ടി:20 ഓപ്പണർമാരായി രോഹിത്തും കോഹ്ലിയും എത്തും :ആവേശത്തിൽ ക്രിക്കറ്റ് ലോകം -എതിരാളികൾ ഭയത്തിലെന്ന് മൈക്കൽ വോൺ

ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചാണ് അഞ്ചാം ടി:20യിൽ ഇന്ത്യൻ ബാറ്റിംഗ് ഓപ്പൺ ചെയ്യുവാൻ വിരാട് കോഹ്‌ലിയും രോഹിത് ശർമയും എത്തിയത് .
നായകനും ഉപനായകനും മൊട്ടേറയിൽ തകർത്താടിയപ്പോൾ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത് . മോശം ഫോം തുടരുന്ന കെ എല്‍ രാഹുലിനെ പുറത്തിരിത്തിയതോടെയാണ് രോഹിത് ശര്‍മക്കൊപ്പം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഓപ്പൺ ചെയ്യുവാൻ തീരുമാനിച്ചത് .
അന്താരാഷ്ട്ര ടി:20 കരിയറിൽ ആദ്യമായിട്ടാണ് കോഹ്ലി ഓപ്പണറായി എത്തുന്നത് .

ആദ്യ വിക്കറ്റിൽ ഇരുവരും മികച്ച ഷോട്ടുകൾ പുറത്തെടുത്തതോടെ ഇംഗ്ലണ്ട് ബൗളിംഗ് നിര പരുങ്ങലിലായി .
34 പന്തില്‍ 64 റണ്‍സെടുത്ത രോഹിത്  പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ഒമ്പത് ഓവറില്‍ 94ല്‍ എത്തിയിരുന്നു.
നായകൻ വിരാട് കോഹ്ലി 52 പന്തിൽ 80 റൺസോടെ പുറത്താവാതെ നിന്ന്‌ ടീമിന് മികച്ച ടോട്ടൽ സമ്മാനിച്ചു . എന്നാൽ മത്സരശേഷം വിരാട് കോലി തന്റെ ഓപ്പണിംഗ് സ്ഥാനത്തെ കുറിച്ച് സംസാരിച്ചതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ സന്തോഷമുള്ള വാർത്ത ലഭിച്ചത്  .വരാനിരിക്കുന്ന  ഐപിഎല്ലില്‍ ആര്‍സിബിക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുമെന്നാണ് കോഹ്ലി  വ്യക്തമാക്കിയത്. അതിലൂടെ ഭാവിയില്‍ ടീം ഇന്ത്യക്ക് വേണ്ടിയും താൻ രോഹിതിനൊപ്പം  ഓപ്പണറായി ഇറങ്ങുമെന്നാണ്  വിരാട് കോഹ്ലി  വ്യക്തമാക്കിയത്. 

അതേസമയം വിരാട് കോഹ്ലിയുടെ പ്രഖ്യാപനത്തെ അനുകൂലിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് മുൻ  ഇംഗ്ലണ്ട് ക്യാപ്റ്റനും പ്രശസ്ത കമന്റേറ്ററുമായ
മൈക്കല്‍ വോൺ . “ഇനിയുള്ള എല്ലാ  മത്സരങ്ങളിലും രോഹിത് ശര്‍മ്മയും വിരാട് കോലിയും തന്നെ  ഇന്ത്യന്‍ ടീമിന്റെ  ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണം. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട്  താരങ്ങള്‍ ചേര്‍ന്ന് ഓപ്പണ്‍ ചെയ്യുമ്പോള്‍ എതിരാളികളെ എപ്പോഴും നിങ്ങൾക്ക് ഭയപെടുത്തുവാനാകും . ഇരുവരേയും കണ്ടപ്പോള്‍ സച്ചിന്‍- സെവാഗ് സഖ്യം ഓപ്പണ്‍ ചെയ്ത പോലെ എനിക്ക് വീണ്ടും
തോന്നി “വോൺ തന്റെ അഭിപ്രായം വ്യക്തമാക്കി .

അഞ്ചാം ടി:20യിൽ ഇന്ത്യൻ വിജയത്തിന് ശേഷം പുരസ്‌ക്കാരദാന ചടങ്ങിലാണ് കോഹ്ലി ഓപ്പണിങ്ങിൽ ബാറ്റ് ചെയ്യുവാനുള്ള തീരുമാനം പറഞ്ഞത് .
വിരാട് കോഹ്ലിയുടെ വാക്കുകൾ ഇപ്രകാരമാണ് “മുമ്പ് വിവിധ ബാറ്റിംഗ്  പൊസിഷനുകളിൽ ഞാൻ ടീമിനായി  ബാറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് ശക്തമായൊരു മധ്യനിരയുണ്ട്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഞാനിഷ്ടപ്പെടുന്നു. ഞാനോ രോഹിത്തോ ഓപ്പണിംഗ് ഇറങ്ങിയിട്ട് ഇരുപത് ഓവർ കളിത്തക്കവിധം  ഉറച്ച് നിന്നാല്‍ പിന്നീട് വരുന്ന താരങ്ങളുടെ ആത്മവിശ്വാസം  ഏറെ വര്‍ധിക്കും.” ഇന്ത്യൻ നായകൻ അഭിപ്രായം വിശദമാക്കി .