ഇന്ത്യൻ പ്രീമിയർ ലീഗ് എല്ലായിപ്പോഴും ഇന്ത്യയിലെ യുവതാരങ്ങൾക്ക് ദേശീയ ടീമിൽ കളിക്കാൻ അവസരങ്ങൾ നൽകാറുണ്ട്. ഇന്ന് ദേശീയ ടീമിൽ കളിക്കുന്ന പല താരങ്ങളും ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ടീമിൽ എത്തിയവരാണ്. ഇത്തരത്തിൽ ഐപിഎൽ ഒരു ആഘോഷം മാത്രമല്ല. ലോകത്താകമാനമുള്ള താരങ്ങൾക്ക് തങ്ങളുടെ ദേശീയ ടീമിലെത്താനുള്ള ഒരു അവസരമാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.
നിലവിലെ ഇന്ത്യയുടെ യുവതാരങ്ങളായ തിലക് വർമ, ജയസ്വാൾ, റിങ്കു സിംഗ് എന്നിവരുടെയൊക്കെയും വലിയ ആരാധകനാണ് താൻ എന്നും റെയ്ന പറയുകയുണ്ടായി.
“കഴിഞ്ഞ വർഷങ്ങളിലൊക്കെയും ഐപിഎല്ലിൽ പല യുവതാരങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും ട്വന്റി20 ലോകകപ്പുമൊക്കെ സ്വന്തമാക്കിയിരുന്നു. ഈ സമയങ്ങളിലൊക്കെയും നമ്മൾ കണ്ടത് യുവതാരങ്ങൾ നായകന്മാരായി മുന്നിലേക്ക് എത്തുന്നതാണ്. രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങളൊക്കെയും ഇത്തരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ഉയർന്നു വന്നവരാണ്. മാത്രമല്ല ലീഗിലൂടെ നമുക്ക് ഒരുപാട് ഫാസ്റ്റ് ബോളർമാരെയും ലഭിച്ചിട്ടുണ്ട്.”- റെയ്‌ന പറയുന്നു.
“ഇപ്പോൾ നമുക്കുള്ളത് വളരെ ആവേശമുണർത്തുന്ന യുവതലമുറയുടെ ഒരു മിക്സ് തന്നെയാണ്. ഞാൻ തിലക് വർമയുടെയും ജയസ്വാളിന്റെയും റിങ്കു സിംഗിനെയും വലിയ ഫാനാണ്. അക്ഷർ പട്ടേൽ എന്നൊരു പുതിയ നായകനെയും നമുക്ക് ഐപിഎല്ലിലൂടെ ലഭിക്കുകയാണ്. യുവ താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ സാഹചര്യങ്ങൾ മനസ്സിലാക്കി മത്സരത്തിലേക്ക് പൂർണമായും ശ്രദ്ധ ചെലുത്തുകയും സ്ഥിരതയോടെ മൈതാനത്ത് തുടരുകയും ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരു ഐപിഎൽ സീസണിൽ 500 റൺസ് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിച്ചാൽ നിങ്ങൾക്ക് രാജ്യത്തെ പ്രതിനിധീകരിക്കാനും സാധിക്കും. അതുകൊണ്ടു തന്നെ എല്ലാ ഐപിഎൽ സീസണും യുവതാരങ്ങളെ സംബന്ധിച്ച് ഓരോ അവസരങ്ങളാണ്. ഭയപ്പാടില്ലാതെ ബോളിനെ നേരിടാനും തങ്ങളുടെ സാങ്കേതികതയിൽ ഉയർച്ചയുണ്ടാക്കാനും ഒരു ആറ്റിറ്റ്യൂഡ് സൃഷ്ടിക്കാനുമൊക്കെ ഐപിഎൽ യുവതാരങ്ങളെ സഹായിക്കുന്നു. വലിയ സാഹചര്യങ്ങളിൽ സമ്മർദ്ദമില്ലാത്ത കളിക്കാനും അത് സഹായകരമാകുന്നു.”- റെയ്‌ന കൂട്ടിച്ചേർത്തു.
ഇന്ത്യൻ താരങ്ങളുടെ വളർച്ചയിൽ ഐപിഎൽ വലിയ പ്രാധാന്യം ചെലുത്തിയിട്ടുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ പറയുന്നത്. “ലോകത്താകമാനമുള്ള ട്വന്റി20 ലീഗുകൾ എടുത്തു നോക്കിയാൽ അതിന്റെയൊക്കെയും ഒരുപാട് മുകളിലാണ് ഐപിഎൽ എന്ന് നമുക്ക് മനസ്സിലാവും. ഇപ്പോൾ ഐപിഎൽ ആരംഭിച്ചിട്ട് 17 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഓരോ വർഷവും ഓരോ പുതുമ എത്തുന്നു എന്നതാണ് ഐപിഎല്ലിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം.”- ഉത്തപ്പ പറഞ്ഞു.