2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പർ 8 മത്സരങ്ങൾ നാളെയാണ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാൻ ടീമിനെയാണ് നേരിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ 3 വിജയങ്ങൾ സ്വന്തമാക്കിയാണ് ഇന്ത്യ സൂപ്പർ 8ലേക്ക് എത്തിയിരിക്കുന്നത്.
ആദ്യ മത്സരത്തിൽ അയർലൻഡിനെയും പിന്നീട് പാക്കിസ്ഥാനെയും അമേരിക്കയെയും പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ന്യൂയോർക്കിലെ പ്രയാസമായ ബാറ്റിംഗ് സാഹചര്യത്തിലും വളരെ പക്വതയോടെ ബാറ്റ് ചെയ്താണ് ഇന്ത്യ സൂപ്പർ 8ൽ എത്തിയിരിക്കുന്നത്. എന്നാൽ സൂപ്പർ 8ൽ തങ്ങൾ നേരിടുന്ന വലിയ വെല്ലുവിളിയെ പറ്റി സംസാരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.
തങ്ങളുടെ സൂപ്പർ 8 ഗ്രൂപ്പിലുള്ള ടീമുകൾ ഒക്കെയും വളരെ മികച്ചതാണെന്നും, അതിനാൽ തന്നെ പ്രത്യേകമായ പ്രകടനങ്ങൾ കാഴ്ചവെച്ചാൽ മാത്രമേ സെമിഫൈനലിൽ എത്താൻ സാധിക്കു എന്നും രോഹിത് ശർമ ചൂണ്ടിക്കാട്ടുന്നു.
“എല്ലാ ടീമുകളും ചെറിയ വ്യത്യാസങ്ങളോടെ മുൻപോട്ടു കുതിയ്ക്കാൻ തയ്യാറായി നിൽക്കുന്നവരാണ്. അതിനാൽ തന്നെ മത്സരങ്ങളെയും കഴിവുകളെയും ഞങ്ങൾ വളരെ സീരിയസായാണ് കാണുന്നത്. ഞങ്ങൾ ആദ്യ മത്സരത്തിൽ കളിച്ച ശേഷം അടുത്ത 3-4 ദിവസങ്ങൾക്കുള്ളിൽ തന്നെ അടുത്ത 2 മത്സരങ്ങളും കളിക്കേണ്ടി വരുന്നു. ഇത് ഒരു വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും ഈ സാഹചര്യങ്ങളോട് പൊരുതാൻ ഞങ്ങൾക്ക് സാധിക്കും. ഇത്തരത്തിൽ ഒരുപാട് തവണ യാത്രകൾ നടത്തി മത്സരങ്ങൾ കളിച്ചിട്ടുള്ള പരിചയം ഞങ്ങൾക്കുണ്ട്. അതുകൊണ്ട് ഇതൊരു ന്യായീകരണമല്ല.”- രോഹിത് പറഞ്ഞു.
“പ്രധാനമായും ഞങ്ങൾ ഞങ്ങളുടെ കഴിവിലേക്കാണ് ശ്രദ്ധ ചെലുത്തുന്നത്. ഒരു ടീം എന്ന നിലയിൽ എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ഞങ്ങൾ കൂടുതലായി ചിന്തിക്കുന്നു. വെസ്റ്റിൻഡീസിൽ ഞങ്ങൾ ഒരുപാട് മത്സരങ്ങൾ ഇതിനോടകം തന്നെ കളിച്ചിട്ടുണ്ട്. എന്താണ് ഓരോ മത്സരങ്ങളിലും ചെയ്യേണ്ടത് എന്ന് എല്ലാ ടീമംഗങ്ങളും കൃത്യമായി മനസ്സിലാക്കണം. വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതേസമയം ഞങ്ങൾക്ക് വലിയ ആവേശവുമുണ്ട്.”- രോഹിത് ശർമ കൂട്ടിച്ചേർക്കുകയുണ്ടായി.
ജൂൺ 20ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ 8 മത്സരം നടക്കുന്നത്. ശേഷം ജൂൺ 22ന് ബംഗ്ലാദേശിനെതിരെ ഇന്ത്യ മൈതാനത്തിറങ്ങും. പിന്നീട് ജൂൺ 24ന് ഓസ്ട്രേലിയ ഇന്ത്യയുടെ എതിരാളികളായി എത്തും. ഈ മത്സരങ്ങളിലൊക്കെയും മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ലോകകപ്പിന്റെ സെമിഫൈനലിൽ എത്താൻ സാധിക്കൂ.
2013ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം മറ്റൊരു ഐസിസി ട്രോഫി സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യയെ സംബന്ധിച്ച് വലിയൊരു അവസരം തന്നെയാണ് 2024 ട്വന്റി20 ലോകകപ്പിൽ ഒരുങ്ങിയിരിക്കുന്നത്.