ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ഒരു ദുരന്ത ബാറ്റിംഗ് തകർച്ചയുമായി ഇന്ത്യ. ബംഗ്ലാദേശിനെതിരായ 2 ടെസ്റ്റ് മത്സരങ്ങളിലും വമ്പൻ വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിൽ മൈതാനത്ത് ഇറങ്ങിയ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് മത്സരത്തിന്റെ രണ്ടാം ദിവസം ലഭിച്ചിരിക്കുന്നത്.
മത്സരത്തിന്റെ ആദ്യ ദിവസം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ശേഷം രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ കേവലം 46 റൺസിന് ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കുകയാണ് ഉണ്ടായത്. പിച്ചിന് അനുസൃതമായ രീതിയിൽ പന്തറിഞ്ഞ ന്യൂസിലാൻഡ് പേസർമാരാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് പ്രധാന കാരണമായി മാറിയത്.
മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കം തന്നെ ഇന്ത്യയ്ക്ക് പിഴച്ചു. രോഹിത് ശർമയുടെ വിക്കറ്റ് ആദ്യമേ ഇന്ത്യയ്ക്ക് നഷ്ടമായി. കുറച്ചധികം നാളുകൾക്കു ശേഷം മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ വിരാട് കോഹ്ലി തീർത്തും നിരാശപ്പെടുത്തുകയായിരുന്നു. പൂജ്യനായാണ് കോഹ്ലി പുറത്തായത്. പിന്നാലെ യുവതാരം സർഫറാസ് ഖാനും പൂജ്യനായി മടങ്ങിയതോടെ ഇന്ത്യൻ ബാറ്റിംഗ് തകർന്നുവീണു. പിന്നാലെ ജയസ്വാളും(13) കൂടാരം കയറിയതോടെ ഇന്ത്യ ഒരു വലിയ ദുരന്തത്തിലേക്ക് കൂപ്പുകുത്തി വീഴുകയായിരുന്നു.
മധ്യനിരയിൽ 20 റൺസ് സ്വന്തമാക്കിയ റീഷഭ് പന്ത് മാത്രമാണ് ഇന്ത്യക്കായി അല്പസമയമെങ്കിലും ക്രീസിൽ പിടിച്ചുനിന്നത്. മറുവശത്ത് രാഹുൽ, രവീന്ദ്ര ജഡേജ, അശ്വിൻ എന്നിവർ പൂജ്യരായി മടങ്ങുകയുണ്ടായി. ഇത് ഇന്ത്യയെ വലിയ രീതിയിൽ മത്സരത്തിൽ ബാധിച്ചു. പിച്ചിൽ നിന്ന് തങ്ങൾക്ക് ലഭിച്ച ആനുകൂല്യം അങ്ങേയറ്റം മികച്ച രീതിയിൽ ന്യൂസിലാൻഡിന്റെ 3 ബോളർമാരും മുതലാക്കുന്നതാണ് മത്സരത്തിൽ കണ്ടത്. കൃത്യമായി പന്തിന്റെ ലൈൻ മാത്രം ലക്ഷ്യംവെച്ച ഇന്ത്യൻ ബാറ്റർമാർക്ക് പലപ്പോഴും പന്തിന്റെ ചലനങ്ങൾ നേരത്തെ അറിയാൻ സാധിച്ചില്ല.
മത്സരത്തിൽ ന്യൂസിലാൻഡിനായി വമ്പൻ ബോളിംഗ് പ്രകടനം കാഴ്ചവച്ചത് പേസർമാരായ മാറ്റ് ഹെൻട്രിയും വില്യം ഓറൂർക്കെയുമാണ്. ഹെൻട്രി മത്സരത്തിൽ 15 റൺസ് മാത്രം വിട്ടുനൽകി 5 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ഓറൂർക്കെ 22 റൺസ് വിട്ടുനൽകി 4 വിക്കറ്റ്കൾ നേടുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 46 റൺസിൽ അവസാനിക്കുകയുണ്ടായി.
ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനങ്ങളിൽ ഒന്നാണ് മത്സരത്തിൽ പിറന്നത്. എന്നിരുന്നാലും സാഹചര്യങ്ങൾ മികച്ച രീതിയിൽ മുതലാക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് തിരികെ വരാനും കഴിയും.