ജൂൺ അഞ്ചിന് അയർലൻഡിനെതിരായ മത്സരത്തോടു കൂടിയാണ് ഇന്ത്യയുടെ 2024 ട്വന്റി20 ലോകകപ്പ് ക്യാമ്പയിന് തുടക്കമാവുന്നത്. പ്രാഥമിക ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ഇത്തവണ ഗ്രൂപ്പ് എയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ അയലൻഡ്, അമേരിക്ക, കാനഡ, ബദ്ധവൈദികളായ പാക്കിസ്ഥാൻ എന്നിവർ ഗ്രൂപ്പിൽ ഉൾപ്പെടുന്നുണ്ട്.
പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം ജൂൺ 9ന് ന്യൂയോർക്കിലാണ് നിശ്ചയിച്ചിരിക്കുന്നത്. 2024 ലോകകപ്പ് തുടങ്ങാൻ കേവലം ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ വലിയൊരു പ്രസ്താവനയുമായാണ് മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കിൾ ക്ലാർക്ക് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ തങ്ങളുടെ സ്ക്വാഡിലേക്ക് കുറച്ചധികം സ്പിന്നർമാരെ ഉൾപ്പെടുത്തിയത് വലിയ റിസ്കാണ് എന്ന് ക്ലാർക്ക് പറയുകയുണ്ടായി.
നിലവിൽ 15 അംഗ സ്ക്വാഡിലേക്ക് 4 സ്പിന്നർമാരെയാണ് ഇന്ത്യ ഉൾപ്പെടുത്തിയിട്ടുള്ളത്. രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ചാഹൽ. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു റിസ്കാണ് എന്ന് ക്ലാർക്ക് പറയുന്നു.
“ഓസ്ട്രേലിയൻ ടീമിൽ നിന്ന് വ്യത്യസ്തമായി സ്പിന്നിനെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യൻ സ്ക്വാഡിനെയാണ് ഈ ലോകകപ്പിൽ കാണാൻ സാധിക്കുന്നത്. കൂടുതൽ സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയതോടെ ഇന്ത്യ വലിയ ഒരു റിസ്കാണ് എടുത്തിരിക്കുന്നത് എന്ന് പറയാതിരിക്കാൻ സാധിക്കില്ല.”
“എന്നിരുന്നാലും കരീബിയൻ സാഹചര്യങ്ങളിലെ എന്റെ അനുഭവസമ്പത്ത് വച്ചു നോക്കുമ്പോൾ സ്പിൻ ബോളിംഗിന് അവിടെ വലിയ പ്രാധാന്യമുണ്ട്. ഏതുതരത്തിൽ സ്പിന്നർമാർക്കെതിരെ ബാറ്റർമാർ കളിക്കുന്നു എന്നതും ടീമിന്റെ വിജയത്തിൽ വലിയ പങ്കുവഹിക്കും. എന്നെ സംബന്ധിച്ച് ഇങ്ങനെ നോക്കുമ്പോൾ ഓസ്ട്രേലിയൻ ടീമിന് വലിയ ഭീഷണി ഉണ്ടാക്കുന്നത് ഇന്ത്യ തന്നെയാണ്.”- ക്ലാർക്ക് പറയുന്നു.
അതേസമയം ടൂർണമെന്റിലെ ഓസ്ട്രേലിയയുടെ വീക്ക്നെസ്സിനെ സംബന്ധിച്ചും ക്ലാർക്ക് സംസാരിച്ചു. “നമ്മൾ ഓസ്ട്രേലിയയുടെ വീക്ക്നെസ്സിലേക്ക് നോക്കുകയാണെങ്കിൽ, ഒരു പ്രധാന പ്രശ്നം അവർക്കുണ്ട്. ഇന്ത്യൻ താരങ്ങൾ ഐപിഎല്ലിൽ നിന്നാണ് കടന്നുവരുന്നത്. എന്നാൽ പല ഓസ്ട്രേലിയൻ താരങ്ങൾക്കും സമീപകാലത്ത് ഇത്രയധികം മത്സരങ്ങൾ കളിക്കാൻ സാധിച്ചിട്ടില്ല. ഫേവറേറ്റുകൾ ആരാണ് എന്ന് ചോദിച്ചാൽ ഞാൻ ഇന്ത്യ എന്നാവും ഉത്തരം നൽകുക.”
“കാരണം അത്രമാത്രം ക്രിക്കറ്റ് കഴിഞ്ഞ കുറച്ചു മാസങ്ങളിൽ അവർ കളിച്ചിട്ടുണ്ട്. അവിസ്മരണീയമായ മുന്നൊരുക്കങ്ങളാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. അമേരിക്കയിലും കരീബിയനിലും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. പക്ഷേ അതിന് അനുയോജ്യമായ താരങ്ങൾ ഇന്ത്യൻ നിരയിലുണ്ട്.”- ക്ലാർക്ക് കൂട്ടിച്ചേർക്കുന്നു.
2007ലെ പ്രാഥമിക ലോകകപ്പിൽ ആയിരുന്നു ഇതിന് മുൻപ് ഇന്ത്യ ട്വന്റി20 കിരീടം സ്വന്തമാക്കിയത്. ശേഷം മികച്ച പ്രകടനങ്ങൾ പല ടൂർണമെന്റ്കളിലും കാഴ്ചവെച്ചെങ്കിലും ഇന്ത്യയ്ക്ക് കിരീടം സ്വന്തമാക്കാൻ സാധിച്ചില്ല. ശേഷം 2011 ഏകദിന ലോകകപ്പും 2013 ചാമ്പ്യൻസ് ട്രോഫിയും മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
പക്ഷേ അതിന് ശേഷം 11 വർഷങ്ങൾ കഴിഞ്ഞിട്ടും മറ്റൊരു ഐസിസി കിരീടം ഇന്ത്യയ്ക്കില്ല. ഈ പ്രശ്നം കൂടി പരിഹരിക്കാനാണ് ഇന്ത്യ ഇത്തവണ മികച്ച ഒരു ടീമുമായി മൈതാനത്ത് എത്തുന്നത്.