2024 ട്വന്റി20 ലോകകപ്പിന്റെ പരിശീലന മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ. ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണമായി ഇന്ത്യ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ 61 റൺസിന്റെ കൂറ്റൻ വിജയമാണ് ടീമിനെ തേടിയെത്തിയത്. മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് വിക്കറ്റ് കീപ്പർ റിഷഭ് പന്തായിരുന്നു. ബോളിംഗിൽ അർഷാദീപ് സിംഗ്, ദുബെ എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയാണ് ഉണ്ടായത്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വിജയമാണ് ലോകകപ്പിന് തൊട്ടുമുൻപ് ലഭിച്ചിരിക്കുന്നത്. ജൂൺ 5ന് അയർലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം നടക്കുന്നത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി രോഹിത് ശർമയ്ക്കൊപ്പം സഞ്ജു സാംസനാണ് ഓപ്പണിങ് ഇറങ്ങിയത്. എന്നാൽ കേവലം ഒരു റൺസ് നേടി സഞ്ജു പുറത്താവുകയുണ്ടായി. ശേഷം രോഹിത് ശർമയും ഋഷഭ് പന്തും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ഇന്ത്യക്കായി കെട്ടിപ്പടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 48 റൺസാണ് കൂട്ടിച്ചേർത്തത്. രോഹിത് 19 പന്തുകളിൽ 23 റൺസ് നേടിയാണ് പുറത്തായത്. എന്നാൽ മറുവശത്ത് പന്ത് വെടിക്കെട്ട് തീർക്കുന്നതാണ് കാണാൻ സാധിച്ചത്. 32 പന്തുകൾ നേരിട്ട പന്ത് 53 റൺസാണ് മത്സരത്തിൽ നേടിയത്. 4 ബൗണ്ടറികളും 4 സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.
സൂര്യകുമാർ യാദവ് 18 പന്തുകളിൽ 31 റൺസ് നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ ഹർദിക് പാണ്ഡ്യ മികച്ച ഫിനിഷിംഗാണ് ഇന്ത്യയ്ക്ക് നൽകിയത്. 23 പന്തുകളിൽ 2 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 40 റൺസാണ് പാണ്ഡ്യ സ്വന്തമാക്കിയത്. ഇങ്ങനെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 182 റൺസ് എന്ന സ്കോറിൽ എത്തുകയായിരുന്നു. എന്നിരുന്നാലും മത്സരത്തിൽ സഞ്ജുവും ദുബെയും മികവ് പുലർത്താതെ പോയത് ഇന്ത്യയെ നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിനെ തുടക്കത്തിൽ തന്നെ എറിഞ്ഞിടാൻ ഇന്ത്യയ്ക്ക് സാധിച്ചു. മികച്ച തുടക്കമാണ് അർഷദീപ് ഇന്ത്യയ്ക്ക് നൽകിയത്.
സൗമ്യ സർക്കാർ(0) ലിറ്റൻ ദാസ്(6) നായകൻ ഷാന്റോ(0) എന്നിവരെ തുടക്കത്തിൽ തന്നെ ഇന്ത്യ പുറത്താക്കി. ഇതോടുകൂടി ബംഗ്ലാദേശ് വലിയ സമ്മർദ്ദത്തിലേക്ക് നീങ്ങുകയായിരുന്നു. 14 പന്തുകളിൽ 13 റൺസ് നേടിയ ഹൃദോയും പുറത്തായതോടെ ബംഗ്ലാദേശ് വിജയത്തിൽ നിന്ന് ഒരുപാട് അകന്നു. ശേഷം തങ്ങളുടെ ബാറ്റിംഗ് പരിശീലനം ഗംഭീരമാക്കാനാണ് ബംഗ്ലാദേശ് ശ്രമിച്ചത്. ആറാം വിക്കറ്റിൽ ഷക്കീബ് അൽ ഹസനും മഹമ്മദുള്ളയും ചേർന്ന് ഒരു ഭേദപ്പെട്ട കൂട്ടുകെട്ട് ബംഗ്ലാദേശിന് സമ്മാനിക്കുകയായിരുന്നു. എന്നിരുന്നാലും മത്സരത്തിൽ 61 റൺസിന്റെ പരാജയം ബംഗ്ലാദേശിന് നേരിടേണ്ടിവന്നു.
Spidey weaving his web! 🕸️#RishabhPant takes the attack to Bangladesh with a flurry of huge sixes! 🔥
— Star Sports (@StarSportsIndia) June 1, 2024
📺 | #BANvIND | LIVE NOW | #T20WorldCupOnStar (Only available in India) pic.twitter.com/79iEgU118K