T20 ക്രിക്കറ്റർ ഓഫ് ദ് ഇയർ നോമിനി ലിസ്റ്റിലെ അവസാന 4 താരങ്ങൾ ഇവർ. ഒരു ഇന്ത്യക്കാരനും ലിസ്റ്റിൽ.

2024 ട്വന്റി20 ക്രിക്കറ്റർ ഓഫ് ദ് ഇയർ അവാർഡിനായുള്ള അവസാന 4 നോമിനുകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ട് ഐസിസി. ഇന്ത്യ, സിംബാബ്വേ, പാക്കിസ്ഥാൻ, ഓസ്ട്രേലിയ എന്നീ ടീമുകളിൽ നിന്നുള്ള 4 താരങ്ങളാണ് ഇത്തവണത്തെ ഐസിസി മെൻസ് ട്വന്റി20 ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡിനായി അവസാന ഘട്ടത്തിൽ നിൽക്കുന്നത്.

ഇതിൽ ഒരാൾ ഇന്ത്യയുടെ പേസറായ അർഷദീപ് സിങ്ങാണ്. ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ അടക്കം മികച്ച പ്രകടനങ്ങളാണ് അർഷദീപ് കാഴ്ചവച്ചിട്ടുള്ളത്. 2024ൽ 18 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 36 വിക്കറ്റുകൾ ആയിരുന്നു അർഷദീപ് സ്വന്തമാക്കിയത്.

രണ്ടാമത്തെ നോമിനി സിംബാബ്വെയുടെ ഓൾറൗണ്ടർ സിക്കന്ദർ റാസയാണ്. 2024ൽ വമ്പൻ നേട്ടം കൊയ്ത മറ്റൊരു ക്രിക്കറ്ററാണ് റാസ. 24 ട്വന്റി20 മത്സരങ്ങളാണ് റാസ 2024ൽ കളിച്ചത്. ഇതിൽ നിന്ന് 573 റൺസും 24 വിക്കറ്റുകളും സ്വന്തമാക്കാൻ വെടിക്കെട്ട് താരത്തിന് സാധിച്ചു.

28.6 എന്ന ബാറ്റിംഗ് ശരാശരിയും 22.25 എന്ന ബോളിംഗ് ശരാശരിയുമണ് സിക്കന്ദർ റാസയുടെ കരുത്ത്. ഈ വർഷം സിക്കന്ദർ റാസയുടെ ക്യാപ്റ്റൻസി മികവിൽ ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളെ പരാജയപ്പെടുത്താൻ സിംബാബ്വെയ്ക്ക് സാധിച്ചിരുന്നു.

ലിസ്റ്റിലുള്ള മൂന്നാമത്തെ താരം പാകിസ്താന്റെ വെടിക്കെട്ട് ബാറ്ററായ ബാബർ ആസമാണ്. 2024ൽ വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ലെങ്കിലും തരക്കേടില്ലാത്ത പ്രകടനമാണ് ആസം കാഴ്ചവച്ചത്. 24 ട്വന്റി20 മത്സരങ്ങൾ ഈ വർഷം കളിച്ച ബാബർ ആസം 738 റൺസാണ് സ്വന്തമാക്കിയത്. 33.54 എന്ന ശരാശരിയാണ് ആസമിന് ട്വന്റി20 ക്രിക്കറ്റിലുള്ളത്. 6 അര്‍ധ സെഞ്ച്വറിളാണ് ഈ വർഷം ബാബർ നേടിയത്. 133.21 എന്ന സ്ട്രൈക്ക് റേറ്റിലാണ് ബാബർ ആസമിന്റെ ഈ നേട്ടങ്ങൾ.

ഓസ്ട്രേലിയയുടെ അപകടകാരിയായ താരം ട്രാവീസ് ഹെഡാണ് നോമിനികളിൽ നാലാമത്തെയാൾ. 2016ൽ ഓസ്ട്രേലിയയ്ക്കായി ട്വന്റി20 അരങ്ങേറ്റം കുറിച്ച ഹെഡ് 2024ലാണ് തന്റെ ഉഗ്രശക്തിയിലേക്ക് ഉയർന്നത്. ഈ വർഷം 15 ട്വന്റി20 മത്സരങ്ങളാണ് ഹെഡ് കളിച്ചത്.

ഇതിൽ നിന്ന് 539 റൺസ് സ്വന്തമാക്കാൻ ഈ വെടിക്കെട്ട് താരത്തിന് സാധിച്ചു. 38.5 എന്ന ശരാശരിയിലാണ് ഹെഡ് റൺസ് വാരിക്കൂട്ടിയത്. മാത്രമല്ല 178.47 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റും ഹെഡിന് സ്വന്തമായുണ്ട്. ഈ 4 താരങ്ങളാണ് ഐസിസി പുരുഷ ട്വന്റി20 ക്രിക്കറ്റർ ഓഫ് ദ ഇയർ നോമിനിയായുള്ളത്.

Previous articleചോരുന്ന കൈകളുമായി ജയ്സ്വാൾ. വിട്ടുകളഞ്ഞത് 3 നിർണായക ക്യാച്ചുകൾ.