ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുൻപ് തന്നെ പിച്ചിനെ സംബന്ധിച്ചുള്ള വിവാദങ്ങൾ ഉയർന്നിരുന്നു. ആദ്യ ടെസ്റ്റ് നടന്ന നാഗ്പൂർ പിച്ചിന്റെ ഗുണമേന്മയെ പല ക്രിക്കറ്റർമാരും ചോദ്യം ചെയ്തിരുന്നു. എന്നാൽ മത്സരത്തിനു ശേഷവും വിവാദങ്ങൾക്ക് സാക്ഷിയായിരിക്കുകയാണ് നാഗപൂർ പിച്ച്. ആദ്യ ടെസ്റ്റിന് ശേഷം പരിശീലനം നടത്താനായി ഓസ്ട്രേലിയ നാഗ്പൂർ പിച്ച് ചോദിച്ചിരുന്നുവെന്നും, എന്നാൽ ഉടൻതന്നെ ഗ്രൗണ്ട്സ്മാൻ മൈതാനത്ത് വെള്ളമൊഴിച്ച് പരിശീലനം മുടക്കിയെന്നും ഓസീസ് വാദിക്കുകയുണ്ടായി. ഇക്കാര്യത്തിൽ ഐസിസി ഇടപെടണമെന്ന ആവശ്യമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് മുൻ ഓസീസ് താരം ഇയാൻ ഹീലിയാണ്.
ആദ്യ ടെസ്റ്റിൽ ഓസീസ് ടോപ് ഓർഡർ പൂർണ്ണമായും തകർന്ന സാഹചര്യത്തിലായിരുന്നു നാഗപ്പൂരിൽ കൂടുതൽ പരിശീലനത്തിനായി ടീം തയ്യാറായത്. എന്നാൽ വിദർഭ ക്രിക്കറ്റ് അസോസിയേഷന്റെ ഈ പ്രവർത്തി അതിനു തടസ്സമായി. സാധാരണയായി മത്സരം അവസാനിച്ച ഉടൻ തന്നെ മൈതാനം നനക്കാറില്ല എന്ന് ഓസീസ് ടീം വ്യക്തമാക്കിയിരുന്നു. ഇതിൽ ഐസിസി ഇടപെടേണ്ടതിനെ പറ്റി ഹീലി പറഞ്ഞത് ഇങ്ങനെയാണ്.
“ഇത് വളരെ ദയനീയമായ കാര്യമാണ്. നാഗ്പൂർ പിച്ചിൽ പരിശീലനം നടത്താൻ ഓസീസ് പദ്ധതിയിട്ടിരുന്നു. എന്നാൽ അത് ഇല്ലായ്മ ചെയ്തത് വളരെ ലജ്ജാകരം തന്നെയാണ്. യാതൊരു കാരണവശാലും ഇത് ക്രിക്കറ്റിന് യോജിച്ചതല്ല. ഇക്കാര്യത്തിൽ ഐസിസി ഇടപെടൽ നടത്തണം. ടീം പരിശീലനത്തിനായി മൈതാനം ചോദിച്ചപ്പോൾ ഇത്തരത്തിൽ വെള്ളം നനച്ചത് ശരിയായില്ല.”- ഹീലി പറയുന്നു.
ഈ മാസം 17നാണ് ഇന്ത്യയുടെ ഓസീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്. ഡൽഹിയിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് മുൻപ് ധർമ്മശാലയിൽ നിന്ന് ഇൻഡോറിലേക്ക് മാറ്റിയിരുന്നു.