തുടർച്ചയായ മൂന്നാം വിജയവുമായി ന്യൂസിലന്‍റ്. ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് 8 വിക്കറ്റിന്.

ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കി ന്യൂസിലാൻഡ് ടീം. ആവേശകരമായ മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. മത്സരത്തിൽ ന്യൂസിലാൻഡിനായി ലോക്കി ഫെർഗ്യുസൺ ബോളിങ്ങിൽ തിളങ്ങുകയുണ്ടായി. ബാറ്റിംഗിൽ നായകൻ വില്യംസൺ, ഡാരിൽ മിച്ചൽ, ഡെവൻ കോൺവെ എന്നിവർ മികവ് പുലർത്തിയപ്പോൾ അനായാസം ന്യൂസിലാൻഡ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയായിരുന്നു. ന്യൂസിലാൻഡിന്റെ 2023 ലോകകപ്പിലെ തുടർച്ചയായ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ട്രെൻഡ് ബോൾട്ട് ന്യൂസിലാൻഡിന് നൽകിയത്. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ലിറ്റൻ ദാസിനെ പുറത്താക്കാൻ ബോൾട്ടിന് സാധിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് കൊയ്തു കൊണ്ട് ന്യൂസിലാൻഡ് ബോളർമാർ മികവു കാട്ടുകയായിരുന്നു.

ഇന്നിംഗ്സിന്റെ ആദ്യഭാഗത്ത് തന്നെ ബംഗ്ലാദേശ് തകർന്നടിയുകയുണ്ടായി. പിന്നീട് നായകൻ ഷാക്കിബും മുഷ്ഫിക്കർ റഹീമും ചേർന്നായിരുന്നു ബംഗ്ലാദേശിനെ കൈപിടിച്ചു കയറ്റിയത്. മുഷ്ഫിക്കർ മത്സരത്തിൽ 75 പന്തുകളിൽ 66 റൺസ് സ്വന്തമാക്കി. ഷാക്കിബ് 51 പന്തുകളിൽ 40 റൺസാണ് നേടിയത്.

ഒപ്പം അവസാന ഓവറുകളിൽ മഹ്മൂദുള്ളയും(41*) മികവ് പുലർത്തിയോടെ ബംഗ്ലാദേശ് 245 എന്ന സ്കോറിൽ എത്തുകയായിരുന്നു. ന്യൂസിലാൻഡിനായി ഫെർഗ്യൂസൺ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിന് തുടക്കത്തിൽ തന്നെ രവീന്ദ്രയെ(9) നഷ്ടമായി. എന്നാൽ കോൺവെ ഒരു വശത്തെ ക്രീസിലുറച്ചു.

ഒപ്പം പരിക്കിൽ നിന്ന് തിരികെയെത്തിയ നായകൻ വില്യംസനും ഫോം കണ്ടെത്തിയതോടെ ന്യൂസിലാൻഡ് സ്കോർ കുതിച്ചു. രണ്ടാം വിക്കറ്റിൽ 80 റൺസിന്റെ കൂട്ടുകെട്ടാണ് കോൺവെയും വില്യംസണും ചേർന്ന് കെട്ടിപ്പടുത്തത്. വില്യംസൺ മത്സരത്തിൽ റിട്ടയേർഡ് ഹർട്ടായാണ് പുറത്തായത്. 107 പന്തുകളിൽ 78 റൺസ് നേടാൻ ന്യൂസിലാൻഡ് നായകന് സാധിച്ചു.

വില്യംസൺ പുറത്തായ ശേഷവും ഡാരിൽ മിച്ചൽ അടിച്ചു തകർക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ എല്ലാ ബോളർമാരെയും ആക്രമണപരമായിയാണ് മിച്ചൽ നേരിട്ടത്. മത്സരത്തിൽ 67 പന്തുകളിൽ നിന്ന് 89 റൺസാന് മിച്ചലിന്റെ സമ്പാദ്യം. ഈ ഇന്നിംഗ്സോടെ ന്യൂസിലാൻഡ് അനായാസം മത്സരത്തിൽ വിജയത്തിലെത്തുകയായിരുന്നു. മറുവശത്ത് ബംഗ്ലാദേശിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ പ്രകടനമാണ് മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്. ബാറ്റിംഗിലെ പരാജയമാണ് ബംഗ്ലാദേശിനെ പിന്നിലേക്കടിക്കുന്നത്. ബംഗ്ലാദേശിന്റെ 2023 ഏകദിന ലോകകപ്പിലെ രണ്ടാം പരാജയമാണ് മത്സരത്തിൽ പിറന്നത്.

Previous article“ഇന്ത്യയുടെ 5 വിക്കറ്റുകൾ ഞാൻ പിഴുതെറിയും”. മത്സരത്തിന് മുമ്പ് വെല്ലുവിളിയുമായി അഫ്രീദി.
Next articleഅവനാണ് ലോകക്രിക്കറ്റിലെ അപകടകാരിയായ ബോളർ. ബുംറ – ഷഹീന്‍ താരതമ്യവുമായി ഗംഭീർ.