ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിനിടെ ഇന്ത്യക്ക് കൂടുതൽ തലവേദന സൃഷ്ടിച്ച് ശ്രീലങ്കയും. ന്യൂസിലാൻഡിനെതിരായ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ വമ്പൻ പ്രകടനമാണ് ശ്രീലങ്ക കാഴ്ചവയ്ക്കുന്നത്. പരമ്പരയിലെ ഇരു ടെസ്റ്റ് മത്സരങ്ങളിലും മികവാർന്ന പ്രകടനങ്ങൾ നടത്തി ശ്രീലങ്ക വിജയിക്കുകയും, ഇന്ത്യ ഓസ്ട്രേലിയക്കെതിരെ പരാജയപ്പെടുകയും ചെയ്താൽ ശ്രീലങ്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തും. നിലവിലെ സാഹചര്യത്തിൽ ഇതിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ നാലാം മത്സരത്തിൽ മികച്ച പ്രകടനം തന്നെയാണ് നിലവിൽ ഓസ്ട്രേലിയ കാഴ്ചവയ്ക്കുന്നത്. ടോസ് നേടി ആദ്യം തിരഞ്ഞെടുത്ത ഓസ്ട്രേലിയക്കായി ഉസ്മാൻ ഖവാജയും ക്യാമറോൺ ഗ്രീനും സെഞ്ച്വറികൾ നേടുകയുണ്ടായി. അങ്ങനെ 500ന് മുകളിൽ ഒരു സ്കോറിലേക്ക് കുതിക്കുകയാണ് ഓസ്ട്രേലിയ. അങ്ങനെയൊരു നിലയുണ്ടായാൽ ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയിക്കുക എന്നത് അസാധ്യമായേക്കാം. ഈ സാഹചര്യത്തിൽ തന്നെയാണ് ഒരു വശത്ത് ശ്രീലങ്ക പണിയൊരുക്കുന്നത്.
ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ വളരെ മെച്ചപ്പെട്ട നിലയിലാണ് ശ്രീലങ്ക നിൽക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 355 എന്ന സ്കോറിൽ എത്തിയിരുന്നു. മാത്രമല്ല മറുപടി ബാറ്റിംഗിനിറങ്ങിയ കിവികളെ 162ന് 5 എന്ന നിലയിൽ രണ്ടാം ദിവസം അവർ തളച്ചിട്ടുണ്ട്. മൂന്നാം ദിവസം കിവികളെ തുടക്കത്തിൽ തന്നെ ശ്രീലങ്ക പുറത്താക്കിയാൽ അവർക്ക് 100 റൺസിന് മുകളിൽ ഒന്നാം ഇന്നിങ്സിൽ ലീഡ് നേടാൻ സാധിക്കും. അങ്ങനെയെങ്കിൽ അവർക്ക് മത്സരത്തിൽ വിജയം എളുപ്പമാവും.
ഇങ്ങനെ ശ്രീലങ്ക ആദ്യ മത്സരത്തിൽ വിജയിക്കുകയും, ഇന്ത്യയ്ക്ക് ഓസ്ട്രേലിയക്കെതിരെ വിജയം നേടാൻ സാധിക്കാതെ വരികയും ചെയ്താൽ പണിപാളും എന്നത് ഉറപ്പാണ്. അങ്ങനെ വന്നാൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ പൂർണമായും ന്യൂസിലാൻഡിന്റെ രണ്ടാം ടെസ്റ്റിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.