ഗംഭീർ കോച്ചായി വന്നാൽ സഞ്ജുവിന് കൂടുതൽ അവസരം. വൈറലായി ഗംഭീറിന്റെ പ്രസ്താവന.

Gautam Gambhir Crictoday 1

2024 ട്വന്റി20 ലോകകപ്പിന് പിന്നാലെ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡിന് പകരം ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ പരിശീലകനായി എത്തുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ ടീമിൽ അടിമുടി മാറ്റങ്ങൾ ഉണ്ടാവും എന്ന കാര്യം ഏകദേശം ഉറപ്പാണ്.

കാരണം മുൻപ് ഗംഭീർ ഇത്തരത്തിൽ ടീമിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി സംസാരിച്ചിട്ടുണ്ട്. യുവ താരങ്ങൾക്ക് കൂടുതലായും അവസരം നൽകണം എന്നായിരുന്നു ഗംഭീർ മുൻപ് നടത്തിയ പ്രസ്താവന. മാത്രമല്ല സഞ്ജു സാംസനെ പോലെയുള്ള താരങ്ങൾക്ക് ഇന്ത്യ കൂടുതൽ അവസരം നൽകേണ്ടതുണ്ട് എന്നും ഗംഭീർ മുൻപ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. പരിശീലകനായി എത്തുന്നതോടുകൂടി ഗംഭീർ ഈ വാക്കുകളൊക്കെയും പാലിക്കും എന്നാണ് കരുതുന്നത്.

നിലവിൽ ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മറ്റുചില പേരുകൾ ബിസിസിഐയുടെ മുൻപിൽ ഉണ്ടെങ്കിലും, ഗംഭീറിനെ സ്ഥാനമേൽപ്പിക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താൻ ടീമിന്റെ പരിശീലകനായി എത്തിയാൽ വൈറ്റ് ബോൾ ഫോർമാറ്റിനും ടെസ്റ്റ് ഫോർമാറ്റിനും രണ്ട് ടീമുകൾ കെട്ടിപ്പടുക്കും എന്ന് ഗംഭീർ മുൻപ് പറഞ്ഞിരുന്നു.

അങ്ങനെ മുൻപോട്ടു പോവാനാണ് തനിക്ക് താൽപര്യമെന്ന് അന്ന് ഗംഭീർ കൂട്ടിച്ചേർത്തു. മാത്രമല്ല യുവ താരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് തന്റെ ശ്രമമെന്നും ഗംഭീർ സംസാരിച്ചിരുന്നു. അതിനാൽ ഗംഭീർ പരിശീലന സ്ഥാനത്ത് എത്തിയാൽ സഞ്ജു സാംസന് കൂടുതൽ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.

Read Also -  ത്രസിപ്പിക്കുന്ന വിജയം, ദക്ഷിണാഫ്രിക്ക സെമിയിൽ. വിൻഡീസ് പുറത്ത്.

ഇതിന് പ്രധാന കാരണം ഐപിഎല്ലിനിടെ ഗംഭീർ സഞ്ജുവിനെ പറ്റി പറഞ്ഞ പ്രസ്താവനകളാണ്. ഇന്ത്യൻ ടീം വേണ്ട രീതിയിൽ സഞ്ജു സാംസനെ പിന്തുണയ്ക്കുന്നില്ല എന്നായിരുന്നു ഗംഭീർ പറഞ്ഞത്. കരിയറിന്റെ തുടക്കത്തിൽ രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിയ്ക്കും ലഭിച്ച പിന്തുണ സഞ്ജു സാംസണ് ലഭിക്കുന്നില്ല എന്ന് താൻ കരുതുന്നതായി ഗംഭീർ കൂട്ടിച്ചേർത്തു.

“ഇന്ത്യക്കായി സഞ്ജു സാംസൺ കളിക്കുന്നില്ലെങ്കിൽ അത് സഞ്ജുവിന്റെ മാത്രമല്ല, ഇന്ത്യയുടെ കൂടെ നഷ്ടമാണ്. കരിയർ തുടക്കത്തിൽ വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കും ലഭിച്ച പിന്തുണ സഞ്ജു സാംസനും ലഭിക്കണം എന്നാണ് ഞാൻ കരുതുന്നത്. ഭാവിയിൽ ഒന്നാം നമ്പർ ബാറ്ററാവാൻ സാധിക്കുന്ന താരമാണ് സഞ്ജു സാംസൺ. അവന് ആവശ്യത്തിന് പിന്തുണ നൽകാതെ നമ്മൾ പാഴാക്കിക്കളയുകയാണ് ചെയ്യുന്നത്.”- ഗംഭീർ പറഞ്ഞു.

നിലവിൽ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ സഞ്ജു സാംസൺ ഇടംപിടിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെയും ഒരു മത്സരത്തിൽ പോലും മൈതാനത്ത് ഇറങ്ങാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. നിലവിൽ റിഷഭ് പന്തും ശിവം ദുബേയും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നതിനാൽ തന്നെ വരും മത്സരങ്ങളിലും സഞ്ജുവിന് ടീമിൽ ഇടം ലഭിക്കാൻ സാധ്യതയുമില്ല. എന്നാൽ ലോകകപ്പിന് ശേഷം ഗംഭീർ പരിശീലകനായി എത്തിയാൽ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ കൈവരിക്കാൻ സാധിക്കും എന്നാണ് ആരാധകരുടെയടക്കം പ്രതീക്ഷ.

Scroll to Top