ന്യൂസിലന്‍റിനെതിരെയുള്ള പരാജയം ഇന്ത്യയെ ഉണർത്തിയിട്ടുണ്ട്. ഓസീസ് ഭയക്കണമെന്ന് ജോഷ് ഹേസല്‍വുഡ്.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണമായ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. 3 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ പൂർണമായും ഇന്ത്യ പരാജയപ്പെടുകയുണ്ടായി. ഇന്ത്യയ്ക്ക് മുൻപിലുള്ള അടുത്ത വലിയ ദൗത്യം നവംബർ 22ന് ആരംഭിക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫിയാണ്.

ഇത്തവണ ഓസ്ട്രേലിയൻ മണ്ണിൽ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കാൻ തയ്യാറാവുന്നത്. ന്യൂസിലാൻഡിനെതിരെ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇന്ത്യയെ യാതൊരു തരത്തിലും വിലകുറച്ചു കാണാൻ സാധിക്കില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്ട്രേലിയൻ താരം ജോഷ് ഹേസല്‍വുഡ്.

ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യയെ ഓസ്ട്രേലിയ സൂക്ഷിക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഹേസല്‍വുഡ് ഇപ്പോൾ. ഇത്തവണ സന്നാഹ മത്സരം പോലും കളിക്കാതെയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരായ പരമ്പരക്കായി ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ വേണ്ടത്ര തയ്യാറെടുപ്പുകൾ ഇന്ത്യൻ ടീം നടത്തിയിട്ടില്ല എന്ന വിമർശനവും ഉയരുന്നുണ്ട്. എങ്കിലും ഇന്ത്യയെ പേടിക്കണമെന്നാണ് ഹേസല്‍വുഡ് പറയുന്നത്. ന്യൂസിലാൻഡിനോടേറ്റ പരാജയം ഇന്ത്യൻ ടീമിനെ ഉണർത്തിയിട്ടുണ്ടാവും എന്ന് ഹേസല്‍വുഡ് കൂട്ടിച്ചേർക്കുകയുണ്ടായി.

“ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ പൂർണമായ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതിന് ശേഷമാണ് ഇന്ത്യ ഇപ്പോൾ ഓസ്ട്രേലിയയിലേക്ക് എത്തുന്നത്. എന്നിരുന്നാലും രോഹിത് ശർമയെയും ടീമിനെയും യാതൊരു തരത്തിലും ചെറുതായി കാണാൻ സാധിക്കില്ല. ഇന്ത്യ ശരിക്കും ഉറങ്ങിക്കിടക്കുന്ന ഭീമന്മാരാണ്. ന്യൂസിലാൻഡിനെതിരെ ഏറ്റ പരാജയം അവരെ ഉണർത്തിയിട്ടുണ്ടാവും. ഏതുതരത്തിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് നമുക്ക് കണ്ടുതന്നെ അറിയേണ്ടതുണ്ട്. ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായി കളിക്കുന്ന ഒരുപാട് ഇന്ത്യൻ ബാറ്റർമാരുണ്ട്. അത്തരം ബാറ്റർമാരിൽ നിന്ന് പ്രതീക്ഷയ്ക്ക് അപ്പുറമുള്ള പ്രകടനമാണ് ഉണ്ടാവാൻ പോകുന്നത്.”- ഹേസല്‍വുഡ് പറയുന്നു.

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ എക്കെതിരെ ഒരു സന്നാഹ മത്സരം നിശ്ചയിച്ചിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ മത്സരം റദ്ദാക്കുകയാണ് ചെയ്തത്. ന്യൂസിലാൻഡിനെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം രോഹിത് ശർമ ഇതേപ്പറ്റി സംസാരിച്ചിരുന്നു. സന്നഹ മത്സരവും ആദ്യ ടെസ്റ്റ് മത്സരവും തമ്മിൽ കേവലം 3 ദിവസങ്ങളുടെ ഇടവേള മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഇക്കാരണത്താലാണ് സന്നാഹമത്സരം റദ്ദാക്കിയത് എന്ന് രോഹിത് ശർമ പറഞ്ഞു. മറ്റു പരിശീലന സെഷനുകൾ ഉണ്ടാക്കി ബാറ്റർമാർക്കും ബോളർമാർക്കും കൂടുതൽ സമയം പരിശീലനത്തിനായി നൽകാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്നും രോഹിത് ശർമ കൂട്ടിച്ചേർക്കുന്നു.

Previous articleഈ ഐപിഎൽ ലേലത്തിൽ 50 കോടി രൂപയോളം നേടാന്‍ കഴിയും. ഇന്ത്യൻ താരത്തെ ചൂണ്ടിക്കാട്ടി ബാസിത് അലി.
Next articleബെൻ സ്റ്റോക്സിന് വിലക്ക് ഏർപ്പെടുത്താൻ ബിസിസിഐ. ലേലത്തിൽ നിന്ന് പിന്മാറി.