ലോകകപ്പിനിടെ 8400 കിലോമീറ്റർ യാത്ര. ഇന്ത്യയ്ക്ക് കിട്ടുന്നത് മുട്ടൻ പണി.

പല കാരണങ്ങൾ കൊണ്ടും 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീട സാധ്യതകളുണ്ട്. തങ്ങളുടെ സ്വന്തം മണ്ണിൽ നടക്കുന്ന മത്സരമായതിനാൽ തന്നെ സാഹചര്യങ്ങളൊക്കെയും ഇന്ത്യയ്ക്ക് അനുകൂലമാണ്. എന്നാൽ 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയെ ബാധിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നം തുടർച്ചയായ യാത്രകളാണ്. ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യ 9 മൈതാനങ്ങളിലാണ് കളിക്കുന്നത്. ആകെ ലോകകപ്പിനായി നിശ്ചയിച്ചിരിക്കുന്ന 10 മൈതാനങ്ങളിൽ 9 എണ്ണത്തിലും കളിക്കുന്ന ഏക ടീം ഇന്ത്യ മാത്രമാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ എല്ലാ അറ്റത്തേക്കും തുടർച്ചയായി ഇന്ത്യക്ക് യാത്രകൾ ആവശ്യമായി വരും. മറ്റു ടീമുകളൊക്കെയും ഒരേ മൈതാനത്ത് രണ്ടു മത്സരങ്ങൾ വീതമാണ് കളിക്കുന്നത്. അതിനാൽ തന്നെ അവരെക്കാൾ ജോലിഭാരം കൂടുതൽ ഇന്ത്യക്കുണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല.

ടൂർണമെന്റിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് കൂടിയാണ് ഇന്ത്യയുടെ മത്സരങ്ങൾ ഓരോ മൈതാനത്തായി നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാഭാഗത്തുമുള്ള ആളുകൾക്ക് ഇന്ത്യൻ മത്സരങ്ങൾ ആസ്വദിക്കാനാണ് ഇത്തരമൊരു ഷെഡ്യൂൾ ക്രമീകരിച്ചത്. എന്നാൽ ഇതുമൂലം വലിയ പ്രശ്നങ്ങൾ ഇന്ത്യയ്ക്ക് ഉണ്ടായേക്കും എന്നാണ് നിരീക്ഷകർ പറയുന്നത്. പി ടി ഐ റിപ്പോർട്ട് ചെയ്തത് പ്രകാരം 8400 കിലോമീറ്ററാണ് ഇന്ത്യയ്ക്ക് 34 ദിവസത്തെ ആദ്യ റൗണ്ട് മത്സരങ്ങൾക്കിടെ സഞ്ചരിക്കേണ്ടി വരുന്നത്. ഈ തുടർച്ചയായ യാത്ര ഇന്ത്യയുടെ തയ്യാറെടുപ്പുകളെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മാത്രമാണ് ഇന്ത്യ ഈ ലോകകപ്പിൽ കളിക്കാത്തത്. ഈ സ്റ്റേഡിയത്തിൽ കേവലം മൂന്നു മത്സരങ്ങൾ മാത്രമാണ് നടക്കുന്നത്. മറ്റ് 9 സ്റ്റേഡിയങ്ങൾക്ക് പുറമേ ഇന്ത്യയ്ക്ക് സന്നാഹ മത്സരങ്ങൾക്കായി ഗുവാഹത്തിയിലും തിരുവനന്തപുരത്തും എത്തേണ്ടതുണ്ട്. ഈ യാത്രകൾക്കൊപ്പം അതുകൂടിയാവുമ്പോഴേക്കു ഇന്ത്യയുടെ ജോലിഭാരം വീണ്ടും വർദ്ധിക്കും. ടൂർണമെന്റിന്റെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യ കളിക്കുന്നത്. മത്സരം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കും. ശേഷം ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്നത് ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെയാണ്. ഈ മത്സരത്തിൽ പങ്കെടുക്കാനായി മാത്രം ഇന്ത്യയ്ക്ക് 1761 കിലോമീറ്റർ താണ്ടേണ്ടിയിരിക്കുന്നു.

ശേഷം പൂനയിൽ നിന്ന് ധർമ്മശാലയിലേക്ക് ഇന്ത്യയ്ക്ക് മൂന്നു ദിവസത്തെ ഇടവേളയിൽ എത്തേണ്ടതായി വരും. 1936 കിലോമീറ്ററാണ് ഇന്ത്യൻ ടീമിന് ഇതിനായി ഫ്ലൈറ്റിൽ യാത്ര ചെയ്യേണ്ടത്. ഇതോടൊപ്പം ടൂർണമെന്റിന്റെ ആദ്യ റൗണ്ടിലെ അവസാന ഘട്ടത്തിലും ഇന്ത്യയ്ക്ക് ഇത്തരത്തിൽ വലിയ യാത്രകൾ ആവശ്യമായി വരുന്നു. ഇന്ത്യയുടെ അവസാന മൂന്നു മത്സരങ്ങൾ കളിക്കണമെങ്കിൽ അവർക്ക് യാത്ര ചെയ്യേണ്ടത് 3100 കിലോമീറ്റർ ആണ്. പക്ഷേ മറ്റു ടീമുകളൊക്കെയും ഒരു മൈതാനത്ത് രണ്ടു മത്സരങ്ങൾ വീതം കളിക്കുന്നതിനാൽ ഇത്രയധികം യാത്രകൾ ആവശ്യമായി വരുന്നില്ല. ഈ യാത്രകൾ ഇന്ത്യയെ ബാധിക്കുമോ എന്ന് സംശയം ആരാധകർക്കിടയിലുമുണ്ട്.

Previous articleവിൻഡിസിനെതിരെ രണ്ടും കൽപ്പിച്ച് സഞ്ജു.. കൊച്ചിയിൽ കഠിനപ്രയത്നത്തിൽ, ലക്ഷ്യം ലോകകപ്പ്.
Next article2023 ലോകകപ്പിൽ നിന്ന് വെസ്റ്റിൻഡീസ് പുറത്ത്. സ്കോട്ട്ലാൻഡിന്റെ  വിജയം 7 വിക്കറ്റുകൾക്ക്.