വനിതാ ട്വന്റി20 ലോകകപ്പിൽ ആദ്യമായി പരാജയം നുണഞ്ഞ് ഇന്ത്യൻ പെൺപട. ടൂർണമെന്റിലെ ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ വനിതാ ലോകകപ്പിലെ ആദ്യ പരാജയമാണിത്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 11 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബോളിംഗ് തിരഞ്ഞെടുത്തുകയായിരുന്നു. എന്തുകൊണ്ടും ആ തീരുമാനം ഉചിതമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു രേണുക സിംഗ് ഇന്ത്യക്കായി ബോൾ ചെയ്തത്. ഇംഗ്ലണ്ടിന്റെ ആദ്യ മൂന്ന് ബാറ്റർമാരെ ഞൊടിയിടയിൽ തന്നെ കൂടാരം കയറ്റാൻ രേണുകയ്ക്ക് സാധിച്ചു. എന്നാൽ നാലാം വിക്കറ്റിൽ ഇന്ത്യക്കെതിരെ ഒരു തകർപ്പൻ കൂട്ടുകെട്ട് ഇംഗ്ലണ്ട് കെട്ടിപ്പടുക്കുകയുണ്ടായി. 50 റൺസ് നേടിയ നാറ്റ് സിവറും 40 റൺസ് നേടിയ എമി ജോൺസുമായിരുന്നു ഇംഗ്ലണ്ടിന്റെ നട്ടെല്ലായത്. ഇന്ത്യയ്ക്കായി രേണുക സിങ്ങ് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. രേണുകയുടെ മികവിൽ ഇംഗ്ലണ്ടിനെ 152 എന്ന സ്കോറിൽ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.
മറുപടി ബാറ്റിംഗിൽ സ്മൃതി മന്ദന നന്നായി തുടങ്ങിയെങ്കിലും മറുവശത്ത് ബാറ്റർമാർ ബുദ്ധിമുട്ടിയത് ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചു. ഷഫാലി വർമ്മയും, ഹർമൻപ്രീറ്റ് കോറുമടക്കമുള്ളവർ ഞൊടിയിടയിൽ കൂടാരം കയറിയപ്പോൾ ഇന്ത്യ പതറുന്നത് തന്നെയാണ് കണ്ടത്. മത്സരത്തിൽ 52 റൺസാണ് സ്മൃതി മന്ദന നേടിയത്. സ്മൃതിക്കൊപ്പം അവസാന ഓവറുകളിൽ റിച്ചാ ഘോഷ് (47) കൂടി അടിച്ചുതകർത്തതോടെ ഇന്ത്യ പ്രതീക്ഷ നിലനിർത്തി. എന്നിരുന്നാലും ഇംഗ്ലണ്ടിന്റെ ലക്ഷ്യം മറികടക്കുന്നതിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ 11 റൺസിനാണ് ഇന്ത്യ പരാജയം അറിഞ്ഞത്.
ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പരാജയമാണിത്. ആദ്യ രണ്ടു മത്സരങ്ങളിൽ പാക്കിസ്ഥാനെതിരെയും വിൻഡിസിനെതിരെയും മികവാർന്ന വിജയം ഇന്ത്യ നേടിയിരുന്നു