“ഇന്ത്യ ടോപ് ക്ലാസ്സ് ടീം, പരാജയപ്പെടുത്താൻ ബുദ്ധിമുട്ടാണ്. എല്ലാ ക്രെഡിറ്റും നൽകുന്നു”. കെയ്ൻ വില്യംസന്റെ വാക്കുകൾ ഇങ്ങനെ.

20231115 225735

ലോക ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിച്ചത് പോലെ ഒരു വാശിയേറിയ പോരാട്ടമായിരുന്നു ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ആദ്യ സെമി ഫൈനലിൽ ഉണ്ടായത്. മത്സരത്തിൽ ഇരുടീമുകളും തങ്ങൾക്കാവുന്ന തരത്തിൽ മികവ് പുലർത്താനാണ് ശ്രമിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 397 എന്ന ശക്തമായ സ്കോറിൽ എത്തുകയുണ്ടായി. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ സെഞ്ചുറിയായിരുന്നു ഇന്ത്യയെ ഇത്ര ശക്തമായ ഒരു നിലയിലെത്തിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡും വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഡാരിൽ മിച്ചലിന്റെയും വില്യംസിന്റെയും മികവിൽ ഒരു ശക്തമായ തിരിച്ചടിയാണ് ന്യൂസിലാൻഡ് നടത്തിയത് പക്ഷേ ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷാമി മികവ് പുലർത്തിയതോടെ ന്യൂസിലാൻഡ് അടിയറവ് പറയുകയായിരുന്നു. മത്സരത്തിലെ തങ്ങളുടെ പ്രകടനത്തെപ്പറ്റി ന്യൂസിലാൻഡ് നായകൻ വില്യംസൻ സംസാരിക്കുകയുണ്ടായി.

ഇന്ത്യ ഒരു ടോപ്പ് ക്ലാസ് ടീമാണെന്നും, അവർക്കെതിരെ വിജയിക്കാൻ അല്പം ബുദ്ധിമുട്ടാണെന്നുമാണ് മത്സരശേഷം വില്യംസൺ പറഞ്ഞത്. “ആദ്യമേ ഞാൻ ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. അവർ ഈ ടൂർണമെന്റിലുടനീളം വളരെ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഇന്നവരുടെ ഏറ്റവും മികച്ച മത്സരമാണ് മൈതാനത്ത് കണ്ടത്. ഈ ലോകകപ്പിലെ ടോപ്പ് സൈഡ് അവർ തന്നെയാണ്. ന്യൂസിലാൻഡ് ടീമിലെ താരങ്ങൾക്ക് ഞാൻ എല്ലാ ക്രെഡിറ്റും നൽകുകയാണ്. ഇന്ത്യൻ ടീമിനെതിരെ പോരാടി നിന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. എന്നിരുന്നാലും നൊകൗട്ട് മത്സരങ്ങളിൽ പുറത്താവുക എന്നത് വലിയ നിരാശയാണ് ഉണ്ടാക്കുന്നത്. ഞങ്ങൾ പരമാവധി ശ്രമിച്ചു. പക്ഷേ ഇന്ത്യ ഒരു ടോപ്പ് ക്ലാസ് സൈഡാണ്.”- വില്യംസൺ പറയുന്നു.

See also  യെല്ലോ ആർമി റിട്ടേൺസ്.. കൊൽക്കത്തയ്ക്കെതിരെ സമഗ്രാധിപത്യം നേടി വിജയം..

“ഇന്ത്യൻ നിരയിലുള്ളത് ലോക നിലവാരമുള്ള ബാറ്റർമാരാണ്. അവർ മൈതാനത്ത് എത്തുകയും, വളരെ മനോഹരമായി ബാറ്റ് ചെയ്യുകയും ചെയ്തു. അങ്ങനെ 400 എന്ന സ്കോറിലെത്തി. ബോളിന് പിച്ചിൽ നിന്ന് ചലനങ്ങൾ ലഭിച്ചത് റൺസ് കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കി. ഇന്ത്യയ്ക്കാണ് ഞാൻ പൂർണമായും ക്രെഡിറ്റ് നൽകുന്നത്. അവർ ഞങ്ങളെ തീർത്തും പരാജയപ്പെടുത്തി. എന്നിരുന്നാലും കിട്ടിയ അവസരം ഉപയോഗിക്കാൻ ഞങ്ങൾ ശ്രമിച്ചു.”- വില്യംസൺ കൂട്ടിച്ചേർത്തു.

“ഗാലറിയിൽ പൂർണമായും ജനങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും എല്ലാവരും ഒരു വശത്തെ മാത്രമാണ് പിന്തുണച്ചത്. ലോകകപ്പിൽ ഈ അവസരം വരെ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. വളരെ മികച്ച രീതിയിൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ മുൻപോട്ട് പോകേണ്ടതുണ്ട്. ഈ ടൂർണമെന്റിൽ രചിൻ രവീന്ദ്രയും മിച്ചലും വളരെ സ്പെഷ്യൽ പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു. അവർ നന്നായി കളിച്ചു. ബോളർമാരും തരക്കേടില്ലാത്ത പ്രകടനങ്ങൾ നടത്തി. ഒരുപാട് പോരാട്ടങ്ങൾ ഉണ്ടായി. വലിയ അഭിമാനമുണ്ട്. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ മുൻപോട്ട് പോവുകയാണ്.”- വില്യംസൻ പറഞ്ഞു വയ്ക്കുന്നു.

Scroll to Top