രഹാനെയ്ക്ക് വീണ്ടും വൈസ് ക്യാപ്റ്റനാകാമെങ്കിൽ, കോഹ്ലിയ്ക്ക് ഒരിക്കൽകൂടി ക്യാപ്റ്റനാകാം. ശക്തമായ നിർദ്ദേശവുമായി മുൻ സെലക്ടർ.

ഇന്ത്യൻ ടീമിന്റെ ഭാവിയിലെ ടെസ്റ്റ് ക്യാപ്റ്റൻസിയെ പറ്റി വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തി ബിസിസിഐയുടെ മുൻ സെലക്ടറായ എംഎസ്കെ പ്രസാദ്. മുൻനായകനായ വിരാട് കോഹ്ലി ഒരിക്കൽ കൂടി ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുക്കണമെന്ന അഭിപ്രായമാണ് പ്രസാദ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു സമയത്ത് അജിങ്ക്യ രഹാനെയെ ഇന്ത്യ മോശം പ്രകടനത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു. അതിനു ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലാണ് രഹാനെ തിരികെ ടീമിലെത്തിയത്. ഉടൻതന്നെ ഇന്ത്യ വൈസ് ക്യാപ്റ്റനായി രഹാനെയെ നിയമിക്കുകയും ചെയ്തു. ഇങ്ങനെ ഒരു മത്സരം കൊണ്ട് രഹാനെയേ വൈസ് ക്യാപ്റ്റനാക്കാൻ കഴിയുമെങ്കിൽ വിരാട് കോഹ്ലിക്കും ഒരുതവണകൂടി നേതൃസ്ഥാനം ഏറ്റെടുക്കാനാവും എന്നാണ് പ്രസാദ് പറയുന്നത്.

“അജിങ്ക്യ രഹാനെ ടീമിലേക്ക് തിരിച്ചെത്തി ഉടൻ വൈസ് ക്യാപ്റ്റനായി. അങ്ങനെയുള്ള സാഹചര്യത്തിൽ എന്തുകൊണ്ട് വിരാട് കോഹ്ലിയ്ക്ക് ഒരിക്കൽ കൂടി നായകനായികൂടാ? നായകത്വം ഏറ്റെടുക്കുന്ന കാര്യത്തിൽ വിരാട് കോഹ്ലിയുടെ മനസ്സിൽ എന്താണെന്ന് എനിക്ക് വ്യക്തമല്ല. സെലക്ടർമാർ രോഹിത്തിനപ്പുറം മറ്റൊരാളെ ചിന്തിക്കുന്നുണ്ടെങ്കിൽ, അവർ അങ്ങനെ ചിന്തിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ അങ്ങനെയൊരു ചിന്ത ഉദിച്ചിട്ടുണ്ടെങ്കിൽ വിരാട് കോഹ്ലി ഏറ്റവും മികച്ച ഓപ്ഷൻ തന്നെയാണ് എന്ന് ഞാൻ പറയും.”- പ്രസാദ് പറയുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ എന്നും മികച്ച നായകൻ തന്നെയായിരുന്നു വിരാട് കോഹ്ലി. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം ടെസ്റ്റിൽ ക്യാപ്റ്റനായി അരങ്ങേറിയ കോഹ്ലി 2019ൽ ധോണിയുടെ റെക്കോർഡായ 27 ടെസ്റ്റ് വിജയങ്ങൾ മറികടക്കുകയുണ്ടായി. ആ വർഷം തന്നെ തന്റെ നായകത്വത്തിൽ 11 വിദേശ ടെസ്റ്റുകളും കോഹ്ലി വിജയിച്ചിരുന്നു. ഇതോടെ സൗരവ് ഗാംഗുലിയേയും കോഹ്ലി മറികടന്നു. മാത്രമല്ല 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ ഫൈനലിലെത്തിക്കാനും വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നു. ഫൈനലിൽ ന്യൂസിലാൻഡിനെതിരെ പരാജയപ്പെട്ടതോടെ ഇന്ത്യക്ക് കിരീടം നഷ്ടമാവുകയാണ് ഉണ്ടായത്.

നിലവിൽ വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിന് തയ്യാറാവുകയാണ് വിരാട് കോഹ്ലി. നാളെയാണ് ഇന്ത്യയുടെ വെസ്റ്റിൻഡീസ്നെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഡൊമിനിക്കയിലാണ് മത്സരം നടക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വെസ്റ്റിൻഡീസിൽ കളിക്കുന്നത്. ടെസ്റ്റ് മത്സരങ്ങൾക്ക് പിന്നാലെ ഏകദിന പരമ്പരയും ട്വന്റി20 പരമ്പരയും ഇന്ത്യ കരീബിയൻ മണ്ണിൽ കളിക്കും. കരീബിയൻ ദ്വീപുകളിൽ മികച്ച പ്രകടനം നടത്തി വിരാട് കോഹ്ലി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.