ഇന്ത്യയുടെ മുൻ ഇതിഹാസ നായകനായ മഹേന്ദ്ര സിംഗ് ധോണിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ് രംഗത്ത്. ഒരു പ്രമുഖ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ധോണിയ്ക്കെതിരെ വിമർശന അസ്ത്രങ്ങളുമായി യോഗ്രാജ് സിംഗ് രംഗത്ത് എത്തിയത്.
യുവരാജിന്റെ കരിയർ നശിപ്പിച്ചതിൽ വലിയൊരു പങ്ക് ധോണി വഹിച്ചിട്ടുണ്ടെന്നും അത് താൻ ഒരിക്കലും മറക്കില്ലയെന്നും യോഗ്രാജ് ആരോപിക്കുകയുണ്ടായി. ഒരുകാലത്തും തനിക്ക് ധോണിയോട് ക്ഷമിക്കാൻ സാധിക്കില്ലയെന്നും, തന്റെ മകനെതിരെ കാട്ടിയ പ്രവർത്തികൾ മറക്കാൻ സാധിക്കില്ല എന്നും യുവരാജിന്റെ പിതാവ് പറയുന്നു.
“ഒരിക്കലും ഞാൻ മഹേന്ദ്ര സിംഗ് ധോണിയോട് ക്ഷമിക്കില്ല. അവൻ അവന്റെ മുഖം കണ്ണാടിയിലൂടെ നോക്കണം. ധോണി ഒരു വലിയ ക്രിക്കറ്ററാണ് എന്ന കാര്യം ഞാൻ അംഗീകരിക്കുന്നു. പക്ഷേ എന്റെ മകനെതിരെ അവൻ ചെയ്തത് എനിക്ക് മറക്കാൻ കഴിയില്ല. ഇപ്പോൾ അവൻ ചെയ്ത എല്ലാ പ്രവർത്തികളും പുറത്തുവരികയാണ്. ഒരിക്കലും ഞാൻ അവനോട് എന്റെ ജീവിതത്തിൽ ക്ഷമിക്കില്ല. എന്റെ ജീവിതത്തിൽ ഞാൻ ചെയ്യാത്തതായി രണ്ടു കാര്യങ്ങളാണ് ഉള്ളത്. ഒന്ന്, എനിക്കെതിരെ തെറ്റ് ചെയ്തവരോട് എനിക്ക് ഒരിക്കലും ക്ഷമിക്കാൻ സാധിക്കില്ല. രണ്ട്, ഒരിക്കലും അങ്ങനെയുള്ളവരെ ഞാൻ ആലിംഗനം ചെയ്യില്ല. അതെന്റെ കുടുംബത്തിലെ അംഗങ്ങളാണെങ്കിലും എന്റെ സ്വന്തം കുട്ടികളാണെങ്കിലും.”- യോഗ്രാജ് സിംഗ് പറഞ്ഞു.
“എന്റെ മകന്റെ ജീവിതം തന്നെ നശിപ്പിച്ചത് മഹേന്ദ്ര സിംഗ് ധോണിയാണ്. ധോണി ഇല്ലായിരുന്നുവെങ്കിൽ ഒരു 4-5 വർഷങ്ങൾ കൂടി യുവരാജിന് മൈതാനത്ത് തുടരാൻ സാധിച്ചേനെ. യുവരാജിനെ പോലെ ഒരു മകന് ജന്മം നൽകാൻ എല്ലാവരും തന്നെ ആഗ്രഹിക്കുന്നു. ഒരിക്കലും മറ്റൊരു യുവരാജ് സിംഗ് ഉണ്ടാവാൻ പോകുന്നില്ല എന്ന് ഗൗതം ഗംഭീറും വീരേന്ദർ സേവാഗും പോലും മുൻപ് പറഞ്ഞിട്ടുണ്ട്. ക്യാൻസറുമായി പടപൊരുതിയാണ് അവൻ ഇന്ത്യൻ ടീമിന് ലോകകപ്പ് നേടിക്കൊടുത്തത്. അവനൊരു ഭാരത് രത്നയെങ്കിലും നൽകണമായിരുന്നു.”- യോഗ്രാജ് സിംഗ് പറയുന്നു.
2000നും 2017നും ഇടയ്ക്ക് 402 അന്താരാഷ്ട്ര മത്സരങ്ങളാണ് യുവരാജ് സിംഗ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 11178 റൺസ് സ്വന്തമാക്കാൻ യുവരാജ് സിംഗിന് സാധിച്ചിട്ടുണ്ട്. 17 സെഞ്ച്വറികളും 71 അർധ സെഞ്ച്വറികളും യുവരാജിന്റെ കരിയറിൽ ഉൾപ്പെടുന്നു. ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളിൽ ഒരാളാണ് യുവരാജ് സിംഗ്.
മാത്രമല്ല ഇന്ത്യക്കായി 2 ലോകകപ്പ് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ യുവരാജ് വലിയ പങ്ക് തന്നെ വഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ യുവരാജിന്റെ പിതാവിന്റെ വാദങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്