ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ ബാറ്റിംഗ് കരുത്ത് വ്യക്തമാക്കി ഇംഗ്ലണ്ട് പട . ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ടീം പത്ത് വിക്കറ്റ് നഷ്ടത്തില്‍ 578 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ജോ റൂട്ട് 218 റണ്‍സുമായി മുന്നിൽ നിന്ന് നയിച്ചപ്പോള്‍ സഹതാരങ്ങള്‍ അർഹമായ പിന്തുണ നല്‍കി. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്ര, ആര്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ ഇരട്ട പ്രഹരം നൽകുവാൻ ഇംഗ്ലണ്ട് ടീമിന് കഴിഞ്ഞു .
ശുഭ്മാന്‍ ഗില്‍ (29), രോഹിത് ശര്‍മ (6) എന്നിവരാണ് അർച്ചറുടെ പന്തിൽ പുറത്തായത്.
എട്ടിന് 555 എന്ന നിലയിലാണ് ഇംഗ്ലണ്ട് ടീം മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ചത് ഇന്നത്തെ ദിവസം 23 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന 2 വിക്കറ്റുകള്‍ കൂടി ഇംഗ്ലണ്ട് ടീമിന് നഷ്ടമായി . 34 റൺസ് എടുത്ത ഡോം ബെസ്സിനെ ബുംറ വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കിയപ്പോൾ 1 റൺസ് എടുത്ത ആൻഡേഴ്സൺ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി .ഇതോടെ 578 റൺസ് ഇംഗ്ലണ്ട് ടീം ഓൾ ഔട്ടായി .14 റൺസ് എടുത്ത ജാക്ക് ലീച്ച് പുറത്താകാതെ നിന്നു .
ഇംഗ്ലണ്ടിന്റെ പടുകൂറ്റൻ സ്കോറിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ നാലാം ഓവറിൽ തന്നെ പേസർ അർച്ചർ ഞെട്ടിച്ചു . സ്റ്റമ്പിന് പുറത്തേക്ക് പോയ പന്തിൽ ബാറ്റ് വെച്ച് രോഹിത് സ്വയം ഔട്ട് ആയി .വിക്കറ്റിന് പിന്നിൽ കീപ്പർ ബട്ട്ലർ അനായാസം ക്യാച്ച് കൈപ്പിടിയിൽ ഒതുക്കി .
എന്നാൽ മികച്ച ഷോട്ടുകളോടെ സ്കോറിങ്ങിന് വേഗത കൂട്ടിയ ഗിൽ വലിയൊരു ഇന്നിംഗ്സ് കാഴ്ചവെക്കും എന്ന് ഏവരും കരുതിയെങ്കിലും ഇന്ത്യക്ക് മുൻപിൽ വില്ലനായി ആർച്ചർ വീണ്ടും എത്തി .പത്താം ഓവറിൽ ആൻഡേഴ്സൺ ക്യാച്ച് നൽകി ഗിൽ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് 2 വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് .28 പന്തിൽ 5 ഫോറിന്റെ സഹായത്തോടെ താരം 29 റൺസ് അടിച്ചെടുത്തു .
ശേഷം മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന പൂജാര :കോഹ്ലി സഖ്യം കൂടുതൽ നഷ്ടങ്ങൾ കൂടാതെ മുൻപോട്ട് കൊണ്ടുപോയി .ലഞ്ചിന് പിരിയുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 59 റൺസാണ് ഇന്ത്യൻ സ്കോർ . 20 റൺസുമായി പൂജാരയും , 4 റൺസുമായി നായകൻ കൊഹ്ലിയുമാണ് ക്രീസിൽ .