2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് മത്സരം വെസ്റ്റിൻഡീസിനെതിരെ കളിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ന് വൈകിട്ട് ഡൊമിനിക്കയിലാണ് വെസ്റ്റിൻഡീസിനെതിരായ ആദ്യ മത്സരം ആരംഭിക്കുന്നത്. ഇതിനു മുൻപുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിൾ മത്സരങ്ങളിൽ മികവാർന്ന പ്രകടനം തന്നെയാണ് ഇന്ത്യ പുറത്തെടുത്തിട്ടുള്ളത്. എന്നാൽ ഇന്ത്യയെ ടെസ്റ്റ് മത്സരങ്ങളിൽ എന്നെന്നും അലട്ടിയിട്ടുള്ള ഒരു പ്രശ്നമാണ് കളിക്കാരുടെ പരിക്ക്. പല മുൻനിര ബോളർമാരും ഇന്ത്യൻ ടീമിൽ നിന്ന് വളരെ കാലങ്ങളായി പരിക്ക് മൂലം മാറിനിൽക്കുകയാണ്. ആദ്യ ടെസ്റ്റിന് മുൻപുള്ള വാർത്താസമ്മേളനത്തിൽ രോഹിത് ശർമ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വലിയ മത്സരങ്ങളിൽ മുൻനിര പേസർമാർക്ക് പരിക്ക് പറ്റുന്നത് ഇന്ത്യയെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട് എന്നാണ് രോഹിത് ശർമ അഭിപ്രായപ്പെട്ടിരിക്കുന്നത്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് വരുമ്പോഴും ഇന്ത്യൻ നിരയിൽ ഒരുപാട് പേസ് ബോളർമാരുടെ അഭാവമുണ്ട്. ഇത്തരത്തിൽ ബോളർമാർക്ക് നിരന്തരം പരിക്ക് പറ്റുന്നത് പല പ്രധാന ഇവന്റുകളിലും ഇന്ത്യയെ മുൻപ് ബാധിച്ചിരുന്നു. ഇതിന് പരിഹാരം കാണാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ വിൻഡീസിനെതിരെ ഇറങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ബൂംറ, റിഷഫ് പന്ത്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവരുടെ അഭാവം ഇന്ത്യൻ നിരയിൽ ഉണ്ടായിരുന്നു. അതേ സ്ഥിതി തന്നെയാണ് വെസ്റ്റിൻഡീസിനെതിരെ ഇറങ്ങുമ്പോഴും ഉള്ളത്.
“വെസ്റ്റിൻഡീസിലെ സാഹചര്യങ്ങളിൽ പേസർമാർക്ക് ഒരുപാട് വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കും. പക്ഷേ ഇന്ത്യയുടെ നിലവിലെ സാഹചര്യങ്ങൾ അതിന് അനുയോജ്യമല്ല. പല കളിക്കാർക്കും പരിക്കേറ്റിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പലപ്പോഴും ഒരു റൊട്ടേഷൻ പോളിസിയാണ് നമ്മൾ ചെയ്യുന്നത്. ഇപ്പോൾ നമുക്ക് ആവശ്യമുള്ളത്ര ബോളർമാർ ടീമിലില്ല. ഇന്ത്യയിൽ ബോളർമാർ ഒരുപാട് പേരുണ്ട്. പക്ഷേ എല്ലാവർക്കും തന്നെ പരിക്കു പറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നമുക്ക് പക്കലുള്ള സ്രോതസ്സുകൾ വച്ച് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പരിചയസമ്പന്നരായ ബോളർമാരില്ലാതെയാണ് വിൻഡീസിനെതിരായ പര്യടനത്തിന് നമ്മൾ ഇറങ്ങുന്നത്.”- രോഹിത് ശർമ പറയുന്നു.
ഇന്നു വൈകിട്ട് 7.30നാണ് ഇന്ത്യയുടെ വിൻഡീസിനെതിരായ ആദ്യ മത്സരം നടക്കുന്നത്. ഡൊമിനിക്കയിൽ നടക്കുന്ന മത്സരത്തിൽ കൂടുതൽ യുവതാരങ്ങൾ ഇന്ത്യക്കായി അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയസ്വാൾ, ഇഷാൻ കിഷൻ അടക്കമുള്ള താരങ്ങൾ ഇന്ത്യക്കായി മത്സരങ്ങളിൽ അരങ്ങേറുമ്പോൾ പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിൽ തന്നെയാണ് ബിസിസിഐ.