തലയുയർത്തി മടങ്ങാം രോഹിതിന്റെ പടയ്ക്ക്. ഇത്രമാത്രം ആവേശം നിറഞ്ഞ ലോകകപ്പ് തന്നതിന് നന്ദി.

india 2023

2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഒരു അപ്രതീക്ഷിത പരാജയമായിരുന്നു ഇന്ത്യയെ തേടിയെത്തിയത്. ടൂർണമെന്റിലെ മുഴുവൻ മത്സരങ്ങളിലും വിജയം നേടി കിരീടം സ്വന്തമാക്കാം എന്ന ഇന്ത്യയുടെ സ്വപ്നത്തിന് മേലാണ് ഓസ്ട്രേലിയ വില്ലനായി അവതരിച്ചത്. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമായിരുന്നു ശക്തരായ ഓസ്ട്രേലിയ സ്വന്തമാക്കിയത്.

ഇന്ത്യയെ സംബന്ധിച്ച് വലിയ നിരാശ തന്നെയാണ് ഉണ്ടായിരിക്കുന്നത്. ടൂർണമെന്റിലൂടനീളം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും അവസാനനിമിഷം കലമുടച്ചതിന് തുല്യമാണ് ഈ പരാജയം. എന്നിരുന്നാലും രോഹിത് ശർമയ്ക്കും ടീമിനും തലയുയർത്തി തന്നെ മൈതാനം വിടാം എന്നതാണ് 2023 ഏകദിന ലോകകപ്പിന്റെ പ്രത്യേകത.

കാരണം അത്രമാത്രം മികച്ച പ്രകടനങ്ങളാണ് രോഹിത് ശർമയും ടീമും ഇത്തവണ കാഴ്ച വെച്ചത്. പലരും കരുത്തരെന്ന് വിലയിരുത്തിയ ടീമുകളെയൊക്കെയും അനായാസം പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. രാഹുൽ ദ്രാവിഡിന്റെയും രോഹിത് ശർമയുടെയും നേതൃത്വത്തിൽ കഴിഞ്ഞ 10 മത്സരങ്ങളിലും ശക്തമായ പോരാട്ടം തന്നെയാണ് ഇന്ത്യ നയിച്ചത്.

എല്ലാ മത്സരങ്ങളിലും ഓരോ ഹീറോകൾ ഇന്ത്യക്കായി ഉയർന്നു വരുന്നുണ്ടായിരുന്നു. എന്നാൽ ഫൈനൽ മത്സരത്തിൽ അങ്ങനെയൊന്നുണ്ടായില്ല എന്നതാണ് പ്രത്യേകത. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയ്ക്ക് മോശം ദിവസം തന്നെയായിരുന്നു ഇന്ന്.

പലപ്പോഴും രോഹിത് ശർമയുടെ രക്ഷകനായി എത്താറുള്ള ശ്രേയസ് അയ്യരും മുഹമ്മദ് സിറാജുമൊക്കെ മത്സരത്തിൽ അടിപതറി വീണപ്പോൾ ഇന്ത്യൻ സ്വപ്നങ്ങൾ പൊലിയുകയായിരുന്നു. 2003 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയോഡേറ്റ പരാജയത്തിന് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യ മൈതാനത്ത് എത്തിയത്.

See also  കൂകിവിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിക്കാൻ ഹർദിക്കിനറിയാം. പിന്തുണയുമായി ഇഷാൻ കിഷൻ.

ഗാലറിയിൽ ഒരു ലക്ഷത്തിലധികം ആരാധകർ കാത്തിരുന്നതും ആ നിമിഷത്തിനു വേണ്ടിയാണ്. എന്നാൽ ഓസ്ട്രേലിയയുടെ ശക്തിക്കും അവസരത്തിനൊത്ത പ്രകടനത്തിനും മുൻപിൽ ആ പക വീട്ടൽ ഇല്ലാതായി. ഇനി ഇത്രയും ആവേശം നിറഞ്ഞ മറ്റൊരു ലോകപ്പുണ്ടാവുമോ എന്നത് പറയാൻ സാധിക്കില്ല. എന്നിരുന്നാലും ഇന്ത്യൻ ആരാധകരെ ഇത്രയധികം ആവേശം കൊള്ളിച്ച മറ്റൊരു ലോകകപ്പ് ഉണ്ടാവാൻ സാധ്യതയില്ല.

വലിയ പ്രതീക്ഷയോടെ ലോകകപ്പിലേക്ക് എത്തിയ ഇന്ത്യ ആദ്യ മത്സരം മുതൽ ആ പ്രതീക്ഷകൾ കാത്തു. അവസാന നിമിഷം വരെ പോരാടി ഇന്ത്യ പരാജയപ്പെടുകയായിരുന്നു. വിരാട് കോഹ്ലി, രോഹിത് ശർമ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, മുഹമ്മദ് ഷാമി തുടങ്ങി ഈ ലോകകപ്പിൽ ഇന്ത്യയ്ക്കായി അത്ഭുതങ്ങൾ കാട്ടിയവർ ഒരുപാടുണ്ട്. എല്ലാവരെയും ഓർത്ത് ഇന്ത്യൻ ആരാധകർക്ക് അഭിമാനിക്കാം. ഇനിയുള്ള ലോകകപ്പിൽ കൂടുതൽ ശക്തമായ പ്രകടനത്തോടെ തിരിച്ചെത്തി കിരീടം ഉയർത്താൻ ഇന്ത്യയ്ക്ക് സാധിക്കും എന്ന് വിശ്വസിക്കാം.

Scroll to Top