ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 295 റൺസിന്റെ കൂറ്റൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ സമ്മർദ്ദത്തിലെത്തിയ ഇന്ത്യയുടെ മറ്റൊരു മുഖമായിരുന്നു പെർത്തിൽ കാണാൻ സാധിച്ചത്.
നായകൻ ബുംറയുടെ നേതൃത്വത്തിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചാണ് ഓസ്ട്രേലിയക്കെതിരെ ഒരു വലിയ വിജയം ഇന്ത്യ സ്വന്തമാക്കിയത്. ഇതിന് ശേഷം ഇന്ത്യൻ ടീമിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായ പാക്കിസ്ഥാൻ താരം വസിം അക്രം.
ഇത്രയും വലിയ വിജയം ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ സ്വന്തമാക്കുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അക്രം പറയുന്നത്. “ഇന്ത്യ പെർത്തിൽ 295 റൺസിന്റെ വലിയ വിജയം സ്വന്തമാക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഇതൊരു വലിയ അംഗീകാരമായി മാത്രമേ കാണാൻ സാധിക്കു. ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാത്രം വിജയമായി കാണാൻ സാധിക്കില്ല. ഇന്ത്യൻ ക്രിക്കറ്റ് സമൂഹത്തിന്റെ തന്നെ ഒരു വലിയ വിജയമാണിത്. ഇപ്പോൾ ഇന്ത്യൻ ടീം പൂർണ്ണമായ ആത്മവിശ്വാസത്തിലാണ്. എവിടെ ചെന്നും, ആരെ വേണമെങ്കിലും പരാജയപ്പെടുത്താൻ ഇപ്പോഴത്തെ ഇന്ത്യയ്ക്ക് സാധിക്കും.”- അക്രം പറയുന്നു.
“കഴിഞ്ഞ 140 വർഷത്തെ ക്രിക്കറ്റ് ചരിത്രം എടുത്തു നോക്കിയാൽ, ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഏഷ്യൻ ടീം പെർത്തിൽ കൃത്യമായി ആധിപത്യം സ്ഥാപിച്ച് വിജയം സ്വന്തമാക്കുന്നത് ഞാൻ കാണുന്നത്. മത്സരത്തിൽ വളരെ ഏകപക്ഷീയമായ രീതിയിലുള്ള വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അതുകൊണ്ടു തന്നെ ഇന്ത്യൻ ടീമിന് ഒരു പ്രശ്നവും മത്സരത്തിൽ നേരിട്ടില്ല. ആദ്യ ഇന്നിങ്സിൽ ബാറ്റിംഗ് ദുരന്തം ഉണ്ടായ ശേഷം രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാർ ടീമിനെ നയിച്ച രീതി വളരെ അവിസ്മരണീയമായിരുന്നു. ഒരു ഏഷ്യൻ ടീം ഇത്തരത്തിൽ ഓസ്ട്രേലിയയിൽ പ്രകടനം കാഴ്ചവയ്ക്കുന്നത് ഞാൻ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ”- അക്രം കൂട്ടിച്ചേർത്തു.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ കേവലം 150 റൺസിന് പുറത്തായിരുന്നു. ശേഷം ബൂമ്രയുടെ നേതൃത്വത്തിൽ ഒരു ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഓസ്ട്രേലിയയെ തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ കേവലം 140 റൺസിന് പുറത്താക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു.
ശേഷം ഒരു വമ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് 535 എന്ന വിജയലക്ഷ്യം ഓസ്ട്രേലിയയുടെ മുൻപിലേക്ക് ഇന്ത്യ വെച്ചിരുന്നു. ഇത് മറികടക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ല. ഇതോടെ ഇന്ത്യ വമ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു. ഡിസംബർ 6നാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.