ലോക ചാംപ്യന്‍മാരായി ഓസ്ട്രേലിയ. കന്നി കപ്പില്‍ മുത്തമിട്ടു

ഐസിസി ടി20 ലോകകപ്പ് ഓസ്ട്രേലിയക്ക് സ്വന്തം. ന്യൂസിലന്‍റ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നു. ഇതാദ്യമായാണ് ഓസ്ട്രേലിയ ഐസിസി ടി20 കിരീടം നേടുന്നത്.

തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ആരോന്‍ ഫിഞ്ചിനെ നഷ്ടമായ ഓസ്‌ട്രേലിയയെ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷുമാണ് മത്സരത്തില്‍ തിരിച്ചെത്തിച്ചത്. രണ്ടാം വിക്കറ്റില്‍ 92 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. ഡേവിഡ് വാര്‍ണര്‍ 38 പന്തില്‍ 4 ഫോറും 3 സിക്സുമടക്കം 53 റണ്‍സ് നേടി പുറത്തായപ്പോള്‍ 31 പന്തില്‍ ഫിഫ്റ്റി നേടിയ മിച്ചല്‍ മാര്‍ഷ് 50 പന്തില്‍ 6 ഫോറും 4 സിക്സുമടക്കം 77 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഐസിസി ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണിത്. മാക്‌സ്‌വെല്‍ 18 പന്തില്‍ 4 ഫോറും ഒരു സിക്സുമടക്കം 28 റണ്‍സ് നേടി പുറത്താകാതെ നിന്നു.


ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്. ട്വന്റി20 ലോകകപ്പ് ഫൈനലുകളിലെ ഉയർന്ന വ്യക്തിഗത സ്കോര്‍ നേടി വെസ്റ്റിൻഡീസ് താരം മർലോൺ സാമുവൽസിന്റെ റെക്കോർഡിന് ഒപ്പമെത്തിയ വില്യംസണിന്‍റെ പ്രകടനമാണ് ന്യൂസിലന്‍റിനെ മികച്ച സ്കോറില്‍ എത്തിച്ചത്‌. 48 പന്തിൽ 10 ഫോറും മൂന്നു സിക്സും ഉൾപ്പെടെ 85 റണ്‍സാണ് വില്യംസണ്‍ നേടിയത്‌. കളത്തിലിറങ്ങി ആദ്യ 19 പന്തിൽ 18 റൺസ് മാത്രം നേടിയ വില്യംസൻ, അടുത്ത 29 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 67 റൺസ്.

ഓപ്പണർ മാർട്ടിൻ ഗുപ്ടിൽ (35 പന്തിൽ 28), ഡാരിൽ മിച്ചൽ (എട്ടു പന്തിൽ 11), ഗ്ലെൻ ഫിലിപ്സ് (17 പന്തിൽ 18) എന്നിവരാണ് കിവീസ് നിരയിൽ പുറത്തായ മറ്റുള്ളവർ. ജിമ്മി നീഷം ഏഴു പന്തിൽ 13 റൺസോടെയും ടിം സീഫർട്ട് ആറു പന്തിൽ എട്ടു റൺസോടെയും പുറത്താകാതെ നിന്നു.

ഓസീസിനായി ജോഷ് ഹെയ്സൽവുഡ് നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദം സാംപ ഒരു വിക്കറ്റ് സ്വന്തമാക്കി.