സെമിയിൽ ഇന്ത്യയാണ് ഫേവറേറ്റുകൾ. ഓസീസ് ബുദ്ധിമുട്ടും : സുനിൽ ഗവാസ്കർ

2025 ചാമ്പ്യൻസ് ട്രോഫിയുടെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ ആണ് നേരിടുന്നത്. ഈ മത്സരത്തിൽ ഇന്ത്യൻ ടീമിനാണ് കൂടുതൽ മുൻതൂക്കം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സുനിൽ ഗവാസ്കർ. ദുബായ് പിച്ചിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ തന്നെയാണ് ഫേവറേറ്റുകൾ എന്ന് സുനിൽ ഗവാസ്കർ ഉറപ്പിച്ചു പറയുന്നു.

ഇതുവരെ ദുബായിൽ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തിട്ടുള്ളത്. ടൂർണമെന്റിൽ 3 മത്സരങ്ങൾ ദുബായ് പിച്ചിൽ കളിച്ച ഇന്ത്യയ്ക്ക് എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ഗവാസ്കർ രംഗത്ത് എത്തിയിരിക്കുന്നത്.

നിലവിൽ ദുബായിലെ പിച്ച് സ്പിന്നിനെ അനുകൂലിക്കുന്നതാണെന്നും അതിനാൽ ഇന്ത്യയ്ക്ക് മത്സരത്തിൽ മേൽകൈ ലഭിക്കുമെന്നും ഗവാസ്കർ പറഞ്ഞു. ഇപ്പോഴത്തെ ഓസ്ട്രേലിയൻ ടീമിൽ ഇന്ത്യയോട് കിടപിടിക്കാൻ സാധിക്കുന്ന സ്പിൻ വിഭാഗമില്ല എന്നാണ് ഗവാസ്കറുടെ കണക്കുകൂട്ടൽ. മാത്രമല്ല പാറ്റ് കമ്മീൻസിനെ പോലെയുള്ള പ്രധാന താരങ്ങൾ ടീമിൽ നിന്ന് മാറിനിൽക്കുന്നതും ഓസ്ട്രേലിയക്ക് ദോഷം ചെയ്യും എന്ന് ഗവാസ്കർ കരുതുന്നു. സെമിഫൈനൽ മത്സരത്തിൽ ടോസ് ലഭിച്ചാൽ ബോളിങ് തിരഞ്ഞെടുക്കുന്നതാണ് ഇന്ത്യക്ക് ഗുണമായി മാറുക എന്നും ഗവാസ്കർ പറയുകയുണ്ടായി.

“ഈ ഉപരിതലത്തിൽ ഇന്ത്യ വിജയിക്കാനാണ് സാധ്യത. കാരണം ഓസ്ട്രേലിയക്ക് വേണ്ട രീതിയിലുള്ള സ്പിന്‍ അറ്റാക്ക് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല പാറ്റ് കമ്മിൻസ്, ഹേസൽവുഡ്, സ്റ്റാർക്ക് തുടങ്ങിയ പ്രധാന താരങ്ങളെ ഓസ്ട്രേലിയ നന്നായി തന്നെ മിസ് ചെയ്യുന്നുണ്ട്. അവരുടെ ബാറ്റിംഗ് ഇപ്പോഴും വളരെ മികച്ചത് തന്നെയാണ്. വളരെ ആക്രമണപരമായ രീതിയിൽ മത്സരത്തെ സമീപിക്കാൻ അവരുടെ ബാറ്റിംഗ് നിരക്ക് സാധിക്കും. അതുകൊണ്ടുതന്നെ മത്സരത്തിൽ ഇന്ത്യ ചെയ്യേണ്ടത് ചെയ്സ് ചെയ്യാൻ തയ്യാറാവുക എന്നതാണ്. ഓസ്ട്രേലിയയെ ചേസ് ചെയ്യാൻ സമ്മതിക്കാതിരിക്കുക.”- ഗവാസ്കർ പറഞ്ഞു.

ദുബായിലുള്ളത് അത്ര മോശം പിച്ചല്ല എന്നാണ് ഗവാസ്ക്കറുടെ പക്ഷം. “ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ മത്സരത്തിലെ ആദ്യ കുറച്ച് ഓവറുകൾ പരിശോധിക്കു. ആ ഓവറുകളിൽ സ്പിന്നർമാർക്ക് വേണ്ട രീതിയിലുള്ള സഹായം ലഭിച്ചില്ല. മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് സ്പിന്നിന് കൂടുതൽ ആനുകൂല്യം ലഭിച്ചത്. ഒരു കാരണവശാലും 205 റൺസ് ചെയ്ത് ചെയ്യാൻ സാധിക്കാത്ത ഒരു പിച്ചായിരുന്നില്ല ദുബായിലേത്. സ്പിന്നർമാർക്ക് കുറച്ച് ടെൺ ലഭിച്ചു എന്നത് സത്യമാണ്. പക്ഷേ ഇന്ത്യൻ ബോളർമാരുടെ അതിവിദഗ്ധമായ പ്രകടനമാണ് മത്സരത്തിൽ ടീമിനെ വിജയിപ്പിച്ചത്.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

Previous articleരോഹിത് തടിയൻ, ഇന്ത്യ കണ്ട മോശം ക്യാപ്റ്റൻ. പ്രസ്താവനയുമായി രാഷ്ട്രീയ നേതാവ്