ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ പാക്കിസ്ഥാന്‍ – ഓസ്ട്രേലിയന്‍ താരങ്ങളുടെ മുന്നേറ്റം. ബംഗ്ലാദേശിനെതിരെയുള്ള തകര്‍പ്പന്‍ ബോളിംഗ് പ്രകടനത്തിനു പിന്നാലെ യുവതാരം ഷഹീന്‍ അഫ്രീദി ബോളിംഗ് റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ മുന്നേറി മൂന്നാമത് എത്തി. ജോഷ് ഹേസല്‍വുഡ്, ടിം സൗത്തി എന്നിവരെയാണ് പാക്കിസ്ഥാന്‍ പേസര്‍ മറികടന്നത്. സഹതാരം ഹസ്സന്‍ അലി ആദ്യ പത്തില്‍ എത്തി. ആഷസ്സിലെ ആദ്യ ടെസ്റ്റില്‍ 7 വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സ് ബോളിംഗില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി.
ബാറ്റിംഗില്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍ മാര്‍നസ് ലാംമ്പുഷെയ്ന്‍ നാലാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്ത് എത്തി. സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരെയാണ് മറികടന്നത്. ആഷസ്സിലെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് 16 സ്ഥാനങ്ങള്‍ മുന്നേറി ആദ്യ പത്തിലെത്തി.ഡേവിഡ് വാര്‍ണര്‍ മൂന്നു സ്ഥാനങ്ങള്‍ മുന്നേറി ആറാമതാണ്. ജോ റൂട്ടാണ് ആദ്യ റാങ്കിലുള്ള താരം.
ഇന്ത്യന്‍ റാങ്കിങ്ങ്
ബാറ്റിംഗ് റാങ്കിങ്ങില്‍ അഞ്ചാമതുള്ള രോഹിത് ശര്‍മ്മയും,ഏഴാമതുള്ള വീരാട് കോഹ്ലിയുമാണ് ബാറ്റിംഗ് റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള താരം. ഐസിസി റാങ്കിങ്ങില്‍ വീരാട് കോഹ്ലിക്ക് മുന്നേറണമെങ്കില്‍ വരുന്ന സൗത്താഫ്രിക്കന്‍ പരമ്പര നിര്‍ണായകമാണ്. അതേ സമയം രോഹിത് ശര്‍മ്മക്ക് പരിക്കേറ്റത് ബാറ്റിംഗ് റാങ്കിങ്ങില്‍ തിരിച്ചടിയാകും.
ബോളിംഗ് റാങ്കില്‍ രണ്ടാം സ്ഥാനത്തുള്ള രവിചന്ദ്ര അശ്വിനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. ജസ്പ്രീത് ബൂംറ (11), മുഹമ്മദ് ഷാമി (18) എന്നിവരാണ് മുന്നിലുള്ള മറ്റ് താരങ്ങള്‍. ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ അശ്വിന്‍ (2) ജഡേജ (3) എന്നിവര്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചു.