ഏറെ അനായാസമാണ് ഇന്ത്യ ഇംഗ്ലണ്ട് എതിരായ നാല് മത്സര ടെസ്റ്റ് പരമ്പര 3-1ന് നേടിയത് .പരമ്പര വിജയത്തോടെ ജൂണിൽ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും ഇന്ത്യ ഇടം നേടി . 32 വിക്കറ്റുകൾ പരമ്പരയിൽ വീഴ്ത്തിയ അശ്വിനാണ് മാൻ ഓഫ് ദി സീരീസ് പുരസ്ക്കാരം നേടിയത് .
പരമ്പരയിൽ ബാറ്റിങ്ങിന് ഏറെ ദുഷ്കരമായ പിച്ചുകളാണ് ഒരുക്കിയിരുന്നത് .എന്നാൽ ഇന്ത്യൻ ബാറ്റിങ്ങിൽ കരുത്തായത് റിഷാബ് പന്തിന്റെയും ,രോഹിത് ശർമയുടെയും സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനമാണ് .
മത്സരശേഷം നടന്ന പ്രസന്റേഷനിൽ സംസാരിച്ച കോഹ്ലി ഓപ്പണർ രോഹിത് ശർമ്മയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തിയാണ് സംസാരിച്ചത് . ടെസ്റ്റ് പരമ്പരയുടെ വിധി തന്നെ നിർണയിച്ച പ്രകടനമായിരുന്നു ചെപ്പോക്കിലെ രോഹിത്തിന്റെ 160 റൺസ് പിറന്ന ഇന്നിംഗ്സെന്നും ബാറ്റിങ് ട്രാക്കിൽ 250 റൺസ് നേടിയതിന് തുല്യമാണ് അതെന്നും കോഹ്ലി തുറന്ന് പറഞ്ഞു.
ടീമിനായി സീരീസിലുടനീളം നിർണായക പ്രകടനങ്ങൾ രോഹിത് ശർമ്മ പുറത്തെടുത്തെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
” ആദ്യ ടെസ്റ്റിൽ ടോസ് വളരെയേറെ നിർണായകമായിരുന്നു, ഒപ്പം അവിടെ ബോളർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചതുമില്ല. എന്നാൽ രണ്ടാം ടെസ്റ്റിൽ ഞങ്ങൾ വളരെ കൂടുതൽ തീവ്രതയോടെ ഫീൽഡിങ്ങും ബോളിങ്ങും ചെയ്തു .പരമ്പരയിലെ തിരിച്ചുവരവ് ഉത്സാഹഭരിമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഓരോ ടീമും മികച്ചതാണ്, അതിനാൽ ഹോം സീരീസ് ആണെങ്കിലും കഷ്ട്ടപ്പെടാതെ ജയം നേടാനാകില്ല ” കോഹ്ലി വിശദീകരിച്ചു .
പരമ്പരയിൽ മിന്നും ബാറ്റിംഗ് കാഴ്ചവെച്ച വാഷിംഗ്‌ടൺ സുന്ദറിനെയും നായകൻ കോഹ്ലി അഭിനന്ദിച്ചു .സുന്ദർ ടീമിന് ഒരു ബോണസ് ആണെന്ന് പറഞ്ഞ കോഹ്ലി വൈകാതെ താരം ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടട്ടെ എന്നും പ്രശംസിച്ചു .