WTC ടേബിളിൽ ഒന്നാം സ്ഥാനം നഷ്ടപെട്ട് ഇന്ത്യ. ഫൈനലിലെത്താൻ ഇനി വലിയ കടമ്പകൾ.

ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ 25 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇതോടെ പരമ്പര 3-0 എന്ന നിലയിൽ ഇന്ത്യ പരാജയപ്പെട്ടു. ഇതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ വലിയ പിന്നോട്ട് പോക്കാണ് ഇന്ത്യക്ക് ഉണ്ടായിരിക്കുന്നത്.

ഇതുവരെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിന്ന ഇന്ത്യ ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. നിലവിൽ ഈ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് സൈക്കിളിൽ 14 മത്സരങ്ങൾ ഇന്ത്യ കളിച്ചുകഴിഞ്ഞു. ഇതിൽ 8 മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ 5 പരാജയങ്ങളാണ് ഇന്ത്യ നേരിട്ടത്. ഇപ്പോൾ 98 പോയിന്റുകളാണ് ഇന്ത്യയ്ക്ക് ഉള്ളത്. എന്നാൽ 58.33 ശതമാന പോയിന്റുകളുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

നിലവിൽ ഓസ്ട്രേലിയയാണ് ഈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇതുവരെ 12 മത്സരങ്ങൾ മാത്രം കളിച്ച ഓസ്ട്രേലിയ 8 മത്സരങ്ങളിൽ വിജയം സ്വന്തമാക്കി. 3 പരാജയങ്ങൾ മാത്രമാണ് ഓസ്ട്രേലിയ നേരിട്ടത്. 90 പോയിന്റുകളുമായാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 62.5 എന്ന ശതമാന പോയിന്റാണ് ഓസ്ട്രേലിയക്ക് നിലവിലുണ്ട്. കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശ്രീലങ്ക വലിയ കുതിച്ചുചാട്ടം പോയിന്റ് പട്ടികയിൽ ഉണ്ടാക്കിയിട്ടുണ്ട്. 9 മത്സരങ്ങൾ ഇതുവരെ കളിച്ച ശ്രീലങ്ക 55.56 എന്ന ശതമാന പോയിന്റുമായാണ് മൂന്നാം സ്ഥാനത്ത് ഇടം കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ വമ്പൻ വിജയങ്ങൾ ന്യൂസിലാൻഡിനെ ലോക ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. ഇതുവരെ 11 മത്സരങ്ങൾ ഈ സൈക്കിളിൽ കളിച്ച ന്യൂസിലാൻഡ് 6 വിജയങ്ങൾ സ്വന്തമാക്കി നാലാം സ്ഥാനത്ത് നിൽക്കുന്നു. ന്യൂസിലാൻഡിന്റെ ഈ വിജയം ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇനി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് വലിയ കടമയാണ് കടക്കേണ്ടത്. 5 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ഈ സൈക്കിളിൽ അവശേഷിക്കുന്നത്. ഈ 5 മത്സരങ്ങളും ശക്തരായ ഓസ്ട്രേലിയക്കെതിരെയാണ് നടക്കുന്നത്.

ഇന്ത്യയ്ക്ക് ഇനി ഫൈനലിൽ എത്താൻ വേണ്ടത് വലിയ വിജയങ്ങൾ തന്നെയാണ്. അടുത്ത 5 ടെസ്റ്റ് മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയം നേടിയാൽ മാത്രമേ ഇന്ത്യയ്ക്ക് കൃത്യമായി ഫൈനലിൽ സ്ഥാനം കണ്ടെത്താൻ സാധിക്കൂ. അല്ലാത്തപക്ഷം മറ്റു റിസൾട്ട് ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടി വരും. ഉദാഹരണത്തിന് ശ്രീലങ്കയ്ക്ക് അവശേഷിക്കുന്നത് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്ക എതിരായ ടെസ്റ്റ് മത്സരങ്ങളാണ്. ഈ മത്സരങ്ങളിൽ ശ്രീലങ്ക വിജയം സ്വന്തമാക്കിയാൽ ഇന്ത്യയുടെ ഫൈനലിലേക്കുള്ള എൻട്രി എളുപ്പമാകും എന്നാൽ ഇതിന് മുൻപ് ഇന്ത്യ ചെയ്യേണ്ടത് പരമാവധി മത്സരങ്ങളിൽ വിജയം കണ്ടെത്താൻ ശ്രമിക്കുക എന്നതാണ്.

Previous article“ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഞാൻ പരാജയപ്പെട്ടു”, രോഹിത് ശർമ.
Next articleഇന്ത്യൻ സീനിയർ താരങ്ങൾക്കെതിരെ ബിസിസിഐ. രോഹിതും കോഹ്ലിയും കളി നിർത്തേണ്ടിവരും?