തള്ളിമറിയ്ക്കണ്ട, ഇന്ത്യ ഒരു സാധാരണ ടീം മാത്രം. ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും അടുത്തെത്തില്ല. പ്രസാദ് പറയുന്നു.

2023 india vs west indies

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ദയനീയമായ പരാജയമായിരുന്നു ഇന്ത്യ നേരിട്ടത്. മത്സരത്തിൽ 6 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ പരാജയം. ഈ പരാജയത്തോടെ പരമ്പര 1-1ന് സമനിലയിലെത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിനെതിരെ വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ്.

ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി രണ്ട് ക്രിക്കറ്റ് ഫോർമാറ്റുകളിലും ഇന്ത്യ ഒരു സാധാരണ ടീം മാത്രമാണ് എന്നാണ് വെങ്കിടേഷ് പ്രസാദിന്റെ അഭിപ്രായം. കഴിഞ്ഞ ഏകദിന-ട്വന്റി20 പരമ്പരകളിലെ ഇന്ത്യയുടെ പ്രകടനങ്ങൾ കൂടി വിലയിരുത്തിയ ശേഷമാണ് പ്രസാദ് സംസാരിച്ചത്.

കഴിഞ്ഞ ഏകദിന-ട്വന്റി20 പരമ്പരകളിലും വലിയ ടൂർണമെന്റുകളിലുമൊക്കെ ഇന്ത്യ ദയനീയമായ പരാജയങ്ങൾ ഏറ്റുവാങ്ങുകയുണ്ടായി. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പ്രസാദ് തന്റെ അഭിപ്രായം ട്വിറ്ററിലൂടെ അറിയിച്ചത്. “ടെസ്റ്റ് ക്രിക്കറ്റ് ഒഴിച്ചുനിർത്തിയാൽ മറ്റ് ക്രിക്കറ്റ് ഫോർമാറ്റുകളിൽ ഇന്ത്യ വെറും സാധാരണ ടീം മാത്രമാണ്. ഇതിന് തെളിവാണ് ഇന്ത്യയുടെ ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയക്കുമെതിരെ അവസാനിച്ച പരമ്പരകൾ. മാത്രമല്ല അവസാനത്തെ രണ്ട് ട്വന്റി20 ലോകകപ്പുകളിലും വളരെ മോശം പ്രകടനം തന്നെയായിരുന്നു ഇന്ത്യ കാഴ്ചവച്ചത്.”- വെങ്കിടേഷ് പ്രസാദ് പറയുന്നു.

Read Also -  എന്തുകൊണ്ടാണ് തോറ്റത് ? കാരണം പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബർ ആസം

“ഓസ്ട്രേലിയയെ പോലെ അപകടകാരികളാവാനോ, ഇംഗ്ലണ്ടിനെപ്പോലെ ആകാംക്ഷയുണ്ടാക്കാനോ ഇന്ത്യൻ ടീമിന് സാധിച്ചിട്ടില്ല എന്നത് വസ്തുതയാണ്. ബോർഡിൽ ഒരുപാട് പണവും ഐസിസിയിൽ കൃത്യമായി അധികാരവും ഉണ്ടായിട്ടും നമുക്ക് ടീമിനെ ചാമ്പ്യൻഷിപ്പിൽ എത്തിക്കാൻ സാധിക്കുന്നില്ല. ഇപ്പോഴും ഒരു കിരീടത്തിൽ നിന്ന് ഒരുപാട് അകലെയാണ് ഇന്ത്യൻ ടീം.

ലോകക്രിക്കറ്റിലെ എല്ലാ ടീമുകളും കളിക്കുന്നത് തങ്ങൾക്ക് ജയിക്കാൻ വേണ്ടിയാണ്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് തങ്ങളുടെ മനോഭാവം വളരെ മോശമായിട്ടാണ് കഴിഞ്ഞ കാലങ്ങളിൽ കണ്ടിട്ടുള്ളത്. ഇതൊക്കെയും മോശം പ്രകടനങ്ങൾക്ക് കാരണമാണ്.”- പ്രസാദ് കൂട്ടിച്ചേർത്തു.

വെസ്റ്റിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ ആധികാരികമായ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. അതിനാൽ തന്നെ ഇന്ത്യ പരമ്പര തൂത്തുവാരുമെന്ന് പലരും വിധിയെഴുതി. എന്നാൽ രണ്ടാം ഏകദിനത്തിൽ വളരെ മോശം പ്രകടനമായിരുന്നു ഇന്ത്യ കാഴ്ചവച്ചത്.

ബാറ്റിംഗിൽ പൂർണമായും തകർന്നുവീണ ഇന്ത്യ ബോളിങ്ങിലും മികവ് പുലർത്തിയില്ല. 2023 ഏഷ്യാകപ്പും ലോകകപ്പും തൊട്ടു മുൻപിൽ നിൽക്കുമ്പോൾ ഇത്തരം ദാരുണമായ പ്രകടനങ്ങൾ ഇന്ത്യയുടെ പ്രതീക്ഷകൾ കെടുത്തുന്നുണ്ട്. പരമ്പരയിലെ മൂന്നാം മത്സരത്തിലും രാഹുൽ ദ്രാവിഡും കൂട്ടരും ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരുമോ എന്ന് കണ്ടറിയേണ്ടതാണ്.

Scroll to Top