ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനിടെ വിരലിൽ ക്രീം ഉപയോഗിച്ചതിന് രവീന്ദ്ര ജഡേജക്കു പിഴ ഏർപ്പെടുത്തി ഐസിസി. ഐസിസിയുടെ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതിന്റെ പേരിലാണ് മാച്ച് ഫിയുടെ 25% ജഡേജക്ക് പിഴ നൽകേണ്ടി വരുന്നത്. മാത്രമല്ല ഇതോടൊപ്പം അച്ചടക്കത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഡിമെരിറ്റ് പോയിന്റും ജഡേജയുടെ പേരിൽ ചേർത്തിട്ടുണ്ട്. കഴിഞ്ഞ 24 മാസങ്ങൾക്കിടെ ഇത് ആദ്യമായാണ് ജഡേജക്ക് മേൽ ഐസിസി ഇത്തരം പോയിന്റ് ചുമത്തുന്നത്.
മത്സരത്തിൽ ഓസീസിന്റെ ആദ്യ ഇന്നിങ്സിലെ 46ആം ഓവറിൽ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജഡേജയ്ക്ക് പിഴ ചുമത്തപ്പെടുന്നത്. ഇന്നിംഗ്സിനിടെ ജഡേജ, ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ കയ്യിൽ നിന്ന് ക്രീം വാങ്ങി വിരലിൽ പുരട്ടുന്ന വീഡിയോ വൈറലായിരുന്നു. ആദ്യ കാഴ്ചയിൽ എന്താണ് ജഡേജ ചെയ്യുന്നത് എന്ന് വ്യക്തമായിരുന്നില്ല. എന്നാൽ പിന്നീട് ഇന്ത്യൻ ടീം മാനേജ്മെന്റ് ഇക്കാര്യത്തിൽ ഐസിസിക്ക് വിശദീകരണം നൽകുകയായിരുന്നു.
എന്നാൽ ജഡേജ തന്റെ ബോളിംഗ് കയ്യിൽ ക്രീം പുരട്ടിയത് വലിയ രീതിയിൽ ചോദ്യങ്ങൾക്ക് കാരണമായി. അമ്പയർമാരുടെ കയ്യിൽ നിന്ന് അനുമതി വാങ്ങാതെയാണ് ജഡേജ ഇത് ചെയ്തത്. അതിനാലാണ് ഐസിസി ഇപ്പോൾ ജഡേജയുടെ മേൽ പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പൊട്ടിപ്പുറപ്പെട്ട വലിയ വിവാദങ്ങൾക്ക് ഇതോടെ ശമനം ആയിരിക്കുകയാണ്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ബാറ്റിങ്ങിലും ബോളിങ്ങിലും മികവാർന്ന പ്രകടനങ്ങൾ തന്നെയായിരുന്നു രവീന്ദ്ര ജഡേജ കാഴ്ചവച്ചത്. മത്സരത്തിൽ ഓസീസ് ഇന്നിങ്സിലെ ഏഴ് വിക്കറ്റുകൾ ജഡേജ സ്വന്തമാക്കുകയുണ്ടായി. ഒപ്പം ആദ്യ ഇന്നിങ്സിൽ 70 റൺസ് നേടി ഇന്ത്യയുടെ വിജയത്തിൽ പ്രധാന കണ്ണിയാകാനും ഈ ഓൾറൗണ്ടർക്ക് സാധിച്ചു. മത്സരത്തിൽ ഇന്നിങ്സിനും 132 റൺസിനുമായിരുന്നു ഇന്ത്യ വിജയം കണ്ടത്.