ഇന്ത്യൻ പ്രീമിയർ ലീഗ് ഒഴിവാക്കാതെ അന്താരാഷ്‌ട്ര മത്സരങ്ങളിൽ മുതിർന്ന ഇന്ത്യൻ താരങ്ങൾ വിശ്രമിക്കുന്നതിനെ ചോദ്യം ചെയ്ത് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. കഴിഞ്ഞ കുറച്ച് മാസങ്ങളായി, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരുൾപ്പെടെ നിരവധി ഇന്ത്യൻ താരങ്ങൾ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിശ്രമം അനുവദിച്ചിരുന്നു.
കോഹ്‌ലിയും രോഹിതും മോശം ബാറ്റിംഗ് ഫോമിലൂടെയാണ് കടന്നുപോകുന്നത്, നിരവധി പരമ്പരകളിൽ അവർക്ക് വിശ്രമം നൽകി അവരുടെ ജോലിഭാരം കുറയ്ക്കാന്‍ സെലക്ടർമാർ ശ്രമിചിരുന്നു. അടുത്തിടെ, വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍, രോഹിത്, കോഹ്‌ലി, ബുംറ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ ശിഖർ ധവാൻ ക്യാപ്റ്റനായി.
ഒരു ഇന്നിംഗ്‌സിലെ 20 ഓവറുകൾ ശരീരത്തിന് ഒരു ദോഷവും വരുത്തില്ലെന്ന് എന്ന് പറഞ്ഞ ഗവാസ്കര്‍ ഈ ഫോര്‍മാറ്റില്‍ വിശ്രമിക്കുന്നതിനെ ഗവാസ്‌കർ വിമർശിച്ചു.
“രാജ്യത്തിനു വേണ്ടിയുള്ള മത്സരങ്ങളിൽ കളിക്കാർ വിശ്രമിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരിക്കലുമില്ല. നിങ്ങൾ ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത്. ഐപിഎൽ സമയത്ത് നിങ്ങൾ വിശ്രമിക്കാറില്ല, ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ വിശ്രമിക്കുക. ഞാൻ അതിനോട് യോജിക്കുന്നില്ല. ഇന്ത്യക്ക് വേണ്ടി കളിക്കേണ്ടി വരും. വിശ്രമത്തെക്കുറിച്ച് സംസാരിക്കരുത്. ടി20യിൽ ഒരു ഇന്നിങ്‌സിൽ 20 ഓവർ മാത്രമാണുള്ളത്. അത് നിങ്ങളുടെ ശരീരത്തിന് ഒരു ദോഷവും വരുത്തുന്നില്ല. ടെസ്റ്റ് മത്സരങ്ങളിൽ, മനസ്സിനും ശരീരത്തിനും ഒരു നഷ്ടം സംഭവിക്കുന്നു, എന്നാൽ ടി20 ക്രിക്കറ്റിൽ (കളിക്കുന്നതിൽ) കാര്യമായ പ്രശ്‌നമൊന്നുമില്ല,” ഗവാസ്‌കർ സ്‌പോർട്‌സ് ടാക്കിൽ പറഞ്ഞു.
കൃത്യമായ ഇടവേളകളിൽ വിശ്രമം ആഗ്രഹിക്കുന്ന ക്രിക്കറ്റ് താരങ്ങളുടെ കരാർ തരംതാഴ്ത്തണമെന്നും ഗവാസ്കര്‍ നിര്‍ദ്ദേശിച്ചു.
“വിശ്രമം എന്ന ആശയം ബിസിസിഐ പരിശോധിക്കേണ്ടതുണ്ടെന്ന് എനിക്ക് സത്യസന്ധമായി തോന്നുന്നു. എ ഗ്രേഡ് ക്രിക്കറ്റ് താരങ്ങൾക്കെല്ലാം മികച്ച കരാറുകൾ ലഭിച്ചിട്ടുണ്ട്. ഓരോ മത്സരത്തിനും അവർക്ക് പണം ലഭിക്കും. സിഇഒ, എംഡിമാർ എന്നിവർക്ക് ഇത്രയധികം അവധി ലഭിക്കുന്ന ഏതെങ്കിലും കമ്പനിയുണ്ടെങ്കിൽ പറയൂ? ഇന്ത്യൻ ക്രിക്കറ്റ് കൂടുതൽ പ്രൊഫഷണലാകണമെങ്കിൽ ഒരു മാറ്റം വരേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു ” ഗവാസ്കര്‍ കൂട്ടിചേര്‍ത്തു.