ഈ ഐപിഎൽ സീസണിലെ തങ്ങളുടെ ആറാം പരാജയമാണ് ഗുജറാത്ത് ടൈറ്റൻസ് ടീമിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് നേരിട്ടത്. മത്സരത്തിൽ 35 റൺസിനായിരുന്നു ചെന്നൈ പരാജയമറിഞ്ഞത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മഹേന്ദ്ര സിംഗ് ധോണി അവസാന നിമിഷം വരെ ചെന്നൈയ്ക്കായി പൊരുതുകയുണ്ടായി. മത്സരത്തിൽ എട്ടാമനായാണ് ധോണി മൈതാനത്ത് എത്തിയത്.
ശേഷം തന്റെ പവർഹിറ്റിംഗ് ധോണി പുറത്തെടുത്തു. അവസാന ഓവറിൽ 3 സിക്സറുകളാണ് ധോണി നേടിയത്. ചെന്നൈയെ വിജയത്തിൽ എത്തിക്കാൻ സാധിച്ചില്ലെങ്കിലും അഹമ്മദാബാദിൽ ഒത്തുകൂടി ആരാധകരെ വളരെ സന്തോഷത്തിലാക്കാൻ ധോണിക്ക് സാധിച്ചു. ഇതേപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് ഇപ്പോൾ പറയുന്നത്. ധോണി ക്രീസിലെത്തുന്ന സമയത്തെപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കാൻ സമയമായി എന്നാണ് സേവാഗ് കരുതുന്നത്.
ഏതു ബാറ്റിംഗ് പൊസിഷനിൽ ധോണി ക്രീസിലെത്തിയാലും അതൊരു ചർച്ചയാക്കേണ്ട കാര്യമില്ല എന്നാണ് സേവാഗ് പറയുന്നത്. ഇത്രയും കാലം പരിചയസമ്പന്നത ധോണിയ്ക്കുണ്ട്. എന്ത് ചെയ്യണമെന്ന് പൂർണ വ്യക്തമുള്ള താരമാണ് ധോണി എന്ന് സേവാഗ് കരുതുന്നു. പക്ഷേ ധോണി ഇത്ര മികച്ച ഫോമിലുള്ളപ്പോഴും, ചെന്നൈക്ക് വിജയിക്കാൻ സാധിക്കണമെങ്കിൽ മറ്റു ബാറ്റർമാരും ധോണിയുടെ നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട് എന്നാണ് സേവാഗ് പറഞ്ഞത്.
ഏതു പൊസിഷനിൽ ബാറ്റ് ചെയ്താലും ആരാധകരെ അങ്ങേയറ്റം വിനോദത്തിലാക്കാൻ ധോണിയ്ക്ക് സാധിക്കുന്നുണ്ട് എന്ന് സേവാഗ് വിശ്വസിക്കുന്നു. അങ്ങനെ വരുമ്പോൾ വിജയമോ പരാജയമോ ആരാധകർ നോക്കുന്നില്ലയെന്നും സേവാഗ് കൂട്ടിച്ചേർത്തു.
“മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിംഗ് പൊസിഷൻ സംബന്ധിച്ചുള്ള ചർച്ചകൾ നമ്മൾ നിർത്തേണ്ട സമയമായി. എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായ ബോധ്യമുള്ള താരമാണ് ധോണി. അത് അവന്റെ ഇഷ്ടമാണ്. നിലവിൽ മികച്ച ഫോമിലാണ് ധോണിയുള്ളത്. വളരെ നല്ലൊരു സ്ട്രൈക്ക് റേറ്റും ധോണിയ്ക്കുണ്ട്. പക്ഷേ ചെന്നൈ സൂപ്പർ കിങ്സിന് മത്സരത്തിൽ വിജയം നേടണമെങ്കിൽ ടീമിലുള്ള മറ്റു ബാറ്റർമാരും ധോണിയുടെ അതേ ലെവലിലേക്ക് ഉയരേണ്ടതുണ്ട്.”
”ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് ഞാൻ വഴി വയ്ക്കുന്നില്ല. എവിടെ ധോണി ബാറ്റ് ചെയ്താലും അത് മികച്ച തീരുമാനമാണ്. ഈ സീസണിൽ നന്നായി കളിക്കാൻ ധോണിയ്ക്ക് സാധിച്ചു. ആരാധകരെ സംതൃപ്തരാക്കാൻ സാധിച്ചു. അങ്ങനെ വരുമ്പോൾ വിജയമോ പരാജയമോ അവർ നോക്കുന്നില്ല.”- സേവാഗ് പറയുന്നു.
മുൻപ് ചെന്നൈയുടെ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങും ധോണിയുടെ ബാറ്റിംഗ് പൊസിഷനെ സംബന്ധിച്ച് വ്യക്തമാക്കിയിരുന്നു. സീസണിന്റെ തുടക്കം മുതൽ ധോണിയ്ക്ക് പലതരം പരിക്കുകൾ ഉണ്ടെന്നും, അതാണ് ബാറ്റിംഗ് പൊസിഷനിൽ ധോണി പിന്നിലേക്ക് പോകാൻ കാരണം എന്നുമായിരുന്നു ഫ്ലമിങ് പറഞ്ഞത്. “ഒമ്പതാം നമ്പരിൽ ബാറ്റ് ചെയ്യുന്നതുകൊണ്ട് ഒരിക്കലും ധോണി ടീമിൽ നൽകുന്ന സാന്നിധ്യം ഇല്ലാതാവുന്നില്ല. ഏത് സമയത്ത് ക്രീസിലെത്തിയാലും മത്സരത്തിൽ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുന്ന താരമാണ് ധോണി. അവനിൽ നിന്ന് ഏറ്റവുമധികം മികവ് സ്വന്തമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”- ഫ്ലമിങ് പറഞ്ഞു