രോഹിതിന്റെ പകരക്കാരൻ, ഇന്ത്യൻ ടീമിന്റെ സ്ഥിര ഓപ്പണറായി സഞ്ജു സാംസൺ.

അവസാനം തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യയുടെ ട്വന്റി20 ടീമിൽ സ്ഥിരമായ സ്ഥാനം ഉറപ്പിക്കാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചു. ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായി സെഞ്ചുറികൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറുകയും ചെയ്തു. ഇതോടെ രോഹിത്തിന്റെ പകരക്കാരനായാണ് സഞ്ജു ഇന്ത്യയുടെ ഓപ്പണർ സ്ഥാനത്ത് സ്ഥിര സാന്നിധ്യമായിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 107 റൺസിന്റെ കിടിലൻ ഇന്നിംഗ്സാണ് സഞ്ജു കാഴ്ചവെച്ചത്. തന്റെ പവറും ആക്രമണ മനോഭാവവും പൂർണമായും ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് മുൻപിൽ പുലർത്താൻ സഞ്ജുവിന് സാധിച്ചു.

ട്വന്റി20 ക്രിക്കറ്റിലെ സഞ്ജുവിന്റെ പ്രകടനത്തെ സംബന്ധിച്ച് ഒരുപാട് സംശയങ്ങൾ മുൻപ് നിലനിന്നിരുന്നു. സ്ഥിരതയില്ലാത്ത പ്രകടനത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും സഞ്ജു കേട്ടിരുന്നു. എന്നാൽ കഴിഞ്ഞ 2 മത്സരങ്ങളിൽ ഇത്തരത്തിൽ തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നവർക്ക് കൃത്യമായ മറുപടി സഞ്ജു നൽകി.

ബംഗ്ലാദേശിനെതിരായ മത്സരത്തിലെ സെഞ്ച്വറിയ്ക്ക് ശേഷവും സഞ്ജുവിനെതിരെ വിമർശകർ എത്തിയിരുന്നു. ഒരു ദുർബലമായ ടീമിനെതിരെ സെഞ്ചുറി നേടാൻ ആർക്കും സാധിക്കുമെന്നാണ് ചില മുൻ താരങ്ങൾ പറഞ്ഞത്. എന്നാൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ദക്ഷിണാഫ്രിക്കൻ ടീമിനെതിരെ സെഞ്ചുറി നേടി എല്ലാവരെയും തൃപ്തിപ്പെടുത്താൻ സഞ്ജുവിന് സാധിച്ചു.

ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് രോഹിത് ശർമ വിരമിച്ചതിന് ശേഷം പകരക്കാരനായ ഒരു ഓപ്പണറെ കണ്ടെത്താൻ ഇന്ത്യ ശ്രമത്തിലായിരുന്നു. ജയസ്വാൾ, ശുഭ്മാൻ ഗിൽ എന്നിവർ ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങളിൽ ഓപ്പണറായി എത്തിയിട്ടുണ്ടെങ്കിലും, മറ്റു ഫോർമാറ്റുകളിൽ അധിക ജോലിഭാരം ഉള്ളതിനാൽ ഇവർക്ക് കുട്ടിക്രിക്കറ്റിൽ കൂടുതൽ സമയം ചിലവഴിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തതോടെ രോഹിത് ശർമയ്ക്ക് ഒരു പകരക്കാരൻ എത്തിയിരിക്കുകയാണ്. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായ മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായി സഞ്ജുവിന് മാറാൻ സാധിച്ചിട്ടുണ്ട്.

ഫ്രാൻസിന്റെ താരം മക്കോൻ 2022ൽ തുടർച്ചയായ 2 ട്വന്റി20 മത്സരങ്ങളിൽ സെഞ്ച്വറികൾ സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കൻ താരം റൂസോ 2022ൽ തുടർച്ചയായി സെഞ്ച്വറികൾ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. ഇംഗ്ലണ്ടിന്റെ ഫിൽ സോൾട്ട് 2023ൽ ഇത്തരത്തിൽ ചരിത്രം കുറിക്കുകയുണ്ടായി. ശേഷമാണ് സഞ്ജു സാംസൺ ഇപ്പോൾ ഇവരുടെ റെക്കോർഡിനൊപ്പം എത്തിയിരിക്കുന്നത്. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് വളരെ മികച്ച ഒരു മത്സരം തന്നെയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20. വരുന്ന മത്സരങ്ങളിലും ഈ പ്രകടനം കാഴ്ചവച്ചാൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിക്കും.

Previous article“സഞ്ജു ഇങ്ങനെ അടിച്ചു തകർക്കുമ്പോൾ എങ്ങനെ പിടിച്ചു നിർത്താനാണ് “. സൗത്താഫ്രിക്കന്‍ നായകൻ ചോദിക്കുന്നു.