവാദങ്ങൾ ഉന്നയിക്കുകയുണ്ടായി. എന്നാൽ വ്യത്യസ്തമായ ഒരു അഭിപ്രായവുമായാണ് മുൻ ഓസ്ട്രേലിയൻ നായകൻ ഇയാൻ ചാപ്പൽ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യ തങ്ങളുടെ ടെസ്റ്റ് ടീമിലേക്ക് സ്റ്റാർ ഓൾറൗണ്ടർ ഹർദിക്ക് പാണ്ട്യയെ ഉൾപ്പെടുത്തേണ്ടതുണ്ട് എന്നാണ് ഇയാൻ ചാപ്പൽ പറയുന്നത്. കഴിഞ്ഞ ഐപിഎല്ലിലൂടെ തന്റെ ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്ത പാണ്ഡ്യയ്ക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിൽ മികവു പുലർത്താൻ സാധിക്കുമെന്നാണ് ഇയാൻ ചാപ്പൽ കരുതുന്നത്.
ഹർദിക്കിന് ബോൾ ചെയ്യാൻ സാധിക്കുന്ന പക്ഷം അയാൾ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട് എന്ന് ചാപ്പൽ പറയുന്നു. “എന്തുകൊണ്ടാണ് ഇന്ത്യ ഹർദിക് പാണ്ട്യയെ തങ്ങളുടെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താത്തത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇപ്പോഴും ആളുകൾ എന്നോട് പറയുന്നത് അയാൾക്ക് ഒരുപാട് ബോൾ ചെയ്യാൻ സാധിക്കില്ല എന്നാണ്. എന്നാൽ ഇക്കാര്യത്തിൽ നമ്മൾ കൃത്യമായ തീരുമാനമെടുക്കണം.”- ചാപ്പൽ പറയുന്നു.
“പാണ്ഡ്യ ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാൻ തയ്യാറാണെങ്കിൽ ഇന്ത്യ അവനെ ടീമിൽ ഉൾപ്പെടുത്തണം. അയാൾ ഒരു മികച്ച ബാറ്റർ തന്നെയാണ്. നന്നായി ബോൾ ചെയ്യാനും ഹർദിക്കിന് സാധിക്കും. ഫീൽഡിങ്ങിലും അയാൾ മികവ് കാട്ടിയിട്ടുണ്ട്. കൃത്യമായ ബാലൻസ് ലഭിക്കുന്നതിനായി ഓസ്ട്രേലിയ ഇന്ത്യയിൽ ക്യാമറോൺ ഗ്രീനിനെ കളിപ്പിക്കുന്നത് നമ്മൾ കണ്ടു. അതുപോലെതന്നെ ഇന്ത്യയ്ക്ക് പാണ്ഡ്യയെ ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്.”- ചാപ്പൽ കൂട്ടിച്ചേർക്കുന്നു.
ഇതുവരെ പാണ്ട്യ തന്റെ ടെസ്റ്റ് കരിയറിൽ 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ നിന്നായി 532 റൺസും 17 വിക്കറ്റുകളുമാണ് പാണ്ട്യയുടെ സമ്പാദ്യം. പാണ്ട്യയെ ടീമിൽ ഉൾപ്പെടുത്തിയാൽ ഇന്ത്യക്ക് ബോളിങ്ങിലും കൂടുതൽ ശക്തമാകാൻ സാധിക്കും എന്നാണ് ചാപ്പൽ കരുതുന്നത്. മാർച്ച് 9നാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് നടക്കുന്നത്.