വനിത ടി20 ലോകകപ്പില്‍ അയര്‍ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലില്‍ കടന്നു. 156 റണ്‍സ് ലക്ഷ്യവുമായി എത്തിയ അയര്‍ലണ്ട് 8.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എടുത്ത് നില്‍ക്കുമ്പോള്‍ മഴ പെയ്യുകയായിരുന്നു.
മഴ തുടര്‍ന്നതോടെ DLS നിയമപ്രകാരം 5 റണ്‍സിന് ഇന്ത്യ വിജയിക്കുകയായിരുന്നു. ആദ്യ ഓവറില്‍ 2 വിക്കറ്റ് വീണെങ്കിലും ഗാബിയും (25 പന്തില്‍ 32) ലോറയും (17) ചേര്‍ന്ന് മുന്നോട്ട് നീങ്ങുകയായിരുന്നു. പിന്നീടാണ് മഴ എത്തിയത്.
നേരത്തെ ആദ്യം ബാറ്റിംഗിനെത്തിയ ഇന്ത്യ സ്മൃതി മന്ദാനയുടെ (56 പന്തില്‍ 87) ബാറ്റിംഗ് കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ലൗറ ഡെലാനി അയര്‍ലന്‍ഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓപ്പണിംഗില്‍ ഷെഫാലി വര്‍മ- സ്മൃതി സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 29 പന്തില്‍ 24 റണ്‍സെടുത്ത ഷെഫാലി പുറത്തായപ്പോള്‍ പിന്നീട് ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (13) അധികം ആയുസുണ്ടായിരുന്നില്ല. ഡെലാനിയുടെ രണ്ടാം വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ റിച്ചാ ഘോഷിനേയും (0) ഡെലാനി മടക്കി. ഇതോടെ ഇന്ത്യ 16 ഓവറില്‍ മൂന്നിന് 115 എന്ന നിലയിലായി.
56 പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും അടക്കം 87 റണ്‍സായിരുന്നു സ്മൃതിയുടെ ഇന്നിംഗ്‌സ്. 12 പന്തില്‍ 19 റണ്‍സ് നേടി ജമീമ അവസാന നിമിഷം റണ്‍സ് ഉയര്‍ത്തി.