ഇന്ത്യൻ ടീമിലാണ് കളിച്ചിരുന്നതെങ്കിൽ ഞാൻ 1000 വിക്കറ്റുകളെങ്കിലും നേടിയേനെ. പാകിസ്ഥാൻ മുൻ സ്പിന്നർ പറയുന്നു.

ഒരുകാലത്ത് പാകിസ്ഥാൻ ക്രിക്കറ്റിലെ അജയ്യനായ സ്പിന്നറായിരുന്നു സയ്യിദ് അജ്മൽ. ലോകോത്തര ബാറ്റർമാരെ പോലും വലിച്ചിരുന്ന അജ്മൽ പെട്ടെന്നായിരുന്നു ക്രിക്കറ്റിൽ നിന്ന് വിട പറഞ്ഞത്. 2009 സമയത്തായിരുന്നു അജ്മൽ എന്ന ബോളർ നിറഞ്ഞുനിന്നത്. ഐസിസിയുടെ ഏകദിന ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ആയിരുന്നു അജ്മലിന്റെ അന്നത്തെ സ്ഥാനം. എന്നാൽ 2014ൽ അന്താരാഷ്ട്ര ക്രിക്കറ്റ് ഗവേണിംഗ് ബോഡി അജ്മലിന്റെ ബോളിംഗ് ആക്ഷൻ വിലക്കുകയുണ്ടായി. ശേഷം 2015ൽ അജ്മൽ തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യക്കായിയാണ് താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിരുന്നതെങ്കിൽ 1000 വിക്കറ്റുകളെങ്കിലും നേടാൻ സാധിച്ചേനെ എന്നാണ് അജ്മൽ ഇപ്പോൾ പറയുന്നത്.

ഓരോ വർഷവും 100 വിക്കറ്റുകൾ വീതം നേടിയിട്ടുള്ള ചുരുക്കം ചില ബോളർമാരിൽ ഒരാളാണ് താൻ എന്ന് അജ്മൽ പറയുന്നു. “ഒരുപക്ഷേ ഇപ്പോൾ എനിക്ക് 1000 വിക്കറ്റുകളെങ്കിലും നേടാൻ സാധിച്ചേനെ. സത്യസന്ധമായി പറഞ്ഞാൽ ഇന്ത്യക്കായി കളിക്കുകയാണെങ്കിൽ ഞാൻ 1000 വിക്കറ്റുകൾ നേടിയേനെ. എല്ലാവർഷവും 100 വിക്കറ്റുകൾ നേടുന്ന ഒരു ബോളറായിരുന്നു ഞാൻ. എന്റെ കണക്കുകൾ പരിശോധിച്ചാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാവർഷവും ഞാൻ 100 വിക്കറ്റുകൾ നേടിയിട്ടുണ്ട്.”- അജ്മൽ പറഞ്ഞു.

“2012 മുതൽ 2014 വരെയുള്ള സമയത്ത് ഞാൻ നേടിയത് 326 വിക്കറ്റുകളായിരുന്നു. ആ സമയത്ത് ജെയിംസ് ആൻഡേഴ്സൺ ആയിരുന്നു എനിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. ആൻഡേഴ്സണ് നേടാൻ സാധിച്ചത് 186 വിക്കറ്റുകൾ മാത്രം. ആ വ്യത്യാസം നിങ്ങൾ ഒന്ന് നോക്കണം. 326ഉം 186ഉം. ഈ കണക്കിലും എല്ലാ വർഷവും 100 വിക്കറ്റുകൾ വീതം ഞാൻ സ്വന്തമാക്കുന്നുണ്ട്.”- അജ്മൽ കൂട്ടിച്ചേർത്തു.

2009ൽ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതു മുതൽ ഒരു ബോളിംഗ് ആക്ഷനിൽ തന്നെയായിരുന്നു അജ്മൽ ബോൾ ചെയ്തിരുന്നത്. അടുത്ത വർഷങ്ങളിൽ അജ്മൽ മികച്ച വിക്കറ്റ് വേട്ട നടത്തുകയും, 448 വിക്കറ്റ്കൾ സ്വന്തമാക്കുകയും ചെയ്തു. അതിനുശേഷമാണ് അജ്മലിന്റെ ബോളിംഗ് ആക്ഷൻ സംബന്ധിച്ച് ഐസിസി നടപടിയെടുത്തത്. “അങ്ങനെയെങ്കിൽ എന്നെ 2009 സമയത്ത് തന്നെ ബാൻ ചെയ്യേണ്ടിയിരുന്നു. പക്ഷേ അവർ എന്നെ കളിക്കാൻ അനുവദിച്ചു. ഞാൻ 448 വിക്കറ്റുകൾ സ്വന്തമാക്കിയതിനുശേഷം അവർക്ക് എന്നെ തടയണമായിരുന്നു. അതുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്തത്. എന്നെ ക്രിക്കറ്റിൽ നിന്ന് ബാൻ ചെയ്യുന്ന സമയത്ത് ഞാനായിരുന്നു ഐസിസിയുടെ ഒന്നാം നമ്പർ ബോളർ”- അജ്മൽ കൂട്ടിച്ചേർത്തു.

Previous articleഈ തീരുമാനം ❛വിഡ്ഢിത്തം❜. നോട്ടൗട്ട് വിധിച്ചതില്‍ വിമര്‍ശനവുമായി മുന്‍ ഓസ്ട്രേലിയന്‍ താരം
Next article“ടീമിലെത്താൻ സാധ്യത രാഹുലിന് തന്നെ”.. സഞ്ജുവിന്റെ വിധി വിൻഡിസ് പര്യടനം നിശ്ചയിക്കുമെന്ന് കാർത്തിക്.