കാലാകാലങ്ങളിൽ ഒരുപാട് മാറ്റങ്ങളാണ് ക്രിക്കറ്റിന് വന്നിരിക്കുന്നത്. ക്രിക്കറ്റ് നിയമങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ സംഭവിച്ചിട്ടുണ്ട്. സ്ട്രാറ്റജിക് ടൈം ഔട്ടുകളും ഡിസിഷൻ റിവ്യൂ സിസ്റ്റവും അടക്കമുള്ള മാറ്റങ്ങൾ ക്രിക്കറ്റിന് ഒരുപാട് പുതിയ തലങ്ങൾ സമ്മാനിച്ചു. പലതും ക്രിക്കറ്റിന്റെ വിവിധ മേഖലകളും ലൂപ്പ് ഹോളുകളും ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം പുതിയ ഒരു നിയമം കൂടി ക്രിക്കറ്റിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഐസിസി ഇപ്പോൾ.
“സ്റ്റോപ്പ് ക്ലോക്ക്” എന്ന പേരിട്ടിരിക്കുന്ന പുതിയ നിയമമാണ് ഇപ്പോൾ ക്രിക്കറ്റിലേക്ക് എത്തുന്നത്. മത്സരങ്ങൾ കൃത്യമായ സമയത്ത് അവസാനിക്കുന്നതിനും, കാര്യങ്ങൾ പക്വതയോടെ തയ്യാറാക്കുന്നതിനുമായാണ് ഐസിസി ഇപ്പോൾ ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നത്.
അഹമ്മദാബാദിൽ കൂടിയ ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ് മീറ്റിങ്ങിലൂടെയാണ് സ്റ്റോപ്പ് ക്ലോക്ക് നിയമം ക്രിക്കറ്റിൽ കൊണ്ടുവരാൻ തീരുമാനമായത്. എന്താണ് സ്റ്റോപ്പ് ക്ലോക്ക് നിയമം എന്ന് നോക്കാം. പ്രധാനമായും ക്രിക്കറ്റ് മത്സരം അതിന്റേതായ സമയത്ത് അവസാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്റ്റോപ്പ് ക്ലോക്ക് നിയമം കൊണ്ടുവന്നിരിക്കുന്നത്. നിലവിൽ ഏകദിന, ട്വന്റി20 ക്രിക്കറ്റ് ഫോർമാറ്റുകളിൽ ഓവറുകൾക്കിടയിൽ ഒരുപാട് സമയം കളിക്കാർ ചിലവഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ സമയം നിയന്ത്രിക്കുക എന്നതാണ് സ്റ്റോപ്പ് ക്ലോക്കിലൂടെ അർത്ഥമാക്കുന്നത്. മത്സരത്തിൽ ഒരു ഓവർ എറിഞ്ഞശേഷം 60 സെക്കൻഡിനുള്ളിൽ തന്നെ അടുത്ത ഓവർ ആരംഭിക്കണം എന്നതാണ് ഈ നിയമത്തിൽ പറയുന്നത്. അല്ലാത്തപക്ഷം ബോളിംഗ് ടീമിനെ വലിയ വില തന്നെ നൽകേണ്ടിവരും.
ഓരോവർ അവസാനിച്ച ശേഷം അടുത്ത ഓവർ 60 സെക്കൻഡിനുള്ളിൽ തുടങ്ങിയില്ലെങ്കിൽ ബോളിംഗ് ടീമിന് പ്രധാന ശിക്ഷകൾ ലഭിക്കുന്നു. മത്സരത്തിൽ 3 തവണ ബോളിംഗ് ടീം ഇത്തരത്തിൽ 60 സെക്കൻഡിലധികം ഓവറുകൾക്കിടയിൽ ചിലവഴിച്ചാൽ അവർക്ക് ഫൈൻ ചുമത്തപ്പെടും.
5 പെനാൽറ്റി റൺസാണ് പിഴയായി ചുമത്തുന്നത്. അതായത് ഇത്തരം സാഹചര്യത്തിൽ, ബാറ്റ് ചെയ്യുന്ന ടീമിന് 5 റൺസ് അധികമായി ലഭിക്കും. എന്നാൽ ഈ നിയമം ക്രിക്കറ്റിനെ എങ്ങനെ ബാധിക്കും എന്നത് വലിയ ഒരു ചോദ്യചിഹ്നമാണ്. കാരണം ബോളിംഗ് ടീമിന് ഈ നിയമം കൂടുതൽ സമ്മർദ്ദം നൽകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഒരു പരീക്ഷണ അടിസ്ഥാനത്തിൽ ഇത് തുടങ്ങാനാണ് ഐസിസി തയ്യാറായിട്ടുള്ളത്.
“ഒരു മത്സരത്തിൽ ബോളിംഗ് ടീം ഒരോവർ അവസാനിച്ചശേഷം 60 സെക്കൻഡിനുള്ളിൽ അടുത്ത ഓഫർ ആരംഭിച്ചില്ലെങ്കിൽ ഈ നിയമം പ്രാവർത്തികമാക്കും. ഇത്തരത്തിൽ മൂന്ന് തവണ ഒരു ഇന്നിംഗ്സിൽ ഈ സമയക്രമം പാലിച്ചില്ലെങ്കിൽ 5 റൺസ് ബാറ്റിംഗ് ടീമിന് സൗജന്യമായി നൽകും”- ഐസിസി മീഡിയ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. നിലവിൽ പുരുഷ ക്രിക്കറ്റിൽ 2023 ഡിസംബർ മുതലാണ് ഈ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ട്വന്റി20 ക്രിക്കറ്റിലാണ് ആദ്യമായി ഈ നിയമം കൊണ്ടുവരുന്നത്. 2023 ഡിസംബർ മുതൽ 2024 ഏപ്രിൽ വരെയാവും പരീക്ഷണ അടിസ്ഥാനത്തിൽ ഈ നിയമം പുരുഷ ക്രിക്കറ്റിൽ പ്രയോഗിക്കുക. എന്തായാലും ഈ നിയമം വലിയ മാറ്റങ്ങൾ തന്നെ ക്രിക്കറ്റിൽ വരുത്തും എന്ന കാര്യത്തിൽ സംശയമില്ല.