ഇന്ത്യ ഫേവററേറ്റുകളല്ല, ഞങ്ങൾ തോല്പിക്കും. വെല്ലുവിളിയുമായി ബംഗ്ലാദേശ് യുവ പേസർ.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. 2024 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യ വിശ്രമം അനുവദിച്ച സീനിയർ താരങ്ങളൊക്കെയും ഈ പരമ്പരയിലൂടെ തിരികെ ടീമിലെത്തുകയാണ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന പരമ്പരയിൽ പൂർണ്ണ ആധിപത്യം സ്ഥാപിച്ച് വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിന് വലിയ വെല്ലുവിളി ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് ബംഗ്ലാദേശിന്റെ പേസ് ബോളർ നാഹിദ് റാണ.

കഴിഞ്ഞ സമയങ്ങളിൽ ബംഗ്ലാദേശിനായി തകർപ്പൻ പ്രകടനങ്ങളായിരുന്നു റാണ കാഴ്ചവച്ചിരുന്നത്. ഇപ്പോൾ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന ആത്മവിശ്വാസം റാണ പ്രകടിപ്പിച്ചിരിക്കുന്നു. “തീർച്ചയായും ഇന്ത്യയ്ക്കെതിരായ പരമ്പരക്കായി ഞങ്ങൾ എല്ലാത്തരത്തിലും തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. ഞങ്ങൾ ഞങ്ങളുടെ പരിശീലനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുന്നത് ഞങ്ങളെ സംബന്ധിച്ച് നല്ല കാര്യമാണ്. മൈതാനത്ത് വളരെ കൃത്യമായി തന്ത്രങ്ങൾ പ്രാവർത്തികമാക്കാൻ അത് സഹായിക്കും.”- ഒരു ഔദ്യോഗിക വീഡിയോയിൽ റാണ പറയുന്നു.

“ഇന്ത്യ മികച്ച ഒരു ടീമാണ് എന്ന് ഞങ്ങൾ അംഗീകരിക്കുന്നു. പക്ഷേ ക്രിക്കറ്റിൽ, ഏത് ടീമാണോ മൈതാനത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് അവരായിരിക്കും വിജയിക്കുക. അതുകൊണ്ടുതന്നെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നമുക്ക് കണ്ടറിയാം.”- റാണ കൂട്ടിച്ചേർത്തു. തന്റെ അവിശ്വസനീയമായ സ്പീഡ് കൊണ്ടാണ് റാണ ഇതിനോടകം തന്നെ വാർത്തകളിൽ നിറഞ്ഞത്. ശ്രീലങ്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ചത് മുതൽ 150 കിലോമീറ്റർ സ്പീഡിൽ പന്തറിയാൻ റാണയ്ക്ക് സാധിക്കുന്നുണ്ട്. ബംഗ്ലാദേശിന്റെ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലും വളരെ നിർണായകമായ പ്രകടനമായിരുന്നു റാണ കാഴ്ച വച്ചിരുന്നത്.

പരമ്പരയിൽ ബംഗ്ലാദേശിന്റെ ചരിത്ര വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് റാണ തന്നെയാണ്. അവസാന ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റുകൾ സ്വന്തമാക്കാൻ റാണയ്ക്ക് സാധിച്ചിരുന്നു. അതിനാൽ ഇന്ത്യക്കും റാണ വെല്ലുവിളിക്കാൻ സാധ്യതയുണ്ട്.

മറുവശത്ത് രോഹിത് ശർമയുടെ നേതൃത്വത്തിൽ ശക്തമായ ഒരു ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യയ്ക്കുള്ളത്. ബൂമ്ര അടക്കമുള്ള താരങ്ങൾ തിരികെ ടീമിലേക്ക് എത്തുമ്പോൾ പരമ്പരയിൽ അനായാസ വിജയം സ്വന്തമാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

Previous article9 റൺസ് വഴങ്ങി 4 വിക്കറ്റ്. അക്ഷയ് ചന്ദ്രന് മുമ്പിൽ മുട്ടുമടക്കി ട്രിവാൻഡ്രം. ആലപ്പിയ്ക്ക് വമ്പൻ വിജയം.
Next articleഇന്ത്യയുടെ അടുത്ത നായകനും സൂപ്പർസ്റ്റാറും അവനാണ്. സെലക്ടർമാർ തീരുമാനിച്ചു കഴിഞ്ഞെന്ന് ആകാശ് ചോപ്ര.