ഇന്ത്യക്കായി കുറച്ചുകാലങ്ങളായി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി. തന്റെ അരങ്ങേറ്റമത്സരം മുതൽ ഇന്ത്യൻ ടീമിനായി വലിയ നേട്ടങ്ങളാണ് കോഹ്ലി നേടിയിട്ടുള്ളത്. തന്റെ കരിയറിൽ 70ലധികം സെഞ്ച്വറികൾ നേടിയിട്ടുള്ള വിരാട് കോഹ്ലി ഇന്ത്യയുടെ ചെയിസിംഗ് മാസ്റ്റർ തന്നെയായിരുന്നു. എന്നാൽ തങ്ങളുടെ കാലത്താണ് വിരാട് കോഹ്ലി കളിച്ചിരുന്നതെങ്കിൽ, 70ലധികം സെഞ്ച്വറികൾ നേടാൻ കോഹ്ലിക്ക് സാധിക്കുമായിരുന്നില്ല എന്നാണ് പാകിസ്താന്റെ മുൻ താരം ശുഐബ് അക്തർ ഇപ്പോൾ പറയുന്നത്. തങ്ങളുടെ സമയത്തെ ബോളർമാരെ നേരിടുക എന്നത് അല്പം പ്രയാസകരമായിരുന്നു എന്നാണ് അക്തറിന്റെ അഭിപ്രായം.
“കോഹ്ലി ഞങ്ങളുടെ സമയത്താണ് കളിച്ചിരുന്നതെങ്കിൽ അയാൾക്ക് 70ലധികം സെഞ്ച്വറികൾ നേടാൻ സാധിക്കുമായിരുന്നില്ല. ഒരുപക്ഷേ ഒരു 30 മുതൽ 50 വരെ സെഞ്ച്വറികളെ അയാൾക്ക് നേടാൻ സാധിക്കുമായിരുന്നുള്ളൂ. എന്നിരുന്നാലും ആ സെഞ്ച്വറികൾക്ക് വ്യത്യസ്തമായ ഒരു ക്ലാസ് ഉണ്ടാകുമായിരുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ സുനിൽ ഗവാസ്കറാണ് ഏറ്റവും മികച്ച ക്രിക്കറ്റർ. അദ്ദേഹം 80കളിലെ ബോളർമാർക്കെതിരെ വളരെ മികച്ച രീതിയിലാണ് കളിച്ചത്.
”ആ സമയത്തെ ബോളർമാരെ നേരിടുക എന്നത് വളരെ പ്രയാസകരമായിരുന്നു. എന്നിട്ടും സുനിൽ ഗവാസ്ക്കർ 34 സെഞ്ച്വറികളോളം നേടി. അതുപോലെതന്നെയാണ് സച്ചിൻ ടെണ്ടുൽക്കറുടെ കാര്യവും. ഞങ്ങളുടെ സമയത്തെ വമ്പൻ ബോളർമാരെ യാതൊരു നിയന്ത്രണവുമില്ലാതെ നേരിട്ട വ്യക്തിയാണ് സച്ചിൻ.”- അക്തർ പറയുന്നു.
“എന്റെയും വഖാറിന്റെയും വസീം അക്രത്തിന്റെയും പ്രതാപ കാലത്താണ് വിരാട് കോഹ്ലി കളിച്ചിരുന്നതെങ്കിൽ അയാൾക്ക് കാര്യങ്ങൾ കുറച്ചുകൂടി ബുദ്ധിമുട്ടായി മാറിയേനെ. ഞങ്ങൾ പഞ്ചാബിയിൽ അദ്ദേഹത്തെ ഒരുപാട് സ്ലെഡ്ജ് ചെയ്യുകയും, അദ്ദേഹം അതിന് പ്രതികരിക്കുകയും ചെയ്തേനെ. അങ്ങനെ ഞങ്ങൾക്ക് കോഹ്ലിയെ കൈകാര്യം ചെയ്യാൻ സാധിച്ചേനെ.”- അക്തർ കൂട്ടിച്ചേർക്കുന്നു.
ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ 186 റൺസ് നേടിയതോടെ വിരാട് കോഹ്ലി തന്റെ 75ആം സെഞ്ച്വറി പൂർത്തീകരിക്കുകയുണ്ടായി. 75 സെഞ്ച്വറികളിൽ 46 എണ്ണവും ഏകദിന മത്സരങ്ങളിൽ നിന്നാണ് പിറന്നത്. നിലവിൽ സച്ചിന്റെ 100 സെഞ്ച്വറികൾ എന്ന റെക്കോർഡ് തകർക്കാൻ വളരെയധികം പ്രാപ്തിയുള്ള ക്രിക്കറ്റർ തന്നെയാണ് വിരാട് കോഹ്ലി. വിരാട്ടിന്റെ കരിയർ അവസാനിക്കുമ്പോൾ ഏകദേശം 110 ഓളം സെഞ്ച്വറികൾ അയാൾ നേടിയിരിക്കും എന്നാണ് ശുഐബ് അക്തർ പറഞ്ഞത്.