ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഒരു ഉജ്ജ്വല വിജയം തന്നെയാണ് ഓസ്ട്രേലിയ നേടിയിരിക്കുന്നത്. ഈ വിജയത്തോടെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇൻഡോർ മത്സരത്തിൽ വിജയിച്ചതോടെ ഓസ്ട്രേലിയ 68.52 വിജയശതമാനമാണ് നേടിയിരിക്കുന്നത്. ഇന്ത്യയ്ക്കൊ ശ്രീലങ്കയ്ക്കോ ഇത് മറികടക്കാനാവില്ല എന്നതിനാൽ തന്നെ ഫൈനലിൽ കളിക്കുന്ന ഒരു ടീം ഓസ്ട്രേലിയ ആയിരിക്കും എന്ന് ഉറപ്പാണ്. എന്നാൽ ഫൈനലിൽ ഓസ്ട്രേലിയയുടെ എതിരാളികളാവാൻ ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും സാധ്യതകളുണ്ട്.
ഇൻഡോർ മത്സരത്തിലെ പരാജയം ഇന്ത്യയെ ഒരുപടി പിന്നിലേക്കടിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. നിലവിൽ ഈ പരാജയത്തിനുശേഷം 60.29 പോയിന്റ് ആണ് ഇന്ത്യക്ക് ഉള്ളത്. അടുത്ത മത്സരത്തിൽ പരാജയം സംഭവിക്കുകയോ, സമനില വഴങ്ങേണ്ടിയോ വന്നാൽ ഒരുപക്ഷേ ഇന്ത്യയുടെ നില പരിതാപകരമാകാം. ഇങ്ങനെ സംഭവിച്ചാൽ ശ്രീലങ്കയ്ക്ക് മുൻപിൽ വലിയൊരു വാതിൽ തന്നെ അത് തുറന്നു കൊടുക്കപ്പെടും.
അതിനാൽ ഇന്ത്യയ്ക്ക് ഇനി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ വിജയം അനിവാര്യമാണ്. അവസാന മത്സരത്തിൽ വിജയം നേടിയാൽ മറ്റു ഫലങ്ങളെ ഒന്നുംതന്നെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ഫൈനലിലെത്താൻ സാധിക്കും. അല്ലാത്തപക്ഷം ശ്രീലങ്ക-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയെ ഇന്ത്യ അമിതമായി ആശ്രയിക്കേണ്ടിവരും. ന്യൂസിലാൻഡിനെതിരെ ശ്രീലങ്ക 2-0ന് വിജയം കണ്ടില്ലെങ്കിൽ മാത്രമേ പിന്നീട് ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ പോരാടാൻ സാധിക്കൂ.
ഈ മാസം ഒമ്പതിനാണ് ശ്രീലങ്കയുടെ ന്യൂസിലാൻഡിനെതിരായ പര്യടനം ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഒരു സമനിലയോ പരാജയമോ പോലും ശ്രീലങ്കയെ ബാധിക്കും എന്നത് ഉറപ്പാണ്. അതിനാൽ തന്നെ ഇന്ത്യയും ശ്രീലങ്കയും അടുത്ത മത്സരങ്ങളിൽ കച്ചകെട്ടി തന്നെയാവും മൈതാനത്ത് ഇറങ്ങുക.